ജോസ് ജെ. വെടികാട്ട്
ഒന്നിനു പിറകെ മറ്റൊന്നായി തിരകളായ്, അലകളായ്, നിൻ നുണക്കുഴികളാം വശീകരണ മന്ദഹാസച്ചുഴികളായ് നീ എന്തൊക്കെ മറയ്ക്കുന്നു ഒതുക്കുന്നു ഉള്ളിൽ !
നിൻ വശീകരണ മന്ദഹാസച്ചുഴികൾ , നിൻ നുണക്കുഴികൾ , അതിൽ ആകൃഷ്ടരായ് , നീ മറയ്ക്കുന്നതെന്തോ അതിൻ അർത്ഥനിരർത്ഥങ്ങൾ തേടി നിന്നാഴങ്ങൾ തേടി പോയവരാരും മടങ്ങി വന്നില്ല , അനുരാഗതാപമറ്റ തപിക്കും നിൻ മനസ്സിൽ നീർച്ചുഴികളുയർന്നു, മുക്കിക്കൊന്നുകളഞ്ഞു നീയവരെ നിന്നാഴങ്ങളിൽ !
കടലേ നീ വെറുമൊരു തിരയായ് പരിണമിക്കുന്നു,
നീ തിരയായ് അലകളായ് തീരത്ത് തല്ലി തകരുന്നു പരിഭവം പറയുമ്പോൽ ! നിന്നെ മനസ്സിലാക്കാൻ ആരുമില്ലെന്നോ ? !
നീയാകും തിര ജീവാഗ്നിയായ് ആളുന്നു , നിന്റെ ഇരമ്പൽ , ആ താളം തൊട്ടിലിൽ കരയും പൈതലിന് സാന്ത്വനമായ് , താരാട്ടായ് മാറുന്നു .
നീ തിരയായ് , തരളമാരുതനായ് തഴുകി , മനോവ്രണങ്ങളുടെ വേദനയകറ്റി , ഇണക്ക് ചുടുചുംബനം പകർന്നു നല്കി , പ്രശാന്തത പുൽകി നിശബ്ദതയിലേക്ക് മാഞ്ഞു പോകുന്നു !
ആരോ ചൊല്ലി നിന്നാഴങ്ങളിൽ മാണിക്യമുത്തുകളുണ്ടെന്ന് , സ്വർണ്ണമത്സ്യങ്ങളുണ്ടെന്ന് , അതിൽ ആകൃഷ്ടരായ് നിന്നാഴങ്ങൾ തേടി പലരും !
കടലേ – – – നിന്റെ നെറുകിൽ കത്തി സ്വയം ഉരുകും കുങ്കുമസൂര്യൻ പൃഥ്വി തൻ ഇരുൾ നീക്കുന്നു !
നിന്റെ ആഴങ്ങൾ തേടിയെത്തിയവരെ നീ മുക്കിക്കൊന്നുകളഞ്ഞുവെങ്കിലും സമതുലനത്തിന്റെ , പരിപാലനയുടെ കഥകൾ നീ പറയുമ്പോൾ , എല്ലാറ്റിനും ഒത്തുതീർപ്പ് വരുമെന്ന്
മറ്റുള്ളവർ കരുതുമ്പോൾ, പക്ഷേ ആദിത്യൻ നിന്നിൽ മുങ്ങി ചത്തു.
ഒക്കതിലും അസ്തമയത്തിന്റെ ഇരുൾ പടരുമ്പോൾ, സത്രങ്ങളിൽ ഏകാകികളായവർ അവരുടെ സ്വർഗ്ഗം പണിയുന്നു , മൂഡസ്വർഗ്ഗം !
നിൻ ആഴങ്ങളിലെ മനോവേദന താങ്ങാൻ കഴിയാതെ , നിൻ ആഴങ്ങൾ തേടാൻ തുനിയാതെ, മദ്യചഷകത്തിൽ ഇവർ മുങ്ങിത്തപ്പുന്നു !
ഇവർ നിൻ ആഴങ്ങളെക്കുറിച്ച് നേരിയ ബോധരശ്മി മാത്രം കാക്കുന്നവർ , അജ്ഞരായവർ.
ഉള്ളു പൊള്ളയായ ചിപ്പികളെ പോലെ ഇവരും അന്ധമായ് നിന്റെ താളം പിടിക്കുന്നു !
ഇവരിലും നിന്റെ താളം തുടിക്കുന്നു !
ഇവരാകുന്ന ചിപ്പികളിലെ മുത്തിനേ പണ്ടേ ആരോ കവർന്നു ,
ആ മുത്തു കവർന്നെടുത്തവൻ നിന്റെ ഉറ്റ ചങ്ങാതിയോ കടലേ !
അവൻ നിന്നെ ചതിച്ചതോ അതോ അവനും നീയും സന്ധി ചെയ്ത് ഇവരെ ചതിച്ചതോ? !
കടലേ – – – ആരു നീ ?!
ഊഴിയെ ചുറ്റും സപ്തസാഗരങ്ങളിൽ മറഞ്ഞിരിക്കും അമൃതമോ ? !
മണ്ണിന്റെ മടിയിൽ കൈവല്യധാമം പോലെ ഉരുവായ സങ്കടമിഴിനീരുറവയോ ? !
പക്ഷേ സങ്കടം ഓർത്തപ്പോൾ എനിക്ക് പിഴച്ചോ ? !
ആദിത്യൻ നിന്റെ മാരനോ, പതിയോ ?,
ആദിത്യൻ നിന്നിൽ മുങ്ങിച്ചത്തില്ലെന്നോ ? !
ആദിത്യനുമായ് നീ സംഗമിച്ചതെന്നോ ? !
അപ്പോൾ പ്രകൃതി അനുപൂരകമായ് വിളക്കണച്ചതോ ? !
ആദിത്യൻ നിന്നിൽ മുങ്ങിച്ചത്തുവോ എന്നത് മറ്റുള്ളവരുടെ ഒരു സന്ദേഹം മാത്രം ! ഒരു തെറ്റിദ്ധാരണ മാത്രം !
കടലേ നീയൊരു പാവമെന്നോ ?
നീയാരേയും നിന്നാഴങ്ങളിൽ മുക്കിക്കൊന്നില്ലെന്നോ ?
അവർ മദ്യത്തിൽ മുങ്ങി ചത്തതെന്നോ ? !
രഹസ്യങ്ങൾ നിന്റെ സ്വകാര്യതയായ് നീ മാത്രം അറിയാനായ് നീക്കി വെച്ചത് വിധി വിളയാട്ടം അത് സങ്കീർണം കടലേ !
ആ രഹസ്യങ്ങളെ ചൊല്ലി എന്തെല്ലാം തെറ്റായ പ്രചാരങ്ങൾ കടലേ .
കടലേ – – – ഗിരിശൃംഖങ്ങളിലും ഗഗനവീചികളിലും നിന്നാരവം മുഴങ്ങുന്നു !
നിന്നാരവം , ഇരമ്പൽ, നിശബ്ദതയുടെ സംഗീതം കടലേ !
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
Leave a Reply