വേഗത്തിന്റെ അതിർവരമ്പുകളില്ലാത്ത ഓട്ടോബാനിലൂടെ വാഹനമോടിക്കുക എന്നത് ഏതൊരു വാഹന പ്രേമിയുടേയും സ്വപ്നമാണ്. സൂപ്പർകാറുകൾ ഇരമ്പിപ്പായുന്ന ഈ ജർമൻ ഹൈവേയിൽ 200 കിലോമീറ്റർ വേഗത്തിൽ കാറോടിച്ചതിന്റെ സന്തോഷത്തിലാണു കാളിദാസൻ. മലയാളത്തിലെ പ്രിയ താരദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടെയും പുത്രനായ കാളിദാസൻ രണ്ടാം ചിത്രത്തിലൂടെ തന്നെ മികച്ച ബാലനടനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.
ഏറെക്കാലമായി മനസിൽ കൊണ്ടു നടക്കുന്ന സ്വപ്നം പൂവണിഞ്ഞു എന്ന പേരില്‍ താരം തന്നെയാണ് 200 കിലോമീറ്റർ വേഗത്തിൽ ഔഡി പായിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. വേഗപരിധികളില്ലാത്ത ഹൈവേയിലൂടെയാണു താൻ വാഹനമോടിക്കുന്നതെന്നും ഇതിനായി ശ്രമിക്കരുതെന്നും താരം കുറിച്ചിട്ടുണ്ട്.

അവധിക്കാലം ആഘോഷിക്കാനായി ജർമനിയിൽ എത്തിയ താരം ‌ലോകത്തിലെ ഏറ്റവും വലിയ ഓട്ടോഷോകളിലൊന്നായ ഫ്രാങ്ക്ഫുട്ട് ഓട്ടോഷോയും മെഴ്സഡീസ് ബെൻസിന്റെ മ്യൂസിയവും സന്ദർശിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. തമിഴ് ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താരത്തിന്റെ ആദ്യ ചിത്രം പൂമരം റിലീസിന് ഒരുങ്ങുകയാണ്.

 

All time dream to drive on the #autobhan …. pardon the german guy next to me

A post shared by Kalidas Jayaram (@kalidas_jayaram) on