കാരൂർ സോമൻ

സിംഹം വിശന്നാൽ തവളയെ പിടിക്കാറില്ല അലറിവിളിക്കും. ഇന്ത്യൻ ജനത കൊയ്ത്തു കഴിഞ്ഞ പാടത്തെ ധാന്യമണികൾക്കായി ജീവന്റെ തുടിപ്പിനായ് അലറി വിളിച്ചു് പോരാടുന്നു. അതിൽ നിന്ന് പൊട്ടിമുളച്ച ഉള്ളിൽ പിടഞ്ഞ വികാര വിലാപ കാഴ്ചകളാണ് കേരളത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്ന ദേശീയ പണിമുടക്കിൽ കണ്ടത്. വീര്യമേറിയ വീഞ്ഞുപോലെ ഈ ബന്ദിലേക്ക് സമൂഹത്തെ നയിച്ചത് ജീവിതത്തിന്റ സമസ്ത മണ്ഡലങ്ങളിലും അനിശ്ചിതത്വം അടക്കി ഭരിക്കുന്നു. ഏത് രാഷ്ട്രീയ പാർട്ടി ഭരിക്കുന്നു എന്നതല്ല മനുഷ്യർ നേരിടുന്ന വിഷയം. മരുന്നിന്റെ വിലക്കയറ്റം, അടുക്കളയിലെ പാചകവാതക- പച്ചക്കറി-തൊഴിലില്ലായ്‌മ, കൃഷിക്കാരുടെ ആത്മഹത്യ തുടങ്ങി റോഡിലോടുന്ന പെട്രോൾ, ഡീസൽവരെ വിലവർദ്ധനവ് പലതാണ്. സമര സംഘടനകൾ മാസങ്ങൾക്ക് മുൻപ് സർക്കാരിന് മുന്നറിയിപ്പ് കൊടുത്തിട്ടുള്ള ഒരു ബന്ദിനെ സമരാഭാസമെന്ന് വിളിച്ചിട്ട് കാര്യമില്ല. സമരസമിതിക്കാരെ വിളിച്ചൊന്ന് സംസാരിച്ചിരുന്നെങ്കിൽ സമരങ്ങളെ റോഡിൽ വലിച്ചിഴച്ചു് മലിനപ്പെടുത്തില്ലായിരുന്നു. ഏത് നീറുന്ന പ്രശ്നങ്ങൾക്കും പരിഹാരം കാണുകയാണ് നല്ലൊരു ഭരണാധിപന്റെ നേട്ടം. അതിന് ഏറ്റവും നല്ലൊരു ഉദാഹരണം. കഴിഞ്ഞ ദിവസങ്ങളിൽ പ്രൈവറ്റ് ബസ്സുടമകൾ പണിമുടക്കി. ഗതാഗത മന്ത്രിയുടെ ചർച്ച പരാജയപ്പെട്ടു. ഉടൻ മുഖ്യ മന്ത്രി ഇടപെട്ട് അതിന് പരിഹാരം കാണുന്നു. സന്താപത്തിന് പിന്നാലെ സന്തോഷം വരുന്നു. മനുഷ്യജീവിതത്തിന്റ അവകാശ അർത്ഥത്തെപ്പറ്റി വില്യം ഷേക്‌സ്‌പിയർ “മാക്ക്ബെത്” എന്ന നാടകത്തിൽ പറയുന്നുണ്ട്. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതുപോലെ സമര സമിതിയോട് സഹകരിക്കുക മാത്രമെ മാർഗ്ഗമുള്ളു.

