തിരുവനന്തപുരം∙ കഴിഞ്ഞ വര്‍ഷം പ്രളയകാലത്ത് ആരോരുമാറിയാതെ ദുരിതാശ്വാസ ക്യാംപുകളില്‍ സന്നദ്ധപ്രവര്‍ത്തനത്തിനെത്തിയ മുതിര്‍ന്ന മലയാളി ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥന്‍ സര്‍വീസില്‍നിന്നു രാജിവച്ചു. ദാദ്ര നഗര്‍ ഹവേലിയില്‍ ഊര്‍ജ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. രാഷ്ട്രീയ സമ്മര്‍ദമാണ് രാജിക്കു പിന്നിലെന്നാണു സൂചന. രാജി സ്വീകരിക്കും വരെ തുടരുമെന്ന് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥന്‍.
സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതായിരിക്കുന്നുവെന്നും അത് വീണ്ടെടുക്കാനാണ് രാജിയെന്നുമാണ് കണ്ണൻ ഗോപിനാഥൻ പറഞ്ഞത്. എല്ലാവരുടെയും ശബ്ദമാകാനാണ് ഐഎഎസ് എടുത്ത്. എന്നാൽ ഇപ്പോൾ സ്വന്തം ശബ്ദം പോലും ഇല്ലാതായ അവസ്ഥയാണ്. ഉദ്യോഗസ്ഥനായിരിക്കെ പലതും പുറത്ത് പറയാനാകില്ല. പറയാനുള്ള സ്വാതന്ത്ര്യം വീണ്ടെടുക്കാനാണ് ഈ രാജിയെന്നും അദ്ദേഹം പറഞ്ഞു.
പ്രളയ കാലത്ത് ആരും ആവശ്യപ്പെടാതെ തന്നെ എട്ടു ദിവസത്തോളം കണ്ണന്‍ ഗോപിനാഥന്‍ സന്നദ്ധപ്രവര്‍ത്തനത്തിന് കേരളത്തില്‍ എത്തിയിരുന്നു. കൊച്ചിയില്‍ ട്രക്കുകളില്‍നിന്നു സാധനങ്ങള്‍ തലച്ചുമടായി അദ്ദേഹം ക്യാപുകളിലെത്തിച്ചു. തുടര്‍ന്നാണ് ഇദ്ദേഹം ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് ഒപ്പമുള്ളവര്‍ അറിയുന്നത്. ദാദ്രനഗര്‍ ഹവേലയില്‍ ജില്ലാ കലക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് അദ്ദേഹം ദുരിതബാധിതരെ സഹായിക്കാന്‍ എത്തിയത്. ദാദ്ര നഗര്‍ ഹവേലിയുടെ ഭാഗത്തുനിന്നുള്ള പ്രളയ സഹായമായി ഒരു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്കു കൈമാറാനുള്ള ഔദ്യോഗിക യാത്രയ്‌ക്കെത്തിയ കണ്ണന്‍ ഗോപിനാഥന്‍ ഇവിടുത്തെ ദുരിതക്കാഴ്ചകള്‍ കണ്ട് സന്നദ്ധപ്രവര്‍ത്തകരെ സഹായിക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു.
ഐഎഎസ് പദവിയിലിരുന്ന് കൊണ്ട് തന്റെ ആശയങ്ങൾ സ്വതന്ത്ര്യമായി ആവിഷ്ക്കരിക്കാൻ സാധിക്കാത്തതിനാലാണ് കണ്ണൻ രാജിക്ക് ഒരുങ്ങുന്നതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. രാജിക്കത്ത് നൽകിയെന്നുള്ളത് കണ്ണൻ ഗോപിനാഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. രാജി അപേക്ഷ ഇതുവരെ സ്വീകരിച്ചിട്ടില്ല. കണ്ണൻ ഗോപിനാഥനെ രാജി വാർത്ത സമൂഹമാധ്യമത്തിൽ വലിയ ചർച്ചയ്ക്കാണ് വഴിയൊരുക്കുന്നത്. കഴിഞ്ഞ വർഷം ജോലിയില്‍നിന്നു ലീവെടുത്താണ് കലക്ടർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.
ചുമട് ചുമന്ന കലക്ടർ ബ്രോ
ദാദ്ര – നഗർ ഹവേലി കലക്ടറായിരിക്കെയാണ് കോട്ടയം പുതുപ്പള്ളി സ്വദേശി കണ്ണൻ ഗോപിനാഥൻ അവധിയെടുത്ത് ആരുമറിയാതെ കേരളത്തിലെ ക്യാംപുകളിലെത്തിയത്. ആദ്യമെത്തിയത് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലെ കലക്‌ഷൻ സെന്ററിൽ. പിന്നീട് പത്തനംതിട്ടയിലേക്ക്. അവിടെ കലക്‌ഷൻ സെന്ററിലെത്തിയ കണ്ണനോടു ക്യാംപ് കോ–ഓർഡിനേറ്റർക്കു പറയാനുണ്ടായിരുന്നത് ഇത്രമാത്രം– ‘ബാഗ് മാറ്റിവച്ചിട്ട് പണി തുടങ്ങിക്കോളൂ’. മറ്റു യുവാക്കൾക്കൊപ്പം കണ്ണനും കൂടി. ഓരോ ദിവസവും ഓരോ ക്യാംപിൽ രാവിലെ മുതൽ വൈകിട്ടു വരെ പണിയെടുത്തു. രാത്രി കഴിച്ചുകൂട്ടിയതു സമീപ ലോഡ്ജുകളിലും മറ്റും. ആദ്യ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു ദാദ്ര– നഗർ ഹവേലിയുടെ വകയായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയിരുന്നെങ്കിലും പ്രളയബാധിത മേഖലകളിലേക്കു പോകുമെന്ന് അറിയിച്ചിരുന്നില്ല. എറണാകുളം ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കലക്ടര്‍ പ്രജ്ഞാല്‍ പട്ടീലും കെബിപിഎസ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗര്‍ ഹവേലി കലക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്.
മിസോറമിനെ മാറ്റിയ കലക്ടർ
മിസോറമിന്റെ തലസ്ഥാനമായ ഐസ്വാളിൽ കലക്ടറായിരിക്കുമ്പോൾ കണ്ണൻ ഗോപിനാഥന്റെ ഓഫിസ് ഒരു പരീക്ഷണശാലയായിരുന്നു. ഒരു അഞ്ചാം ക്ലാസുകാരന്റെ കൗതുകത്തോടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടുപിടിക്കുന്നതിൽ കണ്ണൻ ഗോപിനാഥൻ എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എന്നും മുൻപന്തിയിലായിരുന്നു. പുതുപ്പള്ളി ഐഎച്ച്ആർഡിയിലെ പഠനത്തിനു ശേഷം റാഞ്ചി ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എൻജിനീയറിങ് പൂർത്തിയാക്കിയ കണ്ണൻ ഐസ്വാളിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തിയതു സാങ്കേതികവിദ്യയിലൂടെയാണ്. പ്രകൃതിദുരന്തങ്ങളിൽ മുന്നറിയിപ്പു നൽകാൻ ആപ്പ്, വൈദ്യുതി മുടക്കം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ സ്മാർട്ഫോൺ എന്നിങ്ങനെയുള്ള പരീക്ഷണങ്ങൾക്കുശേഷം ജില്ലയിലെ സർക്കാർ സ്കൂളുകളെ മാറ്റത്തിന്റെ പുതിയ പാതയിലേക്ക് കൊണ്ടുവരുന്നതിലും കണ്ണൻ നടത്തിയ ശ്രമങ്ങൾ ചെറുതല്ല.
Leave a Reply