മണിയെ എന്നും മലയാളി ഒാർത്തുകൊണ്ടിരിക്കും. പലപ്പോഴും പലതരത്തിലുള്ള വാർത്തകൾ പുറത്തുവന്നെങ്കിലും ഇപ്പോൾ വൈറലാകുന്ന ചിത്രങ്ങൾക്കും വിഡിയോയ്ക്കും പിന്നാലെയാണ് സൈബർ ലോകം. കലാഭവൻ മണിയുടെ ഒാർമയ്ക്കായി സ്ഥാപിച്ച പ്രതിമയിൽ നിന്നും രക്തം ഒഴുകുന്ന എന്ന തരത്തിലാണ് ചില ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. ഇൗ സംഭവത്തിന് പിന്നിലെ യഥാർഥ കാരണം ശില്പി ഡാവിഞ്ചി സുരേഷ് പറയുന്നു.
ഫൈബറിലാണ് മണിച്ചേട്ടന്റെ പ്രതിമ നിർമിച്ചിരിക്കുന്നത്. പ്രളയസമയത്ത് ഇൗ പ്രതിമ വെള്ളത്തിൽ മുങ്ങിയിരുന്നു. ഒരുപക്ഷേ അപ്പോൾ വെള്ളം പ്രതിമയ്ക്ക് ഉള്ളിൽ കയറിയിട്ടുണ്ടാകാം. ഇൗ പ്രതിമ നിർമിച്ചിരിക്കുന്നത് ഫൈബറിലാണ്. സാധാരണ ഫൈബറിനുള്ളിൽ വെള്ളം കടന്നാൽ അത് പുറത്തേക്ക് പോകില്ല. അങ്ങനെ തന്നെ ഉണ്ടാകും. ഇപ്പോൾ മണിച്ചേട്ടന്റെ പ്രതിമയുടെ കൈയ്യുടെ ഭാഗത്ത് നിന്നാണ് ഇത്തരത്തിൽ ചുവന്ന നിറത്തിൽ ദ്രാവകം പുറത്തേക്ക് വരുന്നത്. ഇൗ കൈയ്യുടെ രൂപം നിർമിക്കുമ്പോൾ അതിനുള്ളിൽ ഞാൻ ഒരു ഇരുമ്പ് കമ്പി വച്ചിരുന്നു. പ്രളയസമയത്ത് പ്രതിമ മുങ്ങിയപ്പോൾ ഇൗ കമ്പി തുരുമ്പെടുത്തിരിക്കാം. ഇപ്പോൾ ചൂട് കൂടിയപ്പോൾ ആ തുരുമ്പും വെള്ളവും പുറത്തേക്ക് വരുന്നതാകാം. ആരാധകർ ദയവ് ചെയ്ത് ഇതിന് അന്ധവിശ്വാസത്തിന്റെ പരിവേശമൊന്നും നൽകരുതെന്ന അപേക്ഷ മാത്രമേയുള്ളൂ. ഡാവിഞ്ചി സുരേഷ് പറയുന്നു. രണ്ടു ദിവസം തുടർച്ചായി ഇത്തരത്തിൽ പ്രതിമയിൽ നിന്നും ചുവന്ന ദ്രാവകം വന്നിരുന്നെന്നും ഇപ്പോൾ അതില്ലെന്നും മണിയുടെ സഹോദരനും വ്യക്തമാക്കി.
ഇൗ പോസ്റ്റുകൾ വൈറലായതോടെ ചാലക്കുടിയിലെ മണിയുടെ പ്രതിമ കാണാൻ ആരാധകരുടെ ഒഴുക്കാണ്. പ്രളയസമയത്തും ഇൗ പ്രതിമ വലിയ വാർത്തയായിരുന്നു. ചാലക്കുടി പുഴ കരകവിഞ്ഞൊഴുകിയതോടെ മണിയുടെ വീട് ഉൾപ്പെടെ വെള്ളത്തിലായിരുന്നു. ശക്തമായ ഒഴുക്കും അപ്പോഴുണ്ടായിരുന്നു. എന്നാൽ ആ സമയത്ത് പോലും മണിയുടെ പ്രതിമയ്ക്ക് മാത്രം ഒരു കേടുപാടും സംഭവിച്ചില്ല. പ്രതിമയക്ക് ചുറ്റും വച്ചിരുന്ന വസ്തുക്കൾ തകർന്ന് വീണപ്പോഴും പ്രതിമ അങ്ങനെ തന്നെ നിന്നു. അദ്ദേഹത്തിന്റെ മരണശേഷം ആദരമർപ്പിക്കാൻ ഇപ്പോഴും ആരാധകർ വീട്ടിലേക്ക് എത്തുകയാണ്.
വീഡിയോ കടപ്പാട് ; ചാലക്കുടി വാർത്ത
Leave a Reply