പത്തനംതിട്ട: ശബരിമലയില്‍ പോലീസ് നിര്‍ദേശം മറികടന്ന് പ്രവേശിക്കാന്‍ ശ്രമിച്ച കേസില്‍ ബി.ജെ.പി കേരള ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റാണ് റിമാന്‍ഡ് ചെയ്തത്. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലെത്തിച്ചു. ശനിയാഴ്ച്ച രാത്രിയാണ് പോലീസ് നിര്‍ദേശം മറികടന്ന് കെ. സുരേന്ദ്രന്‍ സന്നിധാനം സന്ദര്‍ശിക്കാനായി എത്തിയത്.
രാത്രികാലങ്ങളില്‍ സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തി ശബരിമലയിലേക്ക് ആളുകളെ കടത്തിവിടില്ലെന്ന് നേരത്തെ പോലീസ് പ്രഖ്യാപിച്ചിരുന്നു. ലക്ഷകണക്കിന് ഭക്തരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പുതിയ നീക്കങ്ങളുമായി പോലീസ് രംഗത്ത് വന്നത്. എന്നാല്‍ അതീവ സുരക്ഷ മേഖലയിലേക്ക് രാത്രി തന്നെ പോകണമെന്ന് സുരേന്ദ്രന്‍ വാശി പിടിച്ചതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബി.ജെ.പി പ്രവര്‍ത്തകര്‍ നാമജപ പ്രതിഷേധവുമായി എത്തിയെങ്കിലും പിന്നീട് തിരികെ പോയി. സുരേന്ദ്രനൊപ്പം രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘം ചേരല്‍, പോലീസിന്റെ കൃത്യനിര്‍ഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ പുലര്‍ച്ചെ 3.30 ഓടെ വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെ വൈദ്യപരിശോധന നടത്തിയ ശേഷം ഏഴുമണിയോടെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയായിരുന്നു.
മണ്ഡല, മകര വിളക്ക് സമയത്ത് ശബരിമലയില്‍ അക്രമസംഭവങ്ങളുണ്ടാകാനുള്ള സാധ്യതയുള്ളതായി നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് 15,000 ത്തോളം സേനാംഗങ്ങളെയാണ് സന്നിധാനത്തും പരിസരത്തും വിന്യസിച്ചിരിക്കുന്നത്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി രാത്രിയില്‍ സന്നിധാനത്തേക്കുള്ള യാത്ര പോലീസ് നിരോധിക്കുകയും ചെയ്തിരുന്നു.
Leave a Reply