ന്യൂഡല്‍ഹി: ബീഫില്‍ വീണ്ടും മലക്കംമറിഞ്ഞ് കണ്ണന്താനം. ബീഫ് കഴിക്കുന്ന കാര്യം കേരളത്തിലെ ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും താന്‍ ബീഫ് കഴിക്കാറില്ലെന്നും കണ്ണന്താനം പറഞ്ഞു. എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. ഡല്‍ഹിയില്‍ ബീഫ് നിരോധനം നേരത്തേ തന്നെയുണ്ട്. അതിന് ബിജെപിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ഓരോ സംസ്ഥാനത്തിലെ ആളുകള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാമെന്നും കണ്ണന്താനം പറഞ്ഞു.
വിദേശികള്‍ വരുന്നത് ബീഫ് കഴിക്കാനല്ല, ഇന്ത്യ കാണാനാണ് എന്നാണ് താന്‍ പറഞ്ഞത്. തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. ഇന്ത്യയിലേക്ക് എത്തുന്ന ടൂറിസ്റ്റുകള്‍ അവരുടെ രാജ്യത്ത് നിന്ന് ബീഫ് കഴിച്ചിട്ട് വരുന്നതായിരിക്കും ഉചിതമെന്നായിരുന്നു കണ്ണന്താനം ഇന്നലെ പറഞ്ഞത്. എന്തു കഴിക്കണമെന്ന് ജനങ്ങളാണ് തീരുമാനിക്കുന്നതെന്നും കേരളത്തില്‍ ജനങ്ങള്‍ ബീഫ് കഴിക്കുന്നത് തുടരുമെന്നും പറഞ്ഞ് രണ്ട് ദിവസങ്ങള്‍ക്കു ശേഷമായിരുന്നു കണ്ണന്താനം അഭിപ്രായം മാറ്റിയത്.
മലയാളികള്‍ ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞിട്ടില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞത്. ആഹാരശീലങ്ങള്‍ എന്തായിരക്കണമെന്ന് ഞങ്ങള്‍ ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗോവയില്‍ ബീഫ് കഴിക്കാമെങ്കില്‍ കേരളത്തിലും ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന് കണ്ണന്താനം പറഞ്ഞിരുന്നു.
Leave a Reply