അന്തരിച്ച നടി ശ്രീവിദ്യയുടെ ചെന്നൈയിലെ ഫ്‌ളാറ്റ് ആദായ നികുതി വകുപ്പ് ലേലം ചെയ്യുന്നു. 45 ലക്ഷം രൂപയുടെ ആദായ നികുതി കുടിശിക ഈടാക്കാനാണ് ഫ്‌ളാറ്റ് ലേലത്തില്‍ വില്‍ക്കുന്നത്. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ നടത്തിപ്പുകാരന്‍ നടനും എംഎല്‍എയുമായ ഗണേഷ് കുമാറാണ്. അദ്ദേഹത്തിന്റെ അനുവാദത്തോടെയാണ് ഫ്‌ളാറ്റ് ലേലത്തിന് വെയ്ക്കുന്നത്.

1996 മുതല്‍ മരണം വരെ ശ്രീവിദ്യ ആദായ നികുതി അടച്ചിരുന്നില്ല. അതാണ് ഇപ്പോള്‍ കുടിശിക വര്‍ദ്ധിച്ച് 45 ലക്ഷം രൂപയില്‍ എത്തിയിരിക്കുന്നത്. ഈ മാസം 26നാണ് ലേലം നടക്കുന്നത്. ഒരു കോടി 14 ലക്ഷം രൂപയാണ് ഫ്‌ളാറ്റിന് മൂല്യം നിശ്ചയിച്ചിരിക്കുന്നത്.

നിലവില്‍ ഈ ഫ്‌ളാറ്റില്‍ ഒരാള്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ശ്രീവിദ്യ മരിക്കുന്നതിന് മുന്‍പ് തന്നെ ഇയാള്‍ ഇവിടെ വാടകയ്ക്ക് താമസിക്കുന്നതാണ്. മാസം 13,000 രൂപ വാടക ഇപ്പോള്‍ ഇയാള്‍ ആദായ നികുതി വകുപ്പിനാണ് അടച്ചുകൊണ്ടിരിക്കുന്നത്. ഈ മാസവാടക കൊണ്ട് ആദായ നികുതി വകുപ്പിന് കുടിശിക നികത്താന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് ഫ്‌ളാറ്റ് ലേലം ചെയ്യാന്‍ തീരുമാനിച്ചത്. ലേല തുക കഴിച്ച് ബാക്കി വരുന്ന തുക എന്ത് ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.