കാളിദാസ് ജയറാമിന്റെ അരങ്ങേറ്റ ചിത്രം പൂമരം ഇന്നുവരും നാളെവരുമെന്നു പ്രതീക്ഷിച്ച് പ്രേക്ഷകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായിരുന്നു. പല തവണ റിലീസ് തിയ്യതി പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഓരോന്നും മാറ്റിവച്ചു. ഒടുവില്‍ കാത്തിരിപ്പിന് വിരാമം കുറിച്ച് പൂമരത്തിന്റെ റിലീസ് തിയതി നായകന്‍ കാളിദാസ് തന്നെ പ്രഖ്യാപിച്ചു.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് ആദ്യവാരം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഞ്ചേരി എന്‍എസ്എസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല സീസോണ്‍ കലോത്സവ വേദിയില്‍ സംസാരിക്കുമ്പോഴാണ് കാളിദാസിന്റെ പ്രഖ്യാപനം. കലോത്സവത്തില്‍ മുഖ്യാതിഥി ആയിട്ടായിരുന്നു കാളിദാസ് പങ്കെടുത്തത്.

പൂമരത്തിന്റെ റിലീസ് തിയ്യതി വൈകുന്നത് സംബന്ധിച്ച് കാളിദാസിനും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴയായിരുന്നു. ഇതെല്ലാം ആസ്വദിക്കുന്ന കാളിദാസ് ചിലപ്പോഴൊക്കെ രസകരമായ മറുപടികളും നല്‍കാറുണ്ട്. കഴിഞ്ഞദിവസം ട്രോളുകള്‍ക്ക് മറുപടി നല്‍കവെ ചിത്രം ഉടനെ എത്തുമെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായത്. കൂടാതെ ഗോപീ സുന്ദര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞദിവസം കാളിദാസിനും എബ്രിഡ് ഷൈനിനുമൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു.

നിവിന്‍ പോളി നായകനായ ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പൂമരം. ചിത്രത്തിലെ പാട്ടുകള്‍ നേരത്തേ തന്നെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ക്യാംപസ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തെ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്.