കൊച്ചി: ഇടുക്കി വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി അനീഷ് പിടിയില്‍. എറണാകുളം നേര്യമംഗലത്ത് സുഹൃത്ത് വാടകയ്‌ക്കെടുത്ത വീട്ടില്‍ ഒളിച്ചു താമസിക്കുന്നതായി രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അനീഷ് കുടുങ്ങിയത്. വീട്ടിലെ കുളിമുറിയിലാണ് അനീഷ് ഉറങ്ങിയിരുന്നതെന്ന് പോലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ അനീഷിന്റെ സഹായിയായ ലീബീഷിനെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക വിവരങ്ങള്‍ പുറത്തായത്. ബുള്ളറ്റിന്റെ പൈപ്പ് ഉപയോഗിച്ചാണ് കൃത്യം നടത്തിയിരിക്കുന്നത്. അനീഷിനെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
കൊലപാതകത്തിന് മുന്‍പ് സ്ത്രീകളെ ഇരുവരും ബലാത്സംഗം ചെയ്തതായിട്ടും വ്യക്തമായിട്ടുണ്ട്. കത്തി ഉപയോഗിച്ച് മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്തതായി അനീഷ് സമ്മതിച്ചിട്ടുണ്ട്. ആഴ്ച്ചകള്‍ക്ക് മുന്‍പാണ് മന്ത്രവാദത്തില്‍ തന്റെ ഗുരുവായ കൃഷ്ണനെയും കുടുംബത്തെയും അനീഷും സഹായി ലീബിഷും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി ചാണകക്കുഴിയില്‍ കുഴിച്ചിട്ടത്. കൃഷ്ണന്റെ മന്ത്രസിദ്ധി കൈക്കലാക്കുന്നതിനായിട്ടായിരുന്നു ക്രൂരമായി കൊലപാതകം. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ അനീഷിനെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടന്നത്.
മന്ത്രവാദിയായ കൃഷ്ണന്റെ വര്‍ഷങ്ങളായുള്ള സഹായിയാണ് അനീഷ്. കൃഷ്ണനില്‍ നിന്ന് മന്ത്രവാദം പഠിച്ച ശേഷം സ്വന്തമായി ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. കൃഷ്ണന്‍ തന്റെ മന്ത്രവാദ ശക്തികളെ ക്ഷയിപ്പിച്ചുവെന്നാണ് അനീഷ് വിശ്വസിച്ചിരുന്നത്. ഇയാളെ കൊലപ്പെടുത്തിയാല്‍ 300 മൂര്‍ത്തികളുടെ ശക്തി തനിക്ക് ലഭിക്കുമെന്നും അനീഷ് ഉറച്ചു വിശ്വസിച്ചു. കൊലപ്പെടുത്താനുള്ള പദ്ധതികള്‍ ആറു മാസമെടുത്താണ് ആവിഷ്‌കരിച്ചത്. കൃത്യമായ സാഹചര്യം ഒത്തുവരുന്നതിനായി കാത്തിരിക്കുകയായിരുന്നു.
ഉറ്റ സുഹൃത്ത് ലീബീഷിനോട് ഇക്കാര്യം പറയുകയും ഒന്നിച്ച് കൃത്യം നടത്തി സ്വര്‍ണ ഉള്‍പ്പെടെയുള്ളവ കൊള്ളയടിക്കാമെന്നും തീരുമാനിച്ചു. കൃത്യം നടത്തിയ ദിവസം ഇരുവരും രാത്രി 8 മണിയോടെ കൃഷ്ണന്റെ വീട്ടിലെത്തി. പുറത്ത് കെട്ടിയിട്ടിരിക്കുന്ന ആടിനെ ഉപദ്രവിച്ചു. ആടിന്റെ ശബ്ദം കേട്ട് പുറത്തിറങ്ങിയ കൃഷ്ണനെ പിറകില്‍ നിന്ന് അടിച്ചു വീഴ്ത്തി. പിന്നാലെ വന്ന ഭാര്യയെ ലിബീഷ് കൊലപ്പെടുത്തുകയും ചെയ്തു. ബഹളം കൂടിയതോടെ മകളും പുറത്തിറങ്ങി. ഇരുവരും ചേര്‍ന്ന് മകളായ ആര്‍ഷയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ മകന്‍ അര്‍ജുനും പുറത്തിറങ്ങി.
ഇരുവരെയും കൊല്ലാന്‍ പെട്ടന്ന് കഴിയാതിരുന്നതിനാല്‍ ഇവര്‍ അര്‍ജുനെ ക്രൂരമായി ആക്രമിച്ച് വീഴ്ത്തിയ ശേഷം ആര്‍ഷയുടെ ശരീരം കത്തിക്കൊണ്ട് കുത്തി വികൃതമാക്കി. അര്‍ജുന്റെ തല വീണ്ടും അടിച്ച് തകര്‍ത്ത ശേഷം മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കൂട്ടിയിട്ടു. ശേഷം ലീബിഷ് തിരികെ വീട്ടിലേക്ക് പോവുകയും ചെയ്തു. പിറ്റേന്ന് രാത്രി ഇരുവരും തിരികെയെത്തുമ്പോള്‍ അര്‍ജുന്‍ ജീവനോടെ തല താഴ്ത്തി ഇരിക്കുന്നത് കണ്ടു. അതോടെ വീണ്ടും ചുറ്റിക ഉപയോഗിച്ച് ആക്രമണം നടത്തി. മൃതദേഹങ്ങള്‍ കത്തികൊണ്ട് വികൃതമാക്കിയ ശേഷം കുഴിച്ചിട്ടു. മറവ് ചെയ്യുന്ന സമയത്ത് അര്‍ജുനും കൃഷ്ണനും ജീവനുണ്ടായിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.
Leave a Reply