കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ച് ആണ്ടു കുമ്പസാരവും പെസഹാ വ്യാഴാഴ്ച കുർബാന കൈക്കൊള്ളലും വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. എന്നാൽ അന്നേ ദിവസം കാഞ്ഞിരപ്പള്ളി രൂപതയിലെ കൂവപ്പള്ളി സെൻറ് ജോസഫ് പള്ളിയിൽ ശിരോവസ്ത്രം അണിഞ്ഞില്ലന്നതിന്റെ പേരിൽ 13 വയസ്സുകാരിയായ പ്രവാസി മലയാളി പെൺകുട്ടിക്ക് കുർബാന നിഷേധിച്ച സംഭവത്തിൽ കടുത്ത വിമർശങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. സംഭവം പുറത്തിറഞ്ഞത് കുട്ടിയുടെ പിതാവ് ഫെയ്സ് ബുക്കിൽ വേദനയോടെ പോസ്റ്റ് ചെയ്ത കുറിപ്പടിയിലൂടെയാണ്. ഒട്ടേറെ പേരാണ് സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത് .
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം…
പരിശുദ്ധ കുർബാന സ്ഥാപിക്കപ്പെട്ട ദിവസം… ക്രിസ്തു മനുഷ്യർക്കുവേണ്ടി സ്വയം ഏൽപ്പിച്ചു കൊടുക്കപ്പെട്ട് അപ്പമായി മുറിയപ്പെട്ട ദിവസം…
വർഷങ്ങളായി ഓസ്‌ട്രേലിയയിൽ ജീവിക്കുന്ന ഞാനും കുടുംബവും ഇത്തവണ നാട്ടിൽ വന്നത് പെസഹയും, ദുഃഖവെള്ളിയും, ഈസ്റ്ററുമെല്ലാം ഇവിടെ ആഘോഷിക്കാമല്ലോ എന്ന സന്തോഷത്തിലാണ്. ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ തെല്ലൊരു അഭിമാനത്തോടെയാണ് ഇന്നലെ പതിമൂന്നുകാരി മകളോട് പറഞ്ഞുകൊടുത്തത്… പക്ഷെ ആ സന്തോഷം അപമാനമായി മാറാൻ അധികം സമയം വേണ്ടിവന്നില്ല
ഓസ്‌ട്രേലിയയിൽ ജനിച്ച്, അവിടെ വളർന്ന്, അവിടെ വച്ചുതന്നെ ആദ്യകുർബാനയും സ്വീകരിച്ച്, കൃത്യമായി കൂദാശകളും അനുഷ്ടിച്ച് ജീവിച്ചുവരുന്ന മകൾക്ക് നാട്ടിലെ സ്വന്തം ഇടവകപ്പള്ളിയിൽ കുർബാന സ്വീകരിക്കുമ്പോൾ ശിരോവസ്ത്രം നിർബന്ധമായും ധരിക്കണമെന്ന് അറിയില്ലായിരുന്നു, ആരും അവൾക്ക് പറഞ്ഞു കൊടുത്തിരുന്നില്ല… ഓസ്‌ട്രേലിയയിലെ സീറോ മലബാർ പള്ളികളിൽ ഇത് നിർബന്ധമല്ല, ഭാര്യയുടെ രൂപതയിൽ (കോതമംഗലം, എറണാകുളം അതിരൂപത) നിർബന്ധമില്ല, ലത്തീൻ പള്ളികളിൽ ഒന്നിലും നിർബന്ധമില്ല.. അതുകൊണ്ട് എന്റെ ഇടവകയായ കാഞ്ഞിരപ്പള്ളി രൂപതയിലെ കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിലെ നിർബന്ധം അത്ര ശ്രദ്ധിക്കാൻ സാധിച്ചില്ല എന്നത് എന്റെ തെറ്റ്…!!
പെസഹാ ദിവസമായ ഇന്ന് സാധാരണയിൽ കൂടുതൽ ആളുകൾ വിശുദ്ധ കുർബാന സ്വീകരിക്കുന്നതിന്റെ ഇടയിലും എന്റെ മകളുടെ തലയിൽ ശിരോവസ്ത്രം ഇട്ടിരുന്നില്ല എന്ന കാര്യം വികാരിയച്ചൻ പ്രത്യേകം ശ്രദ്ധിക്കുകയും, കൈകൂപ്പി നാവു നീട്ടിയ അവൾക്ക് കുർബാന നിഷേധിച്ച് മുന്നോട്ട് പോവുകയും ചെയ്തു… മലയാളം അത്ര വശമില്ലാത്ത മോൾക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ ഒരു നിമിഷം പകച്ചുനിന്നു.
