തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കിനുള്ള അനുമതി സംസ്ഥാന മലിനീകരിണ നിയന്ത്രണ ബോര്‍ഡ് റദ്ദാക്കി. കോഴിക്കോട് കക്കാടംപൊയിലുള്ള പാര്‍ക്ക് വ്യവസ്ഥകള്‍ പാലിച്ചല്ല നിര്‍മിച്ചതെന്നും ആദ്യ അനുമതിക്ക് മുമ്പ് സ്ഥലം സന്ദര്‍ശിച്ചിരുന്നില്ലെന്നും ബോര്‍ഡ് അറിയിച്ചു. പരിസ്ഥിതിലോല പ്രദേശത്ത് രണ്ട് മലകള്‍ ഇടിച്ചാണ് പാര്‍ക്ക് നിര്‍മിച്ചത്. ഇത് നിയമസഭയിലും ചര്‍ച്ചയായിരുന്നു.
എന്നാല്‍ എംഎല്‍എക്കെതിരെയുള്ള ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചതിനു പിന്നാലെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടി. അന്‍വറിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഇന്ന് സഭയില്‍ പറഞ്ഞിരുന്നു. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടും വ്യവസ്ഥകള്‍ പാലിച്ചുമാണ് പാര്‍ക്ക് നിര്‍മിച്ചതും പ്രവര്‍ത്തിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
സമുദ്ര നിരപ്പില്‍ നിന്ന് 2000 അടി ഉയരത്തിലുള്ള പ്രദേശമാണ് കക്കാടംപൊയില്‍. അസംബ്ലി കെട്ടിടത്തിന് താല്‍ക്കാലിക ലൈസന്‍സിനായി ലഭിച്ച ഫയര്‍ എന്‍ഒസി ഉപയോഗിച്ചാണ് പാര്‍ക്കിലെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നത്. എല്ലാ നിര്‍മ്മാണങ്ങള്‍ക്കും വ്യത്യസ്ത ഫയര്‍ എന്‍ഒസി ആവശ്യമാണെന്നിരിക്കെയാണ് ഇപ്രകാരം ചെയ്തത്. 1409 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്കിന്റെ നിര്‍മ്മിതിയ്ക്ക് ചീഫ് ടൗണ്‍ പ്ലാനറിന്റെ അനുമതിയും ലഭിച്ചിരുന്നില്ല.
Leave a Reply