കണ്ണൂര്‍: ശബരിമല വിഷയം സര്‍ക്കാര്‍ പക്വതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകുമെന്ന മുന്നറിയിപ്പുമായി കെ സുധാകരന്‍. ആര്‍ത്തവം അശുദ്ധി തന്നെയാണ് എന്നും കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. ഭരണഘടന എഴുതും മുന്‍പുള്ള വിശ്വാസമാണിതെന്നും ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം സര്‍ക്കാര്‍ പക്വതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ജെല്ലിക്കെട്ട് നിരോധനത്തിന്റെ കാര്യത്തില്‍ തമിഴ്‌നാട്ടില്‍ സംഭവിച്ചത് ഇവിടെയുമുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.
ജെല്ലിക്കെട്ട് നിരോധന വിധി വന്നപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ കാണിച്ച ധൃതിയാണ് അന്നു കലാപത്തിനു വഴിവച്ചത്. വിധി നടപ്പാക്കാനുള്ള ധൃതിയിലാണ് സര്‍ക്കാര്‍ പതിനെട്ടാം പടിയില്‍ വരെ വനിതാ പൊലീസിനെ നിയോഗിക്കുമെന്ന് പറയുന്നതെന്നും കെ.സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. അതുകൊണ്ടു തന്നെ പുനഃപരിശോധനാ ഹര്‍ജി കൊടുക്കുകയോ, ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തുകയോ വേണം. അവിശ്വാസികളുടെ ഭരണത്തില്‍ കേരളത്തില്‍ ഒരു ദുരന്തമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം, ബിജെപി നിലപാട് മാറ്റിയതു ജനവികാരം കണ്ടിട്ടാണ്. സന്ദര്‍ഭം കിട്ടിയപ്പോള്‍ അവര്‍ മുതലെടുക്കുകയാണ്. അവസരവാദികള്‍ക്കു മുതലെടുപ്പിനുള്ള അവസരം നല്‍കണോ എന്നു സര്‍ക്കാര്‍ ആലോചിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വിശ്വാസികളെ കയ്യിലെടുത്ത് അമ്മാനമാടി വിധി പ്രസ്താവിക്കുകയാണു കോടതി ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്കു മാത്രമുള്ള ചില ആചാരങ്ങളും നാട്ടിലുണ്ട്. ആറ്റുകാല്‍ പൊങ്കാലയിടാന്‍ പുരുഷന്‍മാര്‍ക്കു കഴിയുമോ? ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ പൊട്ടിത്തെറിയും കലാപവുമുണ്ടാകും. നാടു ചുടലക്കളമാകും. അയ്യപ്പനില്‍ വിശ്വാസമുള്ള ഒരു സ്ത്രീയും കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പോകില്ല. ട്രക്കിങ് താല്‍പര്യമുള്ള, സാഹസിക സഞ്ചാരിയുടെ മനോഭാവമുള്ള ചില സ്ത്രീകളുണ്ട്. അവര്‍ പോകുമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
മതത്തിന്റെ കാര്യങ്ങള്‍ മതനേതൃത്വം തീരുമാനിക്കട്ടെ. കോടതിക്ക് അതില്‍ എന്തുകാര്യം? മുത്തലാഖിന്റെ കാര്യത്തിലും ഇതാണ് അഭിപ്രായം. ഇതെല്ലാം തന്റെ അഭിപ്രായമാണ്. പാര്‍ട്ടിയുടെ അഭിപ്രായം പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തിയശേഷം പറയും. കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിലാണു അദ്ദേഹം പ്രതികരണം നടത്തിയത്.
Leave a Reply