മണമ്പൂര്‍ സുരേഷ്
മറ്റു ഭാഷകള്‍ക്കൊപ്പം മലയാള ഭാഷ, മാതൃ ഭാഷ നമ്മുടെ കുട്ടികളെ പഠിപ്പിക്കുക എന്നത് നമ്മുടെ കുട്ടികളോട് ചെയ്യേണ്ട ഒരു കടപ്പാടാണ് എന്ന് പ്രസിദ്ധ കവി പ്രഭാ വര്‍മ്മ. ബ്രിട്ടനിലെ പ്രമുഖ കലാ സാഹിത്യ സംഘടനയായ കലയുടെ വാര്‍ഷിക പരിപാടിയില്‍ മുഖ്യാതിഥി ആയി പങ്കെടുത്തു കൊണ്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ഉച്ചാരണ പ്രകാരം എഴുതപ്പെടേണ്ട ഭാഷയാണ് ശ്രേഷ്ഠം എന്നാണു ആധുനിക ഭാഷാശാസ്ത്രം പറയുന്നത്. ഇസ്ലാന്റ് എന്നെഴുതിയിട്ട് അയ്‌ലന്റ്എന്ന് ഇംഗ്ലീഷില്‍ പറയും. പക്ഷെ മലയാളം എഴുതിയിരിക്കുന്ന അതേപോലെ പൂച്ച എന്നെഴുതി പൂച്ച എന്ന് പറയുന്ന ഭാഷയാണ്. അക്കാര്യത്തില്‍ മലയാളം ഇംഗ്ലീഷിനേക്കാള്‍ ഏറെ മുന്നിലാണ്.
”ജാക്ക് ആന്റ് ജില്‍ വെന്റ് അപ്പ് ദി ഹില്‍ ടു ഫെച്ച് എ പെയില്‍ ഓഫ് വാട്ടര്‍” എന്ന് അര്‍ത്ഥമറിയാതെയോ അറിഞ്ഞോ നമ്മുടെ കുഞ്ഞുങ്ങള്‍ പാടുന്നതിനു പകരം ”ഇത്തിരി പൂവേ ചുവന്ന പൂവേ, ഇത്ര നാളെങ്ങു നീ പോയി പൂവേ? മണ്ണിന്നടിയില്‍ ഒളിച്ചിരുന്നോ മറ്റുള്ള പൂക്കളെ കാത്തിരുന്നോ” എന്ന് ചോദിക്കുന്നതില്‍ ജീവിത തത്വമുണ്ട്. ജാക്കും ജില്ലും മല കേറി വെള്ളം കൊണ്ട് വരുന്നത് പോലെയല്ല. അപരനെക്കുറിച്ചുള്ള കരുതല്‍ അതാണ് മറ്റുള്ള പൂക്കളെ കാത്തിരുന്നോ എന്ന ചോദ്യത്തില്‍ ഉള്ളത്. ആ കരുതല്‍ നമ്മള്‍ പകര്‍ന്നു കൊടുത്താല്‍ ഭാവിയില്‍ അത് നമുക്ക് തന്നെ ഉപകരിക്കും.
”ജീവിതം ജീവിത യോഗ്യമാകണം എങ്കില്‍ കല വേണം. ഹോമോ സാപിയന്‍സ് അഥവാ നരവര്‍ഗ്ഗ ജന്തു എന്ന അവസ്ഥയില്‍ നിന്ന് ഒരു മനുഷ്യനാകണം എങ്കില്‍ കല വേണം. ഒരു പൂവിനെ കാണാതെ, ഒരു ശലഭത്തെ കാണാതെ, ഒരു പൂനിലാവിനെ കാണാതെ, ഒരു കുളിരരുവിയുടെ ശബ്ദം കേള്‍ക്കാതെ ജീവിക്കാം, പക്ഷെ അതൊരു ജീവിതമാവില്ല. ഇതൊക്കെ ഉണ്ടെങ്കില്‍ മാത്രമേ നാം ഹോമോ സാപിയനില്‍ നിന്നും മനുഷ്യനായി ഉണരാന്‍, ഉയരാന്‍ പറ്റൂ” എന്ന് പ്രശസ്ത കവി, ഗാന രചയിതാവ്, ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ ഒക്കെ ആയ പ്രഭാവര്‍മ്മ ബ്രിട്ടനിലെ പ്രമുഖ കലാ സാഹിത്യ സംഘടനയായ കലയുടെ വാര്‍ഷിക പരിപാടിയില്‍ വച്ച് പറഞ്ഞു. കല എന്ന സംഘടന ആ ഒരു തലത്തിലേക്ക് ഉയരാന്‍ അതിന്റെ അംഗങ്ങളോടൊപ്പം നില്‍ക്കുന്നു എന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രഭാവര്‍മ്മ പറഞ്ഞു.
മറ്റുള്ളവരുടെ ഉല്‍ക്കര്‍ഷത്തില്‍ സന്തോഷിക്കുകയും, അവന്റെ ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്ന ”കന്‍സേണ്‍ ഫോര്‍ ദ അദേസ്” എന്ന മാനസികാവസ്ഥ ഉണ്ടാക്കുന്നതില്‍ കലാ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. പക്ഷെ ഈ കന്‍സേണ്‍ നമ്മുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോവുകയാണോ ഈ പുതിയ കാലഘട്ടത്തില്‍ എന്ന് നാം ആലോചിക്കണം. നാം മനുഷ്യത്വം ഇല്ലാത്തവരായി മാറാന്‍ പാടില്ല. പണം കൊണ്ട് എല്ലാം നേടാം എന്ന് കരുതുമ്പോള്‍ നമുക്ക് മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാതെ വരുന്നു.
പ്രസിദ്ധ ചുവന്നതാടി വേഷ കഥകളി കലാകാരനായ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിക്ക് ഈ വര്‍ഷത്തെ കല പുരസ്‌കാരം നല്‍കി ആദരിച്ചു. ക്യാഷ് അവാര്‍ഡും രണ്ടാഴ്ചത്തെ ലണ്ടന്‍ സന്ദര്‍ശനവും ഉള്‍ക്കൊള്ളുന്നതാണ് കല പുരസ്‌കാരം. കല രക്ഷാധികാരി ഡോ സുകുമാരന്‍ നായര്‍, ബ്രിസ്ടല്‍ ലാബ് ഉടമ രാമചന്ദ്രന്‍, മേയര്‍ ഫിലിപ്പ് എബ്രഹാം, പ്രസിഡന്റ് നടരാജന്‍, സെക്രട്ടറി ബാബുരാജ് എന്നിവര്‍ സംസാരിച്ചു. നെല്ലിയോടിന്റെ കഥകളി, ഒഎന്‍വി, പ്രഭാവര്‍മ്മ കവിതകളുടെ ദൃശ്യാവിഷ്‌ക്കാരം, മുഖാമുഖം, മറ്റു സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു.
Leave a Reply