പഞ്ചാബിലെ ജലന്തറില്‍ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍വെന്റ് ചാപ്പലിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് കത്തോലിക്കാ വിഭാഗത്തിലെ കന്യാസ്ത്രീയായ സിസ്റ്റര്‍ മേരി മേഴ്‌സിയുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയത്. 30 വയസായിരുന്നു.

ആലപ്പുഴയിലെ ചേര്‍ത്തലയ്ക്കടുത്തുള്ള ആര്‍ത്തുങ്കലില്‍ നിന്നുള്ളയാളാണ് സിസ്റ്റര്‍ മേരി മേഴ്‌സി. 1881ല്‍ സ്ഥാപിതമായ ഇറ്റാലിയന്‍ സന്യാസിനി സമൂഹമായ ഫ്രാന്‍സിസ്‌കന്‍ ഇമ്മാകുലേറ്റൈന്‍ സിസ്റ്റേഴ്സിന്റെ ഭാഗമായിരുന്നു സിസ്റ്റര്‍ മേരി മേഴ്‌സി.

മരണം സ്ഥിരീകരിച്ച് കൊണ്ട് ബിഷപ്പ് ഹൗസില്‍ നിന്നും അറിയിപ്പ് നല്‍കിയെങ്കിലും മരണകാരണം സംബന്ധിച്ചൊന്നുമുള്ള വിവരങ്ങളോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല.

സംസ്‌കാര ചടങ്ങുകള്‍ പിന്നീട് കന്യാസ്ത്രീയുടെ ചേര്‍ത്തലയിലെ ഇടവകയില്‍ വെച്ച് നടക്കുമെന്ന് ബിഷപ് ഹൗസില്‍ നിന്നുള്ള അറിയിപ്പില്‍ പറഞ്ഞു.

”നവംബര്‍ 30ന് രാവിലെ സിസ്റ്റര്‍ മേഴ്‌സിയുടെ മൃതദേഹം കോണ്‍വെന്റ് ചാപലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോപ്‌സിയ്ക്ക് ശേഷം മൃതദേഹം കേരളത്തിലേയ്ക്ക് എത്തിക്കും,” രൂപത ചാന്‍സലര്‍ ഫാദര്‍ ആന്തണി തുരുത്തി പറഞ്ഞതായി മാറ്റേഴ്‌സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.