തിരുവനന്തപുരം: മരട് ഫ്ളാറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി വിധിയെ പിന്തുണച്ചു സിപിഐ. ശബരിമല വിധി നടപ്പാക്കിയെങ്കിൽ എന്തുകൊണ്ട് ഈ വിധി നടപ്പാക്കിക്കൂടായെന്ന്, മരട് ഫ്ളാറ്റുകൾ പൊളിച്ചുമാറ്റുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച സർവ്വകക്ഷിയോഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചോദിച്ചു.
മരട് വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കരുതെന്ന് ആർക്കും പറയാനാകില്ലെന്നു കാനം നേരത്തെയും പറഞ്ഞിരുന്നു. അതേസമയം, സിപിഎമ്മും കോണ്‍ഗ്രസും ഫ്ളാറ്റ് ഉടമകൾക്ക് അനുകൂലമായി നിലപാടാണു സ്വീകരിച്ചത്.
മരട് ഫ്ളാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവു മറികടക്കാനുള്ള സാധ്യത തേടിയാണു സംസ്ഥാന സർക്കാർ സർവകക്ഷി യോഗം വിളിച്ചത്. നിയമക്കുരുക്കിൽപ്പെട്ട മരട് ഫ്ളാറ്റ് പൊളിക്കൽ ഉത്തരവുമായി ബന്ധപ്പെട്ടു വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം അറിഞ്ഞശേഷം തുടർനടപടി സ്വീകരിക്കാനാണു സർക്കാർ തീരുമാനം.
ഫ്ളാറ്റ് പൊളിക്കൽ ഉത്തരവുമായി ബന്ധപ്പെട്ടു സർവകകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ടു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന് ആദ്യം കത്ത് നൽകിയത്. മരടിലെ ഫ്ളാറ്റ് പൊളിക്കാതിരിക്കാൻ സർക്കാർ ഇടപെടണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു. സിപിഎം, ഫ്ളാറ്റ് ഉടമകൾക്കൊപ്പമാണെന്നും മരട് സന്ദർശിച്ച കോടിയേരി പ്രഖ്യാപിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഫ്ളാറ്റ് ഉടമകൾക്ക് അനുകൂലമായി രംഗത്തെത്തി. സർക്കാർ അടിയന്തരമായി ഇടപെട്ടു പ്രതിസന്ധി പരിഹരിക്കണമെന്നാണു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുക, ഫ്ളാറ്റുടമകളുടെ ഭാഗം കേൾക്കുക, പൊളിച്ചേ തീരൂവെങ്കിൽ പുനരധിവാസം ഉറപ്പാക്കി തുര്യമായ നഷ്ടപരിഹാരം നൽകുക എന്നീ നിർദേശങ്ങൾ മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു.
ഉത്തരവ് നടപ്പാക്കി ഇരുപതിനകം സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിക്കാനാണു സുപ്രീംകോടതി നിർദേശം. ഇതിനു തൊട്ടുപിന്നാലെയാണു വിധി മറികടക്കാനും കോടതി വിധി നടപ്പാക്കുന്നതു നീട്ടിവയ്ക്കുന്നതിനുള്ള നിർദേശങ്ങൾ സമാഹരിക്കുന്നതിന്റെയും ഭാഗമായി സർക്കാർ സർവകകക്ഷി യോഗം വിളിച്ചത്.
മരട് ഫ്ളാറ്റ് നിലനിൽക്കുന്ന മേഖലയെ സിആർഇസഡ്- മൂന്നിന്റെ (തീരദേശ നിയന്ത്രണ നിയമം) പരിധിയിൽനിന്നു രണ്ടിലേക്കു മാറ്റി വിജ്ഞാപനം ഇറക്കാൻ കേന്ദ്രസർക്കാരിനോടു ശിപാർശ ചെയ്യാൻ സംസ്ഥാനത്തിനു കഴിയും. സിആർഇസഡ് രണ്ടിലുള്ള പ്രദേശത്തു സ്ഥിതിചെയ്യുന്ന ഫ്ളാറ്റ് പൊളിക്കേണ്ടതില്ല.
Leave a Reply