കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എം പിയുടെ നേതൃത്വത്തില്‍ ‘ഭാരത് ജോഡോ’ എന്ന പേരില്‍ നടത്തുന്ന പദയാത്ര ഇന്ന് ആരംഭിക്കും. രാജീവ് ഗാന്ധി വീരമൃത്യു വരിച്ച ശ്രീപെരുമ്പത്തൂരില്‍ ഇന്ന് രാവിലെ ആദ്യം എത്തി രാഹുല്‍ ഗാന്ധി പ്രാര്‍ത്ഥന നടത്തി. പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കന്യാകുമാരിയിലേക്ക് അദ്ദേഹം പോകും. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 150 ദിവസങ്ങളിലായി നടക്കുന്ന യാത്രയില്‍ 118 സ്ഥിരം അംഗങ്ങളാണുള്ളത്.

കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ വൈകുന്നേരം 5 മണിക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഫ്ളാഗ് ഓഫ് ചെയ്യും. 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും യാത്ര കടന്നുപോവും. 150 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന പദയാത്ര 3500 കിലോമീറ്റര്‍ പിന്നിടും.

ഭാരത് ജോഡോ യാത്രയില്‍ കേരളത്തില്‍ നിന്ന് 9 അംഗങ്ങളാണുള്ളത്. ചാണ്ടി ഉമ്മന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥന സെക്രട്ടറി ജി മഞ്ജുകുട്ടന്‍, കെഎസ് യു ജനറല്‍ സെക്രട്ടറി നബീല്‍ നൗഷാദ്, മഹിള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ, അസംഘടിത തൊഴിലാളി കോൺഗ്രസ്സ് നാഷണൽ കോഡിനേറ്റർ അനിൽ ബോസ്, ഷീബ രാമചന്ദ്രന്‍, കെ ടി ബെന്നി, സേവാദള്‍ മുന്‍ അധ്യക്ഷന്‍ എം എ സലാം, ഗീത രാമകൃഷ്ണന്‍ എന്നിവരാണ് പദയാത്രയില്‍ കേരളത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അനുഗമിക്കുന്ന സ്ഥിരം അംഗങ്ങള്‍.

11-ന് കേരളത്തില്‍ പ്രവേശിക്കുന്ന യാത്ര 19 ദിവസം കൊണ്ട് പാറശാല മുതല്‍ നിലമ്പൂര്‍ വരെ 453 കിലോമീറ്റര്‍ ദൂരം പിന്നിടും. കനയ്യ കുമാര്‍, പവന്‍ ഖേര, മുന്‍ പഞ്ചാബ് മന്ത്രി വിജയ് ഇന്ദര്‍ സിംഗ്ല, മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കേശവ് ചന്ദ്ര യാദവ്, ഉത്തരാഖണ്ഡ് കോണ്‍ഗ്രസിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം സെക്രട്ടറി വൈഭവ് വാലിയ എന്നിവര്‍ ഉള്‍പ്പടെ നിരവധി യുവ നേതാക്കള്‍ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.