കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം.   കുട്ടിയുടെ മരണം പൊലീസ് മർദനത്തെ തുടർന്നാണെന്ന് ആക്ഷേപമുയർന്നു. കേസിലുൾപ്പെട്ട കുട്ടികളെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് നാട്ടുകാർ ആരോപിച്ചു. അവശനിലയിലായ കുട്ടികൾ വെള്ളി രാത്രി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയെന്നും കുട്ടികൾ മാനസിക സമ്മർദത്തിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. അതിനിടെ കുട്ടികളെ ഉപദ്രവിച്ചിട്ടില്ലെന്ന് കളമശേരി പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലായതോടെ വീട്ടുകാര്‍ക്കൊപ്പം വിട്ടുവെന്ന് പൊലീസ് വിശദീകരിച്ചു. കുട്ടികൾക്ക് കൗൺസിലിങിന് വേണ്ടി ചൈൽഡ് ലൈനിൽ ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറിയെന്നും ബന്ധുക്കൾ ആരോപിച്ചു.

കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ 17കാരനാണ് ആത്മഹത്യ ചെയ്തത്. ഏഴംഗ സംഘമാണ് 17കാരനെ മർദ്ദിച്ചത്. ഇവരിൽ മരിച്ച കുട്ടിയടക്കം ആറ് പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു. ഒരാളെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുള്ളൂ. മർദ്ദനമേറ്റ് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് കൂട്ടുകാരുടെ ക്രൂരതയെക്കുറിച്ച് തുറന്നു പറയാൻ പതിനേഴുകാരൻ തയ്യാറായത്. മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ആക്രമിച്ച കുട്ടികൾ തന്നെ വീഡിയോ ആയി പകർത്തുകയും പ്രചരിപ്പിക്കുകയുമായിരുന്നു.

സംഭവത്തിൽ ഉൾപ്പെട്ട ഏഴു പേരിൽ നാലു പേരെ കളമശ്ശേരി പൊലീസ് മാതാപിതാക്കൾക്കൊപ്പം വിളിച്ചു വരുത്തിയിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയച്ചു. ഇവരുടെ മൊഴിയിൽ നിന്നാണ് പതിനെട്ടു വയസ്സുകാരനായ അഖിൽ വർഗീസിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്നാണ് മർദ്ദനത്തിന് നേതൃത്വം കൊടുത്ത അഖിലിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഖിലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ബാക്കി ആറ് പേർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. മർദ്ദനമേറ്റ കുട്ടി ആലുവ ജില്ല ആശുപത്രിയിൽ തുടർ ചികിത്സ തേടി.