ബന്ദ് സമരങ്ങൾ എല്ലാവരുടേയും ശ്രദ്ധ ആകർഷിക്കുന്നതാണ്. രാഷ്ട്രീയ പാർട്ടികളേക്കാളുപരി അരാഷ്ടിയതയുടെ മുകളിലെ രാഷ്ട്രീയ പോരാട്ടങ്ങൾ ലോകമെങ്ങും നടക്കാറുണ്ട്. സമരത്തിൽ ഏർപ്പെടുന്നവർക്ക് ഒരേയൊരു വികാരമേയുള്ളു സമരം വിജയിപ്പിക്കുക. അതുകൊണ്ട് മനുഷ്യരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ അംഗീകരിക്കാതെ പോകുക മനുഷ്യവകാശ ലംഘനമാണ്. സഞ്ചാര സ്വാതാന്ത്യത്തിനായി പൊരുതിയ സാഹിത്യ സാമൂഹ്യ പ്രതിഭകളെ അവർ മറക്കുന്നു. 1857 ലെ ഒന്നാം സ്വാതന്ത്യ സമരം പൊട്ടിപ്പുറപ്പെട്ടത് സാമൂഹ്യ സാമ്പത്തിക മതപരമായ വിപത്തുകൾക്കെതിരെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയായിരിന്നു. ഇവിടെ ഉയരുന്ന ചോദ്യം. അന്ന് ബ്രിട്ടീഷ് മേൽക്കോയ്മക്കെതിരെ നാടുവാഴികളും നാട്ടു രാജാക്കന്മാരും എതിരാളികളെങ്കിൽ ഇന്ന് സ്വന്തം ജനതതന്നെ രംഗത്ത് വന്നിരിക്കുന്നു. അധികാരത്തിലിരിക്കുന്ന ആടുകളുടെ ഇടയൻ തങ്ങളുടെ ആട്ടിന്പറ്റത്തെ സംരക്ഷിക്കേണ്ടതിന് പകരം അവരുടെ സമ്പത്തു് ധൂർത്തടിച്ചാൽ, ചുഷണം ചെയ്താൽ, ജീവിതം ദുരിതത്തിലാക്കിയാൽ അതിനെ നിശിതമായി തുറന്നു കാട്ടണം. ആട്ടിടയെന്റ അടിയേറ്റ് തളർന്ന പാവം ആട്ടിൻപറ്റങ്ങൾ കൂട്ടം തെറ്റി നടക്കാൻ തുടങ്ങിയതുകൊണ്ടാണ് സമര ദുരന്തങ്ങൾ കാണാനിടയാകുന്നത്. മനുഷ്യർ നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങൾക്ക് അവരുടെ ക്ഷേമം മുൻനിർത്തി പരിഷ്‌ക്കാരങ്ങൾ വരുത്തുകയാണ് നല്ലൊരു ഭരണാധിപൻ ചെയ്യേണ്ടത്. അതൊക്കെ സുപ്രധാനങ്ങളായ നാഴികക്കല്ലുകളായി ചരിത്രം രേഖപ്പെടുത്തുകയും ചെയ്യും. എല്ലായ്‌പ്പോഴും കണ്ടുകൊണ്ടിരിക്കുന്നത് നമ്മുടെയുള്ളിലെ ശത്രുവിനെ തിരിച്ചറിയാതെ എതിർഭാഗത്തുള്ള ശത്രുവിനെ തിരയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതുപോലുള്ള ദേശീയ സമരങ്ങൾ നടക്കുമ്പോൾ പാവപ്പെട്ടവന്റെ നടുവൊടിക്കുന്ന വിലകയറ്റംപോലെ പാവപ്പെട്ടവന് ജോലിക്ക് പോകാൻ സാധിക്കാതെ രണ്ട് ദിവസം വീട്ടിലിരിക്കുക എന്നത് കണ്ണുതുറന്നു കാണണം. അതിനെ ലളിതമായി കാണരുത്. ഒരു കൂട്ടർ സമര വിപ്ലവ കാഹളം മുഴക്കുമ്പോൾ കൂലിവേലക്കാർ ദയനീയമായ നൊമ്പരപ്പെടുന്നു. കണ്ണീർവാർക്കുന്നു. കുടുംബ നായകനെ ആശ്രയിച്ചു ജീവിക്കുന്നവർക്ക് സർക്കാർ രക്ഷാകവചമുണ്ടാക്കേണ്ടത് ആവശ്യമാണ്. സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടുമ്പോൾ പാവങ്ങളുടെ അന്നം മുടങ്ങുന്നു. ആശുപത്രികളിൽ ചികിത്സതേടി പോകുന്നവരെ തടയുന്നു. സമരം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുള്ളതുപോലെ ചെയ്യാതിരിക്കാനും അവകാശമുണ്ട്. അവരെ മർദിക്കുക, മുഖത്തു് തുപ്പുക തുടങ്ങിയ കാര്യങ്ങൾ ധിക്കാരപരമായ സമീപനങ്ങളാണ്. ഒരു ഭാഗത്തുകൂടി അനീതിക്കെതിരെ പോരാടുകയും സ്വയം അനീതി നടപ്പാക്കുകയും ചെയ്യുന്ന പ്രവണത അധീശത്വ വർഗ്ഗത്തിന്റെ അന്തർലീനമായ സ്വാർത്ഥതയാണ്. ഈ കൂട്ടർ അവരുടെ ഭ്രാന്തമായ വൈരൂപ്യങ്ങൾ സമൂഹത്തിൽ തുറന്നു കാട്ടുന്നു. ഇത് സമകാല ജീവിതത്തിൽ കാണുന്ന രാഷ്ട്രീയ – സാംസ്കാരിക അധഃപതനമാണ്.

