മലയാളം യു.കെ സ്‌പെഷ്യല്‍

കേരളത്തിലെ മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രവാസി മലയാളികളുടെ ചിരകാല സ്വപ്‌നമായ കണ്ണൂര്‍ വിമാനത്താവളത്തിന് പാര പണിയാന്‍ കേന്ദ്രസര്‍ക്കാരും ഉത്തരേന്ത്യന്‍ ലോബിയും. പുതിയതായി ആരംഭിക്കുന്ന വിമാനത്താവളത്തില്‍ നിന്നും അന്താരാഷ്ട്ര വിമാനങ്ങള്‍ പറത്താന്‍ അനുമതി നല്‍കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടാണ് മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രവാസി മലയാളികള്‍ക്ക് പാരയാകുന്നത്. ഈ നയം മൂലം വിദേശ വിമാന കമ്പനികളായ എമിറേറ്റ്‌സ് ഖത്തര്‍, ഇത്തിഹാദ് തുടങ്ങിയ കമ്പനികള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പറക്കാന്‍ കഴിയില്ല. നിരവധി വിമാന കമ്പനികളാണ് കണ്ണൂരില്‍ നിന്നും പ്രവര്‍ത്തിക്കാന്‍ താത്പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളം വിദേശ കമ്പനികള്‍ക്കായി തുറന്നുകൊടുക്കുന്നതിലൂടെ കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് മൊത്തത്തില്‍ കുറയാന്‍ കാരണമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇത് കേരളം സന്ദര്‍ശിക്കുന്ന എല്ലാ പ്രവാസി മലയാളികള്‍ക്കും ഗുണകരമാകേണ്ടതായിരുന്നു.

ഇതിനിടയില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗുളുരു, കൊല്‍ക്കത്ത എന്നീ വിമാനത്താവളങ്ങളെ ഹമ്പായി മാറ്റി ഇവിടെ നിന്നുമാത്രം രാജ്യാന്തര സര്‍വീസുകള്ഡ നടത്തുകയെന്ന തലതിരിഞ്ഞ നയവും ഉത്തരേന്ത്യന്‍ ലോബിയുടെ സമ്മര്‍ദ്ദത്താല്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് ഉപേക്ഷിച്ചു. ഇത് നടപ്പായിരുന്നെങ്കില്‍ നെടുമ്പാശ്ശേരി ഉള്‍പ്പെടെയുള്ള പ്രമുഖ വിമാനത്താവളങ്ങള്‍ക്ക് തിരിച്ചടിയായേനെ.

4000 മിറ്ററോളം റണ്‍വേയുള്ള കണ്ണൂര്‍ വിമാനത്താവളം രാജ്യത്തെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ഇടംപിടിക്കാന്‍ പോകുന്നത്. പക്ഷേ രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്നില്ലെങ്കില്‍ വിമാനത്താവളം ലാഭകരമായി നടത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ടാകും. ജൂണ്‍ മാസത്തില്‍ നടന്ന നീതി ആയോഗ് യോഗത്തിനിടെ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തിന് തിരിച്ചടിയാകുന്ന നയം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ആശവഹമായ മറുപടിയൊന്നും ലഭിച്ചിട്ടില്ല.