തിരുവനന്തപുരം കല്ലമ്പലത്ത് ബസിൽ കയറുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞു കയറിയ കാറിനടിയിൽ പെട്ട് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. 17 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കടുവാപ്പള്ളി കെടിസിടി ആർട്സ് കോളേജിലെ ഒന്നാംവർഷ എംഎ ഇംഗ്ളീഷ് വിദ്യാർത്ഥിനി ആറ്റിങ്ങൽ മാമം ശ്രീസരസിൽ വിജയകുമാറിൻ്റെയും മഞ്ജുവിന്റെയും മകൾ ശ്രേഷ്ഠ എം വിജയ് (22) ആണ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചാത്തൻപാറ കല്ലമ്പള്ളി വീട്ടിൽ സഫിൻഷാ (21), കോരാണി ഇടയ്ക്കോട് ആസിയ മൻസിലിൽ ആസിയ (21) എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച വൈകുന്നേരം 3.15-ഓടെ ദേശീയപാതയിൽ മണമ്പൂർ ആഴാംകോണം ജങ്ഷനിലായിരുന്നു അപകടം. കല്ലമ്പലത്തുനിന്ന് ആറ്റിങ്ങലിലേക്കു വന്ന സ്വകാര്യബസ് ആഴാംകോണം ജങ്ഷനിൽ നിർത്തി വിദ്യാർഥികളെ കയറ്റുമ്പോൾ, കൊല്ലത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു പോയ കാർ നിയന്ത്രണം വിട്ട് ബസിൻ്റെ ഇടതുവശത്തുകൂടി വിദ്യാർഥികൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടികൾ പല ഭാഗത്തേക്കു തെറിച്ചുവീണു. പരിക്കേറ്റവരെ നാട്ടുകാരും യാത്രക്കാരും പോലീസും ചേർന്ന് വിവിധ വാഹനങ്ങളിൽ കയറ്റി ചാത്തമ്പാറ കെടിസിടി. ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതേസമയം വാഹനത്തിനടയിൽപ്പെട്ട ശ്രേഷ്ഠ അപകടസ്ഥലത്തുതന്നെ മരിച്ചിരുന്നു. ശ്രേഷ്ഠയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു എന്നും ദൃക്സാക്ഷികൾ പറയുന്നു.
കാറോടിച്ചിരുന്ന കൊല്ലം അഞ്ചാലുംമൂട് സ്വദേശി ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൻ്റെ വലിയ ശബ്ദവും കൂട്ടനിലവിളിയും കേട്ട് ഓടിയെത്തിയവർ കണ്ടത് പരിക്കേറ്റ് പലയിടത്തായി ചിതറി വീണുകിടക്കുന്ന കുട്ടികളെയാണ്. ഇടിയുടെ ഫലമായി ബാഗുകളും ചെരിപ്പുകളുമെല്ലാം പലഭാഗത്തായി തെറിച്ചുകിടക്കുകയായിരുന്നു. സമയം കളയാതെ തന്നെ അപകടത്തിൽപ്പെട്ടവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു നാട്ടുകാർ. എല്ലാവരും ഒരുമനസ്സോടെ പ്രവർത്തന നരതരായതോടെ രക്ഷപ്രവർത്തനം ഊർജ്ജിതമായി. അപകടത്തിൽ കാറിൻ്റെ മുൻവശം തകർന്നുപോയിരുന്നു. അപകടത്തിൽപ്പെട്ട കാർ പിന്നീട് യന്ത്രസംവിധാനമുപയോഗിച്ച് പോലീസ് സംഭവസ്ഥലത്തുനിന്ന് സ്റ്റേഷൻവളപ്പിലേക്കു മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നു മണി കഴിഞ്ഞാണ് സംഭവം. ദേശീയ പാതയിൽ കല്ലമ്പലം പോലീസ് സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന കെടിസിടി കോളേജിൽ പഠിക്കുന്ന വിദ്യാർഥികൾ പഠനം കഴിഞ്ഞ് കോളേജിനു അടുത്തുള്ള ആയാംകോണം ജംഗ്ഷനിൽ ആറ്റിങ്ങൽ ഭാഗത്തേക്ക് പോകാൻ ബസ് കാത്ത് നിൽക്കുകയായിരുന്നു വിദ്യാർത്ഥികൾ. ഏകദേശം ഇരുപതോളം വിദ്യാർത്ഥികൾ അവിടെ ഉണ്ടായിരുന്നു. ഒരു സ്വകാര്യ ബസ് വന്ന് അതിലേക്ക് കുട്ടികൾ കയറാൻ ഒരുങ്ങുമ്പോഴാണ് കൊല്ലം ഭാഗത്ത് നിന്നും അമിത വേഗതയിൽ ടൊയോട്ട ഫോർച്യൂണർ കാർ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുന്നത്. നിർത്തിയിട്ട് ആളെ കയറ്റിക്കൊണ്ട് നിന്ന ബസ്സിന് പുറകിലും ഇടിച്ച ശേഷമാണ് വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചു കയറിയതെന്നാണ് വിവരം.
വിദ്യാർത്ഥികൾ കാറിന് അടിയിലായപ്പോഴും കാർ ഡ്രൈവർ രക്ഷപ്പെടാൻ വാഹനം പുറകോട്ട് എടുക്കുകയും വിദ്യാർത്ഥികളുടെ ദേഹത്തു കാർ കയറി ഇറങ്ങുകയും ചെയ്തു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഓടിക്കൂടിയ നാട്ടുകാരും മറ്റു വിദ്യാർത്ഥികളും കാറിൽ അടിച്ചു ബഹളം വെച്ചപ്പോഴാണ് കാർ നിർത്താൻ ഡ്രൈവർ തയ്യാറായത്. നാട്ടുകാരും മറ്റു വിദ്യാർത്ഥികളും ചേർന്ന് കാറിനു അടിയിൽ പെട്ട വിദ്യാർത്ഥികളെയും കാറിടിച്ചു പരിക്കേറ്റ മറ്റു വിദ്യാർത്ഥികളെയും തൊട്ടടുത്തുള്ള കെടിസിടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആതിര പി, ഗായത്രി, ആമിന, അൽഫിയ, സുമിന, നിതിൻ, നിഹാൽ, സൂര്യ, ഫഹദ്, അരുണിമ, ഫൈസ്, ആസിയ, ആദിത്, ഗംഗ, വീണ തുടങ്ങിയ വിദ്യാർത്ഥികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ആറ്റിങ്ങൽ പ്രസിദ്ധമായ ലിപ്റ്റൻ കുടുംബത്തിലെ സുകുമാരൻനായരുടെ ജ്യേഷ്ഠ സഹോദരൻ ശ്രീധരൻനായരുടെ മകൻ വിജയകുമാറിന്റെ മകളാണ് ശ്രീ സരസിൽ ശ്രേഷ്ഠ എം വിജയ്. അടുത്ത കാലത്താണ് ലേബർ ഓഫീസർ ആയിരുന്ന വിജയകുമാർ റിട്ടയർ ചെയ്തത്. മഞ്ജുവാണ് ശ്രേഷ്ഠയുടെ മാതാവ് .
Leave a Reply