തിരുവനന്തപുരം: ചൈനീസ് കമ്പനിയെ വഴിവിട്ടു സഹായിക്കാനായി കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിക്കുന്ന സുരക്ഷാ ഉപകരണങ്ങളുടെ ടെന്‍ഡറില്‍ തിരിമറി. രാജ്യത്തെ വിമാനത്താവളങ്ങള്‍ക്കുള്ള പൊതു മാനദണ്ഡം നിശ്ചയിക്കുന്ന ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സൊസൈറ്റിയുടെ (ബിസിഎഎസ്) നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായാണ് കിയാലിന്റെ (കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) ടെന്‍ഡര്‍ നടപടികള്‍.
യാത്രക്കാരുടെ ബാഗേജുകള്‍ പരിശോധിക്കുന്ന എക്‌സ്‌റേ ബാഗേജ് ഇന്‍സ്‌പെക്ഷന്‍ സിസ്റ്റംസ് എന്ന ഉപകരണ ശൃംഖലയ്ക്കായി നവംബര്‍ 21ന് ആണു കിയാല്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. ബിസിഎഎസിന്റെ മാനദണ്ഡങ്ങളനുസരിച്ചുള്ള ഉപകരണങ്ങള്‍ തന്നെ വേണമെന്നു ടെന്‍ഡറില്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, പെട്ടെന്ന് ഈ ടെന്‍ഡര്‍ റദ്ദാക്കുകയും മാര്‍ച്ച് മൂന്നിനു കിയാല്‍ പുതിയ ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തു. ഇതിലാണ് 20 കോടിയിലേറെ വിലവരുന്ന ബാഗേജ് സ്‌കാനറിനു നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയത്. ചൈനീസ് കമ്പനി ഉല്‍പാദിപ്പിക്കുന്ന ഉപകരണങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന തരത്തിലാണു പുതിയ ടെന്‍ഡര്‍.
ബിസിഎഎസ് മാനദണ്ഡമനുസരിച്ച് 80 സെന്റീമീറ്റര്‍ വരെ ഉയരമുള്ള ബാഗേജുകള്‍ കടത്തിവിടാന്‍ കഴിയുന്നതാകണം എക്‌സ്‌റേ സ്‌കാനര്‍ എന്നായിരുന്നു ആദ്യ ടെന്‍ഡറില്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, പുതുക്കിയ ടെന്‍ഡറില്‍ സ്‌കാനറിന്റെ ഉയരം 60 സെന്റിമീറ്ററാക്കി ചുരുക്കി.
കഴിഞ്ഞ മാസം തുറന്ന കൊച്ചിയിലെ പുതിയ ടെര്‍മിനല്‍ അടക്കം രാജ്യത്തെ മറ്റെല്ലാ വിമാനത്താവളങ്ങളും ബിസിഎഎസ് മാനദണ്ഡമനുസരിച്ചാണ് ഉപകരണങ്ങള്‍ സ്ഥാപിച്ചത്. ഏവിയേഷന്‍ മേഖലയിലെ മൂന്നു സര്‍ട്ടിഫൈഡ് ഏജന്‍സികളുടെയെങ്കിലും അംഗീകാരം നേടിയ കമ്പനികള്‍ മാത്രമേ ടെന്‍ഡറില്‍ പങ്കെടുക്കാവൂ എന്ന ആദ്യ തീരുമാനം മാറ്റി പകരം ഒരു ഏജന്‍സിയുടെ അംഗീകാരം മതിയെന്നാക്കി.
സ്‌കാന്‍ ചെയ്യുന്ന ദൃശ്യങ്ങളുടെ തെളിമയും കുറച്ചു മതി എന്ന മാറ്റവും കൊണ്ടുവന്നു. രാജ്യാന്തര തലത്തില്‍ റേറ്റിങ്ങില്‍ പിന്നിലുള്ള കമ്പനിക്കു വളഞ്ഞവഴിയിലൂടെ കരാര്‍ നല്‍കാനാണ് ഇപ്പോള്‍ ശ്രമം. നിലവാരമില്ലായ്മ കാരണം യൂറോപ്യന്‍ യൂണിയന്‍, യുഎസ്, തയ്‌വാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ അകറ്റി നിര്‍ത്തുന്ന കമ്പനിയുമാണിത്. രണ്ടാമത് ഇളവുകളോടെ ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ അപേക്ഷിക്കാന്‍ ആകെ 10 ദിവസം മാത്രമാണു കിയാല്‍ അനുവദിച്ചത്.
മറ്റു പ്രമുഖ കമ്പനികള്‍ പുതുക്കിയ ടെന്‍ഡര്‍ പ്രകാരം അപേക്ഷിക്കാന്‍ കൂടുതല്‍ സമയം തേടിയപ്പോള്‍ ചൈനീസ് കമ്പനിക്ക് അതിവേഗം ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ കഴി!ഞ്ഞത് ഒത്തുകളിയിലേക്കും അഴിമതിയിലേക്കും ആണു വിരല്‍ ചൂണ്ടുന്നത്. മറ്റു കമ്പനികളെക്കാള്‍ 50% വരെ വില കുറച്ചാണ് ഈ ചൈനീസ് കമ്പനി വിമാനത്താവളങ്ങള്‍ക്കു സുരക്ഷാ ഉപകരണങ്ങളും മറ്റും വില്‍ക്കുന്നത്.
അടുത്തിടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ക്കായി 400 എക്‌സ്‌റേ മെഷീനുകള്‍ വാങ്ങാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ക്ഷണിച്ച ടെന്‍ഡറിലെ എസ്റ്റിമേറ്റ് തുക 250 കോടി രൂപയായിരുന്നു. എന്നാല്‍, വെറും 100 കോടി രൂപയ്ക്കാണു ചൈനീസ് കമ്പനി ടെന്‍ഡര്‍ നേടി മെഷീന്‍ വിതരണം ചെയ്തത്.
പ്രമുഖ കമ്പനികള്‍ക്ക് ഇത്രയും മെഷീനുകള്‍ നിര്‍മിക്കാനുള്ള ചെലവു പോലും 100 കോടി കവിയും. മാനദണ്ഡങ്ങള്‍ പാലിക്കാത്തതും നിലവാരമില്ലാത്തതുമായ ഉപകരണങ്ങള്‍ രാജ്യാന്തര യാത്രക്കാര്‍ക്കു തടസ്സം സൃഷ്ടിക്കുമെന്നു മാത്രമല്ല, സുരക്ഷാഭീഷണിയുമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
Leave a Reply