മധ്യപ്രദേശില്‍ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം വിശ്വാസ വോട്ട് തേടുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചു. കോണ്‍ഗ്രസിലെ 22 എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. എംഎല്‍എ മാരുടെ രാജി സ്വീകരിച്ചതോടെ, സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ് ഉണ്ടായത്. ഇതെതുടര്‍ന്നാണ് കമല്‍ നാഥ് രാജിവെച്ചത്.
ഇന്നലെയാണ് സുപ്രീം കോടതി കമല്‍നാഥിനോട് വിശ്വാസ വോട്ട് തേടാന്‍ നിര്‍ദ്ദേശിച്ചത്. ബിജെപി എംഎല്‍എമാരുടെ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് അദ്ദേഹത്തിന് പിന്തുണയുമായി എംഎല്‍എമാര്‍ രാജിവെച്ചത്. ഇതോടെ സര്‍ക്കാര്‍ ഫലത്തില്‍ ന്യുനപക്ഷമായി. ജ്യോതിരാദിത്യ സിന്ധ്യയെ പിന്നീട് ബിജെപി അടുത്തമാസം നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുമാക്കി.
അഞ്ച് വർഷത്തെക്ക് വിധി എഴുതിയ ജനങ്ങളെ ബിജെപി വഞ്ചിക്കുകയായിരുന്നുവെന്ന് കമൽനാഥ് പറഞ്ഞു. ജനാധിപത്യത്തെ ബിജെപി കൊലപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.” ഞാൻ രാജിവെയ്ക്കുകയാണ്. ഗവർണർ ലാൽജി ഠണ്ടനെ കണ്ട് രാജി സമർപ്പിക്കും. എന്നാൽ ജനങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനം തുടരും” രാജി സമർപ്പിക്കുന്നതിന് മുമ്പ് കമൽ നാഥ് പറഞ്ഞു. ഇന്നലെ വൈകി സ്പീക്കർ എൻ പി പ്രജാപതി എംഎൽഎമാരുടെ രാജി സ്വീകരിക്കുകയായിരുന്നു. ഇതോടെയാണ് കമൽനാഥിന് മുന്നിൽ വഴികൾ അടഞ്ഞത്. ആറ് പേരുടെ രാജി നേരത്തെ സ്വീകരിച്ചിരുന്നു. ഇവർ മന്ത്രിസഭയിലും അംഗങ്ങളായിരുന്നു.
230 അംഗ സഭയില്‍നിന്നാണ് 22 പേര്‍ രാജിവെച്ചത്. രണ്ട് സീറ്റുകള്‍ അംഗങ്ങള്‍ മരിച്ചതിനെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുകയാണ്. ഇതോടെ ഫലത്തില്‍ സഭയുടെ ആകെ അംഗ സംഖ്യ 206 ആയി. ഇപ്പോഴത്തെ നിലയില്‍ ബിജെപിയ്ക്ക് 107 അംഗങ്ങളുടെ പിന്തുണയുണ്ട്.് കോണ്‍ഗ്രസിന് 92 എംഎല്‍എമാരുടെ പിന്തുണ മാത്രമാണുള്ളത്.
2018 ഡിസംബറിലാണ് മധ്യപ്രദേശിൽ 15 വർഷത്തിനുശേഷം കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിയമകിക്കുമെന്ന കാര്യത്തിൽ അന്നു തന്നെ സംശയങ്ങളും തർക്കങ്ങളുമുണ്ടായിരുന്നു. ഒടുവിൽ ആഴ്ചകൾ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് കോൺഗ്രസ് പാർട്ടി കമൽനാഥിനെ മുഖ്യമന്ത്രിയായി നിയമിച്ചത്. പിസിസി അധ്യക്ഷ സ്ഥാനത്തും അദ്ദേഹം തന്നെ തുടർന്നു. ജ്യോതിരാദിത്യ സിന്ധ്യയെ പൂർണമായും അവഗണിച്ചുകൊണ്ടാണ് സർക്കാരിൻ്റെ പ്രവർത്തനങ്ങളെന്ന ആക്ഷേപം ഉണ്ടായിരുന്നു. ദിഗ് വിജയ് സിംങ്ങിനെ വിശ്വാസത്തിലെടുത്ത കമൽനാഥ് സിന്ധ്യയെ പൂർണമായും തഴഞ്ഞു. ഇതാണ് പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ അഭയം തേടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് സിന്ധ്യയെ അനുകൂലിക്കുന്നവർ പറയുന്നത്.
മധ്യപ്രദേശിൽ 15 വർഷം മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംങ് ചൌഹാൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. ആറുമാസത്തിനകം 24 നിയമസഭ സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് സർക്കാറിനെ സംബന്ധിച്ച് നിർണായകമാകും.
Leave a Reply