ഷെഫീല്‍ഡിലെ ഇന്ത്യന്‍ ബാലനായ കാഡെന്‍ മിര്‍സ എന്ന 11-കാരനെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ കാണാതായി. പതിവ് സമയം കഴിഞ്ഞിട്ടും സ്‌കൂളില്‍ നിന്നും മകന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് അബിദ് മിര്‍സ പോലീസില്‍ വിവരമറിയിക്കുകയും അവര്‍ മിര്‍സയെ തേടി നഗരം മുഴുവന്‍ അരിച്ച് പെറുക്കുകയും ചെയ്തെങ്കിലും അവനെ കണ്ടെത്താനായില്ല. എന്നാല്‍ 24 മണിക്കൂറിന് ശേഷം ബാലന്‍ തനിയെ തിരികെ വരുകയും ചെയ്തു. യൂട്യൂബിലെ ഐകിയ ഹൈഡ് ഔട്ട് ക്രേസ് എന്ന ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായിട്ടാണ് അവന്‍, അവിടത്തെ ഐകിയ സ്റ്റോറിനുള്ളില്‍ തന്നെ തലേദിവസം മുതല്‍ ഒളിച്ചിരുന്നതെന്ന് വെളിപ്പെട്ടിട്ടുണ്ട്.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കണ്ടെത്തുന്നതിനായി നിരവധി പേരാണ് ഓണ്‍ ലൈനിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും കുട്ടിയുടെ ഫോട്ടോയുമായി രംഗത്ത് വന്നിരുന്നത്. തുടര്‍ന്ന് വ്യാപകമായ തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. കാഡെന്‍ മിര്‍സയെ കാണാതായത് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു. തന്റെ മകനുണ്ടായ ഈ അവസ്ഥയെ തുടര്‍ന്ന് ഇത്തരം ഓണ്‍ലൈന്‍ ഹൈഡിംഗ് ക്രേസിനെ കുറിച്ച് മറ്റ് രക്ഷിതാക്കള്‍ക്ക് കടുത്ത മുന്നറിയിപ്പേകി അബിദ് മിര്‍സ മുമ്പോട്ട് വന്നിട്ടുണ്ട്. മറ്റ് കുട്ടികളും ഇത്തരം ഗെയിമുകളിലേക്ക് വഴി തെറ്റാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നാണ് അബിദിന്റെ മുന്നറിയിപ്പ്.

പിടിക്കപ്പെടാതെ 24 മണിക്കൂര്‍ ഒളിച്ചിരിക്കുന്നതിനുള്ള ചലഞ്ച് നിറഞ്ഞ ഗെയിമിനെക്കുറിച്ച് തന്റെ മകന്‍ സെര്‍ച്ച് ചെയ്തിരുന്നതിന്റെ ഹിസ്റ്ററി അവന്റെ മൊബൈല്‍ ഫോണില്‍ നിന്നും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ താന്‍ കണ്ടെത്തിയിരുന്നുവെന്നും അബിദ് വെളിപ്പെടുത്തി. താന്‍ ഇതിനെക്കുറിച്ച് അവനോട് ചോദിച്ചപ്പോള്‍ ഈ ഗെയിമിനെക്കുറിച്ച് സ്‌കൂളിലെ സഹപാഠികളില്‍ നിന്നും കേട്ടതിനെ തുടര്‍ന്ന് വെറുതെ സെര്‍ച്ച് ചെയ്തതാണെന്നാണ് മറുപടി ലഭിച്ചിരുന്നതെന്നും അബിദ് പറയുന്നു. എന്നാല്‍ തന്റെ മകന്‍ ഇതിനെക്കുറിച്ചുള്ള വീഡിയോകള്‍ കണ്ടിരുന്നുവെന്നും അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ഗെയിമില്‍ ഏര്‍പ്പെട്ട് ഒളിച്ചിരുന്നതെന്നും അബിദ് വെളിപ്പെടുത്തുന്നു.

കിംഗ് എക്ഗ്ബെര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കാഡെന്‍ മിര്‍സ. ’24 ഔവര്‍ ചലഞ്ച്’ നെക്കുറിച്ച് കടുത്ത മുന്നറിയിപ്പേകി സൗത്ത് യോര്‍ക്ക്ഷെയര്‍ പോലീസും ഈ സംഭവത്തിന് ശേഷം മുന്നോട്ട് വന്നിട്ടുണ്ട്. അതിനാല്‍ മറ്റ് കുട്ടികളും ഇത്തരം ഗെയിമുകളില്‍ ഏര്‍പ്പെട്ട് അപകടത്തില്‍ പെടാതിരിക്കാന്‍ കടുത്ത ജാഗ്രത രക്ഷിതാക്കള്‍ പാലിക്കേണ്ടിയിരിക്കുന്നുവെന്നും പോലീസ് മുന്നറിയിപ്പേകുന്നു.സോഷ്യല്‍ മീഡിയയിലും ഇത്തരം ഗെയിമുകളിലും അമിതമായി അടിമപ്പെട്ട് കുട്ടികള്‍ വഴി തെറ്റാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് ഡിറ്റെക്ടീവ് ഇന്‍സ്പെക്ടറായ അല്‍ സെഡ്ഗ് വിക്ക് മുന്നറിയിപ്പേകുന്നത്.