അവകാശങ്ങൾ നേടിയെടുക്കാനുള്ള സഞ്ചാരമാണ് സമരം. എന്നാൽ അധികാരത്തിന്റെ വിഴുപ്പുചാലിലൂടെ സഞ്ചരിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയുന്നില്ല. ഓരോ സമരങ്ങളും ദേശീയത്വം ഉയർത്തിപ്പിടിച്ചു് മറ്റുള്ളവരെ ഉത്തേജിപ്പിക്കുന്നതും ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നതുമാകണം. അതിലുള്ളവർ മറ്റുള്ളവരാൽ തീറ്റിപോറ്റുന്നവരും മിതവാദികളുമാകരുത്. ഇവരുടെ പ്രവർത്തികളാണ് മറ്റുള്ളവരെ ചൊടിപ്പിക്കുന്നത്. സമരവഴിയിൽ സഞ്ചരിക്കുന്നവർക്ക് ലക്ഷ്യബോധമുണ്ട്. അവർ വഴിയാത്രക്കാരുമായി കൊമ്പുകോർക്കില്ല. വിദേശ രാജ്യങ്ങളിൽ നടക്കുന്ന സമരമുറകൾ കേരളം കണ്ടുപഠിക്കണം. അവർ റോഡിലല്ല സമരം ചെയ്യുന്നത്. സമരം ചെയ്യാനുള്ള മൈതാനങ്ങളുണ്ട്. സമരത്തിനു നേതൃത്വം കൊടുക്കുന്ന സംഘടനകളുണ്ട്. ഇവിടെ വഴിയാത്രക്കാരെന്റ് അധികാരമെടുക്കാൻ സമരം ചെയ്യുന്നവർ മുന്നോട്ട് വരാറില്ല. അതിനുള്ള അധികാരം അവർക്കില്ല. അങ്ങനെ സംഭവിച്ചാൽ ആ വ്യക്തിയെ പിന്നീട് കാണുന്നത് ജയിലിലാണ്. ഇംഗ്ളണ്ടിൽ ട്രെയിൻ പണിമുടക്ക് വന്നാൽ സർക്കാർ ബസ്സുകൾ ധാരാളമായി റോഡിലിറക്കി ജനങ്ങളുടെ യാത്രാക്ലേശമകറ്റും. മാത്രവുമല്ല ടിക്കറ്റ് ചാർജ്ജ് കൊടുക്കുകയും വേണ്ട. യാത്രക്കാരന്റെ യാത്ര ചെയ്യാനുള്ള അവകാശം നഷ്ടപ്പെടുത്തിയാൽ അതിനുത്തരവാദി സർക്കാരാണ്. ഇല്ലെങ്കിൽ കോടതിയിൽ നിന്ന് കോരിവാരി കുടിക്കാൻ കിട്ടും. ഞാനും അങ്ങനെ യാത്ര ചെയ്തിട്ടുണ്ട്. ചിലരൊക്കെ വികലമായ കണ്ണാടിയിൽ കുടിയാണ് രാഷ്ട്രീയം കാണുന്നത്. ഡൽഹിയിൽ നടന്ന കർഷക സമരമെങ്കിലും കണ്ടുപഠിക്കണം. അധികാരത്തിലിരിക്കുന്നവർ അധാർമികത നടത്തി ഒരു ജനത്തെ ഗുരുതരമായ ഭാവിയിലേക്ക് നയിച്ചാൽ ജാഗ്രത ആവശ്യമാണ്. എഴുത്തുകാരൻ ധാർമികതയുടെ പടവാളുയർത്തണം. സാമൂഹ്യ രാഷ്ട്രീയ ജനസേവകർ നിലവിലിരിക്കുന്ന വിപത്തുകളെ, വ്യവസ്ഥിതിയെ ഉഴുതുമറിക്കണം. പല വിഷയങ്ങളിലും മാതൃക കാട്ടുന്ന കേരളം ഇന്നത്തെ സാമ്പ്രദായിക സമരത്തിന് പുതു ചിന്തകളും വിത്തുകളും മുളപ്പിച്ചു് മാതൃക കാട്ടണം.