ഷൂട്ടിങ്ങിനിടെ ബോളിവുഡ് നടി കങ്കണ റണൗട്ടിന് ഗുരുതര പരുക്ക്. നെറ്റിയില്‍ പരുക്കേറ്റ കങ്കണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന മണികര്‍ണിക- ദ ക്യൂന്‍ ഓഫ് ഝാന്‍സി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് പരുക്കേറ്റത്. ഹൈദരാബാദിലായിരുന്നു ഷൂട്ടിങ്. വാളുപയോഗിച്ചുള്ള സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ വാള്‍ കങ്കണയുടെ നെറ്റിയില്‍ അടിക്കുകയായിരുന്നു.

Image result for /kangana-ranaut-now-stable-after-sustaining-injury-on-the-sets-of-manikarnika-the-queen-of-jhansi

നടിയെ ഉടനടി അടുത്തള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവരുടെ തലയില്‍ 15 തുന്നലുകൾ ഇടേണ്ടി വന്നതായും റിപ്പോര്‍ട്ട് പറയുന്നു. ഒരാഴ്ചയോളം നടിക്ക് ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നാണ് അറിയുന്നത്. ഐസിയുവില്‍ പ്രവേശിപ്പിച്ച നടി അപകടനില തരണം ചെയ്തിട്ടുണ്ട്. കഷ്ടിച്ചാണ് കങ്കണ രക്ഷപ്പെട്ടതെന്ന് അവരെ ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചു. ഡ്യൂപ്പില്ലാതെ സംഘട്ടന രംഗത്തില്‍ അഭിനയിക്കണമെന്ന് നടി നിര്‍ബന്ധം പിടിക്കുകയായിരുന്നുവെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ജമാല്‍ ജയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു പാട് തവണ റിഹേഴ്സല്‍ ചെയ്ത ശേഷമായിരുന്നു ഷൂട്ടിങ് തുടങ്ങിയത്. സഹതാരം നിഹാറുമായിട്ടുള്ള വാള്‍പ്പയറ്റായിരുന്നു ഷൂട്ട് ചെയ്തത്. ഇതിനിടയിലാണ് നിഹാറിന്റെ വാള്‍ കങ്കണയുടെ നെറ്റിയിലടിച്ചത്. മുറിവ് ഭേദമായാലും പാട് നെറ്റിയിലുണ്ടാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ഝാന്‍സി റാണി ഒരു യോദ്ധാവാണെന്നും ആ മുറിപ്പാട് താനൊരു അഭിമാനമായി കാണുമെന്നും കങ്കണ പറഞ്ഞു. ആശുപത്രി വിട്ടതിന് ശേഷം കങ്കണ ഉടന്‍ തന്നെ ചിത്രത്തിന്റെ സെറ്റിലെത്തും. അടുത്ത വര്‍ഷം ഏപ്രിലിലാണ് ചിത്രം തിയറ്ററിലെത്തുന്നത്. കൃഷ് ആണ് ചിത്രത്തിന്റെ സംവിധാനം.