ആലപ്പുഴ: ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് കൈമാറിയതിന്റെ മുഴുവൻ ഉത്തരവാദിത്വവും അന്നത്തെ ദേവസ്വം ബോർഡിലെ കോൺഗ്രസ് പ്രതിനിധികളായ പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലിനുമാണെന്ന് ദേവസ്വം ബോർഡ് മുൻ അംഗം കെ. രാഘവൻ പറഞ്ഞു. വാജിവാഹനം കൈമാറുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ച പോലും താൻ പങ്കെടുത്ത ബോർഡ് യോഗങ്ങളിൽ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കാനുള്ള തീരുമാനം താൻ ബോർഡിൽ അംഗമാകുന്നതിന് മുൻപാണ് എടുത്തതെന്നും ആ യോഗങ്ങളിൽ താൻ ഉണ്ടായിരുന്നില്ലെന്നും രാഘവൻ പറഞ്ഞു. അന്നത്തെ ഭരണ ചുമതല പ്രയാറിനും അജയ് തറയിലിനുമായിരുന്നു. വാജിവാഹനം കൈമാറലോ കൊടിമര നിർമ്മാണമോ സംബന്ധിച്ച വിഷയങ്ങൾ ബോർഡ് യോഗങ്ങളിൽ എത്തിയിട്ടില്ല. സിപിഎം പ്രതിനിധിയായിരുന്ന തനിക്ക് ഇതുസംബന്ധിച്ച് യാതൊരു അറിവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, വാജിവാഹനം കീഴ്‌വഴക്കമനുസരിച്ചും രാഘവന്റെ അറിവോടെയുമാണ് കൈമാറിയതെന്നായിരുന്നു അജയ് തറയിലിന്റെ മുൻ വിശദീകരണം. കോൺഗ്രസ് പ്രതിനിധികൾക്ക് ബോർഡിൽ ഭൂരിപക്ഷമുണ്ടായിരുന്നതിനാൽ പല തീരുമാനങ്ങളും താനറിയാതെയെടുത്തതാകാമെന്നും രാഘവൻ പ്രതികരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദേവസ്വം ബോർഡിന്റെ വസ്തുവകകൾ പുറത്തേക്ക് കൊണ്ടുപോകരുതെന്ന കർശന ഉത്തരവ് നിലനിൽക്കെയാണ് വാജിവാഹനം തന്ത്രിക്ക് കൈമാറിയതെന്നാണ് ആരോപണം. ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക സംഘം ഈ വിഷയവും പരിശോധിക്കുന്നുണ്ട്. വാജിവാഹനം തന്റെ പക്കലുണ്ടെന്നും തിരികെ നൽകാൻ തയ്യാറാണെന്നും തന്ത്രി നേരത്തെ അറിയിച്ചിരുന്നു. പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ച സാഹചര്യത്തിൽ, അജയ് തറയിലിന്റെ വിശദീകരണം നിർണായകമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഫീനിക്‌സ് ഗ്രൂപ്പ് പൂർണ്ണമായി സ്‌പോൺസർ ചെയ്ത കൊടിമരത്തിന്റെ പേരിൽ പ്രത്യേക പണപ്പിരിവ് നടന്നതായും ആരോപണമുണ്ട്.