ഗ്ലാസ്ഗോ: ഒരുമയുടേയും, സ്നേഹത്തിന്റേയും തേരിലേറി കലയുടെ നൂപുരധ്വനി മുഴക്കി ഒരു പതിറ്റാണ്ടിന്റെ അജയ്യ കാഹളത്തോടെ മുന്നേറുന്ന കലാകേരളം ഗ്ലാസ്ഗോ ഒരു പിടി മിന്നും പ്രതിഭകളെ അണിനിരത്തിയാണ് ഈവർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സംഘടനയെ പുതിയ തലങ്ങളിലേക്കെത്തിക്കാൻ ആത്മാർത്ഥത നിറഞ്ഞ ഉറച്ച കാൽവയ്പുകളോടെ ശ്രീ സെബാസ്റ്റ്യൻ കാട്ടടി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, അളവറ്റ പിന്തുണയും, അകമഴിഞ്ഞ മനസ്സുമായി വൈസ് പ്രസിഡന്റായി സെലിൻ തോമസ് തിരഞ്ഞെടുക്കപ്പെട്ടു.
സാമൂഹ്യ- സന്നദ്ധ പ്രവർത്തന മേഖലകളിൽ നിപുണത തെളിയിച്ച സോജോ ആൻ്റണി സെക്രട്ടറിയായപ്പോൾ, സൗമ്യതയുടെയും സഹൃദത്തിൻ്റെയും മുഖമായ ഷൈനി ജയൻ ജോയിൻ്റ് സെക്രട്ടറിയായി , പരിചയസമ്പന്നതയുടെ മികവോടെ കലർപ്പില്ലാത്ത കൈപുണ്യവും കലവറയോളം സ്നേഹവും കൈമുതലാക്കിയ ശ്രീ.ഷൈജൻ ജോസഫ് ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കലാകേരളത്തിൻ്റെ തുടക്കം മുതൽ പലകമ്മറ്റി കളിലായി പ്രാവീണ്യം തെളിയിച്ച ശ്രീ രഞ്ജിത്ത് കോയിപ്പള്ളി ആണ് ജോയിൻറ് ട്രഷറർ. കൃത്യവും പക്വവുമായ കാര്യക്ഷമതയും, പ്രവർത്തിപരിചയവും, ഊർജ്വസ്വലതയും കൈമുതലാക്കിയ പുതിയ കമ്മറ്റി അംഗങ്ങൾ കൈകോർക്കുമ്പോൾ കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കൊപ്പം കലാകേരളത്തിന് പുതു ചൈതന്യം നിറയ്ക്കാൻ , ഗ്ലാസ്‌ഗോ മലയാളികളുടെ കലാ, സാമൂഹ്യ, സാംസ്കാരിക മേഖലകളിൽ അനുദിനം മുഴങ്ങുന്ന ശബ്ദമായി കലാകേരളം പുതിയ മാനങ്ങൾ കൈവരിക്കും.
മെയ് 12ന് നടത്തുന്ന നഴ്സസ് ദിനാഘോഷത്തോടുകൂടി കലാകേരളത്തിൻ്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തിരി തെളിയുകയായി. ഒരു ചെറിയ കൂട്ടായ്മ തീർത്ത വലിയ വിജയങ്ങളുടെ ഉൾക്കരുത്ത് എല്ലാ അംഗങ്ങളുടേയും നിസ്വാർത്ഥമായ സ്നേഹത്തിന്റേയും സഹകരണത്തിന്റേയും പ്രതിഫലനമാണെന്ന ഉറച്ച വിശ്വാസത്തോടെ അതിരില്ലാത്ത വിശ്വവിശാലതയുടെ ചിറകിലേറി കലാകേരളമെന്ന നേരിൻ്റെ ശബ്ദത്തിനൊപ്പം കരമൊന്നിച്ച്, സ്വരമൊന്നിച്ച്, മനമൊന്നിച്ച് ഇനിയുമിനിയും കലാകേരളം മുന്നോട്ട് …
Leave a Reply