… പിന്നീട് അടുത്തുനിന്ന ചേച്ചിയിൽ നിന്നും ഇവിടെ ശിരോവസ്ത്രമില്ലാത്തവർക്ക് കുർബാന കൊടുക്കില്ല എന്ന വിശേഷം മനസ്സിലാക്കിയ ഭാര്യ സ്വന്തം ഷാൾ അണിയിച്ച് വീണ്ടും വരിയിൽ നിർത്തി കുർബാന സ്വീകരിപ്പിച്ചു…
കാരണം…
കുർബാനയുടെ മഹത്വം അത് നിഷേധിച്ചവർക്ക് അറിയില്ലായിരിക്കാം, പക്ഷെ നമുക്കറിയാമല്ലോ അതിന്റെ പവിത്രതയും വിശുദ്ധിയും സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും…!!
ആചാരങ്ങളാവാം,( നിർദ്ദേശങ്ങൾ) നിയമസംവിധാനങ്ങളുമാവാം… പക്ഷെ പാരമ്പര്യത്തിന്റെ ചുവടുപിടിച്ച ഇത്തരം സഭാ നിർദ്ദേശങ്ങൾ നിർബന്ധമായും അനുസരിപ്പിക്കുന്ന രീതി ഒഴിവാക്കണം എന്ന് ഉറച്ചു വിശ്വസിക്കുന്നു… കാരണം ഇതൊന്നും ദൈവം നൽകിയ കല്പനകളോ പ്രമാണങ്ങളോ അല്ല… വിവിധ കാലഘട്ടങ്ങളിൽ, വിവിധ പ്രദേശങ്ങളിൽ അനുവർത്തിച്ചിരുന്ന ഇത്തരം കാര്യങ്ങൾ പാലിക്കാം, പാലിക്കാതെയും ഇരിക്കാം എന്ന സ്ഥിതി ഉണ്ടാവണം…
നിർഭാഗ്യവശാൽ, ഇന്നത്തെ സഭാസംവീധാനങ്ങൾക്ക് ദൈവ പ്രമാണങ്ങൾ വേണമെങ്കിൽ ലംഘിച്ചോളു, പക്ഷെ ആചാരങ്ങൾ ( നിർദ്ദേശങ്ങൾ) , അതിൽ അണുവിട മാറ്റം വരാൻ പാടില്ല എന്ന നിർബന്ധമാണ് കൂടുതൽ…
ചെറുപ്പം മുതലേ പള്ളിയും വേദപാഠവും കുടുംബപ്രാർത്ഥനയുമായി നടക്കുന്ന, എന്നാൽ ആചാരങ്ങളെപ്പറ്റി അത്ര അറിവില്ലാത്ത ആ പെൺകുട്ടി ഇന്നനുഭവിച്ച അപമാനത്തിന് ആര് സമാധാനം പറയും??
അവൾ നീട്ടിയ നാവിൽ ക്രിസ്തുവിനെ നിഷേധിച്ച ബഹുമാനപ്പെട്ട വൈദികൻ എന്ത് ക്രിസ്തു സന്ദേശമാണ് ഈ സമൂഹത്തിന് നൽകുന്നത്??
ഓസ്ട്രേലിയയിൽ നിന്നും വന്ന കുടുംബം തലേ ദിവസം നെറ്റ് വാങ്ങാൻ ശ്രമിച്ചിരുന്നു എങ്കിലും സമയക്കുറവ് മൂലം നെറ്റ് കിട്ടാഞ്ഞിനു ശേഷമാണ് തന്റെ ഇടവക പള്ളിയിൽ കുർബാന കൈക്കൊള്ളാൻ ചെന്നതും ആ വൈദികന്റെ ആട്ട് കേൾക്കേണ്ട വന്നതും 2000 വർഷം മുമ്പ് യേശുക്രിസ്തുവിനെ കുരിശിലേറ്റിയ പുരോഹിത വർഗ്ഗത്തിന്റെ ഇന്നത്തെ പിൻതലമുറക്കാർ ഇതല്ല ഇതിന്റെ അപ്പുറവും ചെയ്യും മോളെ മാപ്പ്….