മകനെ സ്കൂളിൽ വിട്ട് മടങ്ങവേ കന്നഡ നടൻ ഗുരു ജഗ്ഗേഷിന് കുത്തേറ്റു. അജ്ഞാതനായ യുവാവ് ജഗ്ഗേഷിനെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ബെംഗളൂരുവിലെ ആർടി നഗറിൽ വച്ചായിരുന്നു സംഭവം. ഉടൻതന്നെ ജഗ്ഗേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മോട്ടോർ ബൈക്കിൽ അമിതവേഗതയിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഗുരു ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ഇരുവരും ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടായി. ഒടുവിൽ യുവാവ് കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് ജഗ്ഗേഷിനെ കുത്തുകയായിരുന്നു.

തമിഴ് ചിത്രമായ 7 ജി റെയിൻബോ കോളനിയുടെ കന്നഡ റീമേക്ക് ‘ഗില്ലി’ എന്ന ചിത്രത്തിലൂടെയാണ് ഗുരു ജഗ്ഗേഷ് പ്രശസ്തനാവുന്നത്. ഗുരു, സംക്രാന്തി, പായ്പൊട്ടി തുടങ്ങി ചിത്രങ്ങളിൽ അഭിനയിച്ചു. സംവിധായകൻ നരസിംഹന്റെ പുതിയ ചിത്രത്തിൽ ഗുരു ജഗ്ഗേഷ് ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.