വേങ്ങരയില്‍ നിന്നു യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍ നിയമസഭയിലേയ്ക്ക്. 23310 വോട്ടുകളുടെ ലീഡ് നേടിയാണ് ലീഗ് സ്ഥാനാര്‍ഥി ഇവിടെ വിജയം കരസ്ഥമാക്കിയത്. എന്നാല്‍ ലീഗിന് കഴിഞ്ഞ പ്രാവശ്യം ലഭിച്ചതിനെക്കാള്‍ 14747 വോട്ടുകളുടെ കുറവാണുള്ളത്. യുഡിഎഫ് ആകെ 65227 വോട്ടുകളാണ് നേടിയത്.

എല്‍ഡിഎഫ് 41917 വോട്ടുകളുമായി രണ്ടാമതെത്തി. ബിജെപിയെ പിന്തള്ളി എസ്.ഡി.പി.ഐ. മൂന്നാമതെത്തി. 8648 വോട്ടുകളാണ് എസ്ഡിപിഐയുടെ കെ.സി. നസീര്‍ നേടിയത്. ഇത് കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ ഇരട്ടിയിലേറെ വോട്ടുകളാണ് എസ്ഡിപിഐ സ്വന്തമാക്കിയത്. എന്നാല്‍ ബിജെപിക്ക് ആയിരത്തോളം വോട്ട് കുറഞ്ഞു. 5728 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ഥി കെ. ജനചന്ദ്രന്‍ നേടിയത്. ലീഗ് വിമതന്‍ കാര്യമായ വോട്ട് നേടിയില്ല (435). നോട്ടയ്ക്കും താഴെയാണ് ലീഗ് വിമതൻ നേടിയ വോട്ടുകൾ

വേങ്ങര ഉപതെരഞ്ഞടുപ്പിൽ വിജയിച്ച കെ.എൻ എ ഖാദർ മലയാളം യുകെ ന്യൂസിനോട്  ആഹ്ലാദം പങ്കുവെച്ചു . തന്റെയും തന്റെ പാർട്ടിയുടെയും യു.ഡി.എഫിന്റെയും കഠിനപ്രയത്നത്തിനുള്ള വിജയമാണ് ഇതെന്നാണ് കെ.എൻ.എ. ഖാദർ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു നിയോഗം പോലെ കുഞ്ഞാലിക്കുട്ടിയുടെ പിന്മുറക്കാരനായി കെ.എൻ എ ഖാദർ വീണ്ടും നിയമസഭയിൽ എത്തിയിരിക്കുയാണ്. ഈ അവസരത്തിൽ സമുന്നതനായ നേതാവിനെ അടുത്തറിയാം… ഏറെ അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി കെ.എൻ എ ഖാദറിനെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചത്. കൊണ്ടോട്ടിയിലും വള്ളിക്കുന്നിലും മുൻപ് മത്സരിച്ച് വിജയിച്ചിട്ടുള്ള കെ.എൻ എ.ഖാദർ ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കൂടിയായിരുന്നു. 2016ൽ മത്സര രംഗത്ത് നിന്ന് മാറ്റി നിർത്തിയതിൽ കടുത്ത അനിഷ്ടം പ്രകടിപ്പിച്ചതിനെ തുടർന്ന് അടുത്ത തവണ അവസരം നൽകുമെന്ന് നേതൃത്വം കെ.എൻ എ ഖാദറിന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത് മുതൽ കെ.പി.എ.മജീദിന്റെയും കെ.എൻ എ ഖാദറിന്റെയും പേരുകളാണ് നേതൃത്വത്തിന്റെ പരിഗണനയിലുണ്ടായിരുന്നത്. എന്നാൽ മണ്ഡലത്തിൽ യുവാക്കൾക്ക് അവസരം നൽകണമെന്ന് കടുത്ത ആവശ്യവുമായി യൂത്ത് ലീഗും രംഗത്തെത്തിയിരുന്നു. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡണ്ട് പി.എം.സാദിഖലി, കുഞ്ഞാലിക്കുട്ടിയുടെ സഹോദര പുത്രനായ പി.കെ. അസ്ലു എന്നിവർക്കൊപ്പം അബ്ദുറഹിമാൻ രണ്ടാത്താണി എന്നിവരുടെ പേരുകളായിരുന്നു ഇത്തരത്തിൽ ഉയർന്നുവന്നിരുന്നത്. എന്നാൽ കെ.പി.എ മജീദ് സ്വയം പിൻവാങ്ങിയതോടെ നേതൃത്വം കെ.എൻ എ ഖാദറിനെ പരിഗണിക്കുകയായിരുന്നു.

വേങ്ങരയില്‍ വൈകാരിക വര്‍ഗീയത ജനങ്ങളെ സ്വാധീനിച്ചതാണ് തോല്‍വിക്ക് കാരണമായതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍  മലയാളം യുക ന്യൂസിനോട്  പ്രതികരിച്ചു. എസ്ഡിപിഐയെ സ്പോണ്‍സര്‍ ചെയ്തത് ലീഗാണെന്നും ആരാണ് ശക്തമായി വര്‍ഗീയത പ്രചരിപ്പിക്കുന്നത് എന്നതില്‍ ലീഗും എസ്ഡിപിഐയും  മല്‍സരമായിരുന്നു എന്നും പി.പി. ബഷീര്‍ പറഞ്ഞു. ഹാദിയ കേസ് എടുത്തു കാണിച്ചായിരുന്നു ഇരു പാര്‍ട്ടികളും പ്രചാരണം നടത്തിയതെന്നും പി.പി. ബഷീര്‍ ആരോപിച്ചു.