കണ്ണൂര്‍ വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാനുള്ള സമ്മര്‍ദ്ദം തനിക്കുമേല്‍ ഉണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ നിയമോപദേശകനും ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുമാണ് വിദ്യാഭ്യാസമന്ത്രിയുടെ കത്ത് തനിക്ക് നല്‍കിയത്. ആദ്യ അഡ്വക്കേറ്റ് ജനറലിന്റെ ഒപ്പുവെക്കാത്ത നിയമോപദേശവും പിന്നീട് വിദ്യാഭ്യാസമന്ത്രിയുടെ ശുപാര്‍ശകത്തിനൊപ്പം ഒപ്പുവെച്ച നിയമോപദേശവും കൊണ്ടുതന്നു. നിയമവിരുദ്ധമായത് ചെയ്യാനാണ് തന്നെ നിര്‍ബന്ധിക്കുന്നതെന്ന് ഇരുവരോടും അപ്പോള്‍ തന്നെ അറിയിച്ചിരുന്നതായും പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തുനല്‍കിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
നിയമോപദേശകനും ഒ.എസ്.ഡിയും വരുന്നതിന് മുമ്പ് മുഖ്യമന്ത്രി നേരിട്ടുവന്നു. കണ്ണൂര്‍ തന്റെ മാതൃജില്ലയാണെന്ന് പറഞ്ഞു. നടപടിക്രമങ്ങള്‍ അവസാനിക്കട്ടേയെന്നും പാനല്‍ വന്നാല്‍ താങ്കളുമായി ഉറപ്പായും കൂടിയാലോചിക്കുമെന്നും മറുപടി നല്‍കി. വി.സി. സ്ഥാനത്തേക്ക് 12 പേരുടെ അപേക്ഷ ലഭിച്ചതിന് ശേഷമാണ് നിയമോപദേശകനും ഒ.എസ്.ഡിയും തന്നെവന്നുകാണുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
കണ്ണൂര്‍ വി.സി. നിയമനത്തില്‍ മാത്രമല്ല, മറ്റുകാര്യങ്ങളിലും തന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് മുഖ്യമന്ത്രിക്കുള്ള കത്തില്‍ വ്യക്തമാക്കി. അതിനാല്‍ ചാന്‍സലറായി തുടരാന്‍ ആഗ്രഹമില്ലെന്നും മറ്റൊരുമാര്‍ഗം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. സ്ഥാനത്ത് തുടര്‍ന്നാല്‍ ഇനിയും നിയമവിരുദ്ധമായത് ചെയ്യാന്‍ താങ്കള്‍ നിര്‍ബന്ധിക്കുമെന്ന് പറഞ്ഞു. ഗവര്‍ണറാണ് വി.സി നിയമന അതോറിറ്റി. അത് അവര്‍ക്ക് എടുത്തുകളയണം. ഞാന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ബില്ലുകളില്‍ ഇതാണ് ആവശ്യമുള്ളത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്നത് അവര്‍ക്ക് സ്ഥാപനവത്കരിക്കണം. സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍ എക്‌സിക്യൂട്ടീവിന്റെ ഇടപെടല്‍ ആവശ്യമില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയും എ.ജിയും രാജിവെക്കണോ എന്നത് അവര്‍ തീരുമാനിക്കേണ്ട ധാര്‍മിക ചോദ്യമാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. ‘ഞാന്‍ ആരുടേയും രാജി ചോദിക്കുന്നില്ല. കര്‍മത്തിന്‍റെ അനന്തരഫലങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല’, ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
Leave a Reply