ബർമിംങ്ഹാമിൽ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ലോകകപ്പ് കബഡി – 2025 മത്സരങ്ങളിൽ വെയിൽസ് പുരുഷ, വനിതാ ടീമുകളെ പ്രതിനിധീകരിച്ച് അഭിഷേക് അലക്സ്, ജീവാ ജോൺസൻ, വോൾഗാ സേവ്യർ, അമൃത എന്നിവർ പങ്കെടുക്കുകയാണ്. ബിബിസി വർഷം തോറും നടത്തി വരുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ നിന്നും സെലക്ഷൻ ലഭിച്ചാണ് ഇവർ വെയിൽസ് ടീമിലെത്തിയത്. ഇംഗ്ലണ്ട്, വെയിൽസ് ടീമുകളെ പരിശീലിപ്പിക്കുന്നത് മുൻ ഇന്ത്യൻ താരമായ സാജു മാത്യുവാണ്. വെയിൽസ് പുരുഷ ടീമിലെ ഏക മലയാളി സാന്നിധ്യമാണ് യോർക് യൂണിവേഴ്സിറ്റി ഹൾ – യോർക് മെഡിക്കൽ സ്കൂളിലെ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥി കൂടിയായ അഭിഷേക് അലക്സ്. യുക്മ മുൻ ജനറൽ സെക്രട്ടറി അലക്സ് വർഗീസിൻ്റെ മകനാണ് ഈ ഇരുപത്തിമൂന്നുകാരൻ. നോട്ടിംങ്ങ്ഹാം റോയൽസ് താരങ്ങളായ ഇവർക്ക് എല്ലാവിധ പിന്തുണയും നൽകുന്നത് ഡയറക്ടർമാരായ സാജു മാത്യു, രാജു ജോർജ്, ജിത്തു ജോസ് എന്നിവരാണ്.
രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരങ്ങളിൽ പുരുഷൻമാരുടെ ഗ്രൂപ്പ് ഒന്നിൽ ഇന്ത്യ, സ്കോട്ട്ലൻഡ്, ഇറ്റലി, ഹേംകോംങ് തുടങ്ങിയ കരുത്തരായ രാജ്യങ്ങളുടെ കൂടെയാണ് വെയിൽസ് ടീം കളിക്കുന്നത്. രണ്ടാമത്തെ ഗ്രൂപ്പിൽ ഇംഗ്ലണ്ട്, അമേരിക്ക, പോളണ്ട്, ഹംഗറി എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
ആദ്യ മത്സരത്തിൽ സ്കോട്ട്ലൻഡിനോട് പരാജയപ്പെട്ടെങ്കിലും തുടർന്ന് നടന്ന മത്സരങ്ങളിൽ ഇറ്റലിയേയും, ഹോംകോങ്ങിനേയും തറപറ്റിച്ചു ക്വാർട്ടർ ഫൈനലിൽ എത്തിയിരിക്കുകയാണ് വെയിൽസ് ടീം. ഇന്ന് യുകെ സമയം 12 PM ന് കരുത്തരായ ഇന്ത്യയെ വെയിൽസ് നേരിടും. മത്സരങ്ങൾ ബിബിസി ഐ പ്ലെയറിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. 12 മുതൽ ഇന്ത്യ – വെയിൽസ് മത്സരം കാണാവുന്നതാണ്.
Leave a Reply