2023 ജൂലായ് 1 മുതൽ വൈദ്യചികിത്സ, വിദ്യാഭ്യാസം എന്നിവയ്‌ക്ക് പുറമെയുള്ള ഏതെങ്കിലും വിദേശത്തേക്ക്‌ പണമയക്കുന്നതിനു 20% നികുതി ഈടാക്കാനുള്ള കേന്ദ്ര ബജറ്റ് തീരുമാനം പുനഃപരിശോധിക്കണമെന്ന് കൈരളി യുകെ ആവശ്യപ്പെട്ടു.

ടൂറുകൾക്കുള്ള പേയ്‌മെന്റുകൾ, യാത്രയ്‌ക്കുള്ള കറൻസി വാങ്ങൽ, വിദേശത്തുള്ള ബന്ധുക്കൾക്ക് എന്തെങ്കിലും സമ്മാനങ്ങളോ ലോണുകളോ നൽകൽ, വിദേശത്ത് ഏതെങ്കിലും വസ്തു വാങ്ങൽ അല്ലെങ്കിൽ വിദേശ ഓഹരികൾ വാങ്ങൽ എന്നിവ ഉൾപ്പെട്ട ഈ നികുതി മലയാളികൾ ഉൾപ്പെടെ അനേക പ്രവാസികൾക്ക്‌ വലിയ ബാധ്യതയാകും.

വിദേശത്ത് കുടിയേറുകയും വിദേശത്തുള്ള ബാങ്കിലേക്ക് പണം അയക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തി പോലും 20% നികുതി നിന്ന് ഒഴിവാക്കില്ല എന്നതും ആരോഗ്യത്തിനോ വിദ്യാഭ്യാസത്തിനോ അല്ലാതെ മറ്റേതെങ്കിലും ആവശ്യങ്ങൾക്കായി ഇന്ത്യക്ക് പുറത്ത് പണം കൈമാറ്റം ചെയ്യുകയാണെങ്കിൽ, തുകയുടെ 20% ബാങ്ക് തടഞ്ഞുവയ്ക്കുകയും സർക്കാരിൽ നിക്ഷേപിക്കുകയും ചെയ്യും എന്ന നയം ഇത്‌ എത്രമാത്രം ജനവിരുദ്ധമാണെന്ന് കാണിക്കുന്നു.

വിദേശത്ത്‌ ഒരു വീട്‌ വാങ്ങുകയെന്ന പ്രവാസിയുടെ സ്വപ്നം പോലും ഇതു മൂലം തച്ചുടയ്ക്കപ്പെടും. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ യുകെ പോലെയുള്ള രാജ്യങ്ങളിൽ ഇന്ത്യക്കാർ വീട്‌ മേടിക്കുവാൻ നാട്ടിൽ നിന്നുള്ള പണത്തെയാണു കൂടുതലായും ആശ്രയിക്കുന്നത്‌. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പ്രവാസ സമൂഹത്തിന്റെ ബുദ്ധിമുട്ടുകൾ വരും ദിവസങ്ങളിൽ കൈരളി യുകെ അവതരിപ്പിക്കും.