തൃശൂര്‍: കല്യാണ്‍ സാരീസിലെ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ ഇരിപ്പ് സമരം നടത്തി വിജയം വരിച്ച ജീവനക്കാര്‍ക്കെതിരെ മാനേജ്മന്റിന്റെ പ്രതികാര നടപടി. തൊഴിലാളികളുമായുണ്ടാക്കിയ കരാര്‍ പ്രകാരം അടിസ്ഥാന ശമ്പളം നല്‍കാത്ത മാനേജ്‌മെന്റ് നടപടിയെ ചോദ്യം ചെയ്ത ആറ് ജീവനക്കാരികളെ പുറത്താക്കിയാണ് പ്രതികാരം ചെയ്തത്. 2014 ഡിസംബറിലാണ് ജീവനക്കാരികള്‍ സമരം ചെയ്തത്. സമരത്തെ തുടര്‍ന്ന് ശമ്പള വര്‍ധനവ് നല്‍കാമെന്നും തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തിരുന്നു.
2017 മാര്‍ച്ച് മാസം പുതുക്കിയ അടിസ്ഥാന ശമ്പളം തരണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഏപ്രില്‍ മാസം 10 മുതല്‍ ജോലിക്ക് വരെണ്ടന്ന് പറഞ്ഞാണ് മാനേജ്‌മെന്റ് മറുപടി നല്‍കി. ഇതോടെ ചൊവ്വാഴ്ച മുതല്‍ തൊഴിലാളികള്‍ എ.ഐ.ടി.യു.സി ഷോപ്പ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കല്യാണ്‍ സാരീസിന് മുന്നില്‍ വീണ്ടും സമരം ആരംഭിച്ചിരിക്കുകയാണ്.
തൊഴിലാളികളെ തിരിച്ചെടുക്കും വരെ സംഘടന സമര രംഗത്ത് ഉണ്ടാവുമെന്നും, വിഷയത്തില്‍ സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും എഐടി.യു.സി സംസ്ഥാന സെക്രട്ടറി എ.എന്‍ രാജന്‍ വ്യക്തമാക്കി. സമരത്തിന് പിന്തുണയുമായി മറ്റ് തൊഴിലാളി സംഘടനകളും വരും ദിവസങ്ങളില്‍ എത്തുന്നതോടെ മാനേജ്‌മെന്റ് തീരുമാനം റദ്ദാക്കുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം നടത്താനാണ് തീരുമാനമെന്ന് തൊഴിലാളികള്‍ പറഞ്ഞു.
Leave a Reply