ശക്തമായ കടൽക്ഷോഭത്തെത്തുടർന്ന് തിരുവനന്തപുരത്തെ തീരമേഖലകളിൽനിന്ന് 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വലിയതുറ ബഡ്സ് യുപി സ്കൂൾ, വലിയതുറ ഗവണ്മെന്റ് യുപി സ്കൂൾ എന്നിവിടങ്ങളിലാണു ദുരിതാശ്വാസ ക്യാന്പുകൾ തുറന്നിരിക്കുന്നത്. ക്യാന്പിൽ താമസിക്കുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. വലിയതുറ മേഖലയിലാണ് കടൽക്ഷോഭം രൂക്ഷമായി അനുഭവപ്പെടുന്നത്. ഇവിടെ ഒന്പതു വീടുകൾ പൂർണമായി തകർന്നു.
തെക്കു കിഴക്കൻ ശ്രീലങ്കയോടു ചേർന്നുള്ള സമുദ്ര ഭാഗത്ത് ശനിയാഴ്ചയോടെ ന്യൂനർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിൽ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവരോടു മടങ്ങിവരാൻ നിർദേശവും കൈമാറി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ന്യൂനമർദ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി ചെയ്യേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടർമാർക്കു വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Leave a Reply