ഭര്‍ത്താവിന്റെ അക്രമത്തില്‍ ഗുരുതരമായി പൊളളലേറ്റ നഴ്‌സും ചാലാട് സ്വദേശിനിയുമായ രാഖിയുടെ മരണ വാർത്തയറിഞ്ഞ് ഞെട്ടലോടെ നാട്ടുകാർ. രണ്ടാഴ്ച മുമ്പാണ് മരഫര്‍ണ്ണിച്ചര്‍ പോളിഷിനായി ഉപയോഗിക്കുന്ന തിന്നര്‍ ഉപയോഗിച്ച് ഭര്‍ത്താവ് പൊള്ളലേൽപ്പിച്ചത്. തിങ്കളാഴ്ച്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് രാഖി മരണത്തിന് കീഴടങ്ങിയത്. ഭര്‍തൃവീട്ടില്‍ വച്ച് രാഖിയെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഭര്‍ത്താവ് സന്ദീപ് തന്നെ തിന്നര്‍ ഒഴിച്ച് തീ വെക്കുകയായിരുന്നുവെന്ന് രാഖി മജിസ്‌ട്രേറ്റിനു നല്‍കിയ മരണമൊഴിയില്‍ പറഞ്ഞിരുന്നു. അമിതമായി മദ്യപിച്ചെത്തിയ സന്ദീപ് അക്രമിക്കുകയും വീടിന്റെ പുറത്ത് വരാന്തയിലേക്ക് വലിച്ചിഴച്ച് തിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നുമാണ് രാഖിയുടെ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. സംഭവം നടന്നതിനു ശേഷം പ്രദേശത്തുള്ള ഏതാനും ആര്‍എസ്എസ് പ്രവര്‍ത്തകരാണ് രാഖിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേരത്തെ യുവതിയുടെ മൊഴി പ്രകാരം ഭര്‍ത്താവ് സന്ദീപിനെ അറസ്റ്റു ചെയ്തിരുന്നു. കുടുംബ വഴക്കിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ രാഖിആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. എന്നാല്‍ രാഖി ആശുപത്രിയില്‍ നിന്നും മൊഴി നല്‍കിയത് ഇതിനു കടകവിരുദ്ധമായാണ്. ഭര്‍ത്താവ് തിന്നറുപയോഗിച്ചു സിഗരറ്റ് ലൈറ്റുക്കൊണ്ടു തീകൊളുത്തിയെന്നാണ് രാഖിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് വളപട്ടണം പൊലിസ് കേസെടുത്തത്. അതീവഗുരുതരവാസ്ഥയില്‍ തുടരുന്നതിനാലാണ് രാഖിയെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആർ എസ് എസ് പ്രവർത്തകനായ ഭർത്താവ് സന്ദീപ് ഒളിവിലാണ്. സംഭവം നടന്നതിനു ശേഷം ആശുപത്രിയിൽ എത്തിച്ചവർ തന്നെ ഭീഷണിപ്പെടുത്തിയെന്നും രാഖി മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സന്ദീപിന്റെ പേര് പറഞ്ഞാൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊല്ലും എന്നായിരുന്നു ഭീഷണി.അതുകൊണ്ടാണ് ഭർത്താവാണ് തീവെച്ചത് എന്ന് ആദ്യം പറയാതിരുന്നതെന്നും മൊഴിയിൽ ഉണ്ട്. എന്നാൽ നാലു ദിവസത്തിൽ കൂടുതൽ ജീവിക്കില്ല എന്ന് ഡോക്ടറുടെ സംസാരത്തിൽ നിന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് മരണമൊഴി നൽകുന്നതിന് തയ്യാറായത്. ഒരു നഴ്സ് ആയതിനാലാണ് ഡോക്ടറുടെ സംസാരത്തിൽ നിന്ന് കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാൻ തനിക്ക് കഴിഞ്ഞതെന്നും രാഖി വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂർ ടൗൺ പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.