കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ല. നേതൃമാറ്റം ഉടനില്ലെന്ന് സുധാകരന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കി. സുധാകരനെ നിലനിര്‍ത്തി പുനസംഘടന പൂര്‍ത്തിയാക്കാനാണ് തീരുമാനം. അദ്ദേഹത്തെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ് അറിയിച്ചത്.

പുനസംഘടന നടപടികളുമായി മുന്നോട്ടു പോകാന്‍ സുധാകരന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നടത്തുന്നത് പുനസംഘടനാ ചര്‍ച്ചകള്‍ മാത്രമാണ്. സുധാകരന്‍ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ എ.ഐ.സി.സിയുടെ മറുപടി.

കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകല്‍ച്ച സംഘടനാ സംവിധാനത്തെ നിശ്ചലമാക്കുന്നെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുണ്ട്. പ്രധാന വിഷയങ്ങളില്‍പ്പോലും കൂട്ടായ ചര്‍ച്ചയിലൂടെ പൊതുനിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റണോയെന്നതില്‍ ഹൈക്കമാന്‍ഡ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടിയത്. സുധാകരനെ മാറ്റിയേക്കുമെന്നായിരുന്നു തുടക്കത്തിൽ വന്ന റിപ്പോര്‍ട്ടുകള്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെയാണ് സംഘടനാപരമായ കാര്യങ്ങളില്‍ സതീശന്‍ മുന്‍കൈയെടുക്കുന്നെന്ന പരാതിയും ഉയര്‍ന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍കൂര്‍ തയ്യാറെടുപ്പ് നടത്തിയാല്‍ ജയിക്കാവുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ച ക്രമീകരണമായിരുന്നു പരാതിക്ക് അടിസ്ഥാനം. സദുദ്ദേശ്യപരമായി ചെയ്ത കാര്യങ്ങള്‍ സംശയത്തോടെ കണ്ടതില്‍ സതീശന് പരിഭവമുണ്ടായിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.

സുധാകരന് പകരം ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, സണ്ണി ജോസഫ്, റോജി എം ജോണ്‍ തുടങ്ങിയവരെ കെപിപിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെ കെ.സി വേണുഗോപാല്‍ ഇന്ന് കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തും.