മലയാളം യു കെ ന്യൂസ് സ്‌പെഷ്യല്‍ – ജോജി തോമസ്

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാറ്റൂര്‍ ഭാഗത്ത് മാന്യതയുടെ പ്രതിരൂപമായ ഒരു വ്യക്തി ഉണ്ടായിരുന്നു. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വളരെ പ്രിയങ്കരനായ ആത്മീയ മേഖലയില്‍ വളരെ സജീവമായ നിലകൊണ്ടിരുന്ന ആ വ്യക്തി മറ്റാരുമല്ല. മലയാറ്റൂര്‍ കുരിശുമുടി റെക്ടറായിരുന്ന ഫാ. സേവ്യര്‍ തേലക്കാട്ടിലിനെ കൊലപ്പെടുത്തിയ കപ്യാര്‍ ജോണിയായിരുന്നു. പ്രായ വ്യത്യാസമില്ലാതെ മലയാറ്റൂര്‍ ഭാഗത്ത് താമസിക്കുന്നവര്‍ക്ക് അവരുടെ പ്രിയപ്പെട്ട ജോണിച്ചേട്ടനായിരുന്നു കപ്യാര്‍ ജോണി.

ഭക്തജനങ്ങളോടുള്ള സമീപനത്തിലും പള്ളിക്കാര്യങ്ങളിലെ ആത്മാര്‍ത്ഥതയിലും ജോണിച്ചേട്ടന്‍ എല്ലാവര്‍ക്കും മാതൃകയായിരുന്നു. കുരിശുമുടി രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രം ആകുന്നതിനുമുമ്പ് മലയാറ്റൂര്‍ മലമുകളിലുള്ള ദേവാലയം സ്ഥിരമായി തുറക്കാറില്ലായിരുന്നു. എങ്കിലും ഒറ്റയ്ക്കും ചെറു സംഘങ്ങളായും വരുന്ന തീര്‍ത്ഥാടകര്‍ക്കൊപ്പം പലതവണ മലകയറി അവര്‍ക്കായി ദേവാലയം തുറന്നു കൊടുക്കാന്‍ കപ്യാര്‍ ജോണി മുന്നിലുണ്ടായിരുന്നു. ഇങ്ങനെ എല്ലാവര്‍ക്കും പ്രിയപ്പെട്ട ജോണിച്ചേട്ടന്‍ ഒരു കൊലപാതകിയായത് കേരളത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും ഒരു പാഠമാണ്.സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ അല്ലായിരുന്നെങ്കിലും രണ്ട് പെണ്‍കുട്ടികളടങ്ങിയ തന്റെ സുന്ദര കുടുംബത്തെ ജോണി വളരെയധികം സ്‌നേഹിച്ചിരുന്നു. ജോണിയുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും സന്തോഷങ്ങളുമെല്ലാം തന്റെ കുടുംബത്തെ ചുറ്റിപറ്റിയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍മല ഒരിക്കലെങ്കിലും കയറി കൂടിയിട്ടുള്ളവര്‍ മലകയറ്റത്തിന്റെ കാഠിന്യവും ദുര്‍ഘടമായ പാതകളും വിസ്മരിക്കാന്‍ ഇടയില്ല. പക്ഷേ ദിവസത്തില്‍ പല പ്രാവശ്യം മലകയറുമ്പോഴും തന്റെ പിഞ്ചോമനകളുടെ മുഖം മനസില്‍ തെളിയുമ്പോള്‍ ജോണിക്ക് ഒരിക്കല്‍ പോലും മനസ് മടുക്കുകയോ തന്റെ ജീവിത പ്രാരാബ്ദങ്ങളെ ശപിക്കുകയോ ചെയ്തിരുന്നില്ല. ജോണി തന്റെ കുടുംബത്തെ അത്രയേറെ സ്‌നേഹിച്ചിരുന്നു. ഒരു ദുശ്ശീലങ്ങളും ഇല്ലാത്ത ജോണി തന്റെ സമ്പാദ്യമെല്ലാം ചിലവഴിച്ചത് തന്റെ കുടുംബത്തിന്റെ നന്മയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുമാണ്. നാട്ടുകാരുടെയും അധ്യാപകരുടെയും കണ്ണിലുണ്ണികളായ കുട്ടികള്‍ ജോണിയുടെ സ്വകാര്യ അഹങ്കാരമായിരുന്നു.

പക്ഷേ ജോണിയുടെ ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടായത് വളരെ പെട്ടെന്നാണ്. തന്റെ പെണ്‍കുട്ടികളില്‍ മൂത്തയാളെ സ്വരുക്കൂട്ടി വച്ചിരുന്ന സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ചാണ് നഴ്‌സിംഗ് പഠനത്തിന് അയച്ചത്. നഴ്‌സിംഗ് പഠനം പൂര്‍ത്തിയായി വരുന്ന കുട്ടി തന്റെ ജീവിത പ്രാരാബ്ദങ്ങളില്‍ ഒരു കൈത്താങ്ങാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ മൂത്ത പെണ്‍കുട്ടി പഠനം പൂര്‍ത്തിയാത്താതെ അന്യമതസ്ഥനായ ഒരാളെ സ്‌നേഹിച്ച് കല്യാണം കഴിച്ചതോടുകൂടി ജോണിയുടെ ജീവിതത്തിലെ ദുരന്തപര്‍വ്വം ആരംഭിക്കുകയായിരുന്നു. ജോണിയുടെ ജീവിതത്തിലെ ഈ വഴിത്തിരിവ് എല്ലാ കുടുംബങ്ങള്‍ക്കും ഒരു പാഠമാണ്. മാതാപിതാക്കള്‍ മക്കള്‍ വളര്‍ന്നുവരുമ്പോള്‍ ഒരു വ്യക്തിയെന്ന രീതിയില്‍ അവരുടെ ഇഷ്ടങ്ങളേ മാനിക്കുന്നതിന്റെയും ജീവിതത്തിലെ തെരഞ്ഞെടുക്കലുകളില്‍ അവരുടെ ഇഷ്ടങ്ങളെ അംഗീകരിക്കേണ്ടതിന്റെയും പാഠം. അതോടൊപ്പം മക്കള്‍ തങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച മാതാപിതാക്കളെ വിശ്വാസത്തിലെടുത്തും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെയും ബോധ്യപ്പെടുത്തിയും തങ്ങളുടെ ജീവിതവഴി തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയുടെ പാഠം. ആ പാഠമാണ് ജോണിയെന്ന പാവം മനുഷ്യനെ മദ്യപാനിയും അക്രമാസക്തനുമാക്കിയ ജീവിത വഴികള്‍ നല്‍കുന്നത്. ജീവിതത്തില്‍ ദുരനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മദ്യത്തിലും പുകവലിയിലും മറ്റും ആശ്രയം കണ്ടെത്തി ജീവിതത്തെ കൂടുതല്‍ ദുര്‍ഘടമാക്കുന്നവര്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമാണ്. പ്രവാസി ജീവിതത്തിലും ജോണിയുടെ ജീവിതം നല്‍കുന്ന സന്ദേശം വലുതാണ്. നാട്ടിലെ അപേക്ഷിച്ച് വളരെ സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് പ്രവാസിയുടെ പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ ജീവിക്കുന്നവരുടെ ജീവിതം കടന്നു പോകുന്നത്.

സംസ്‌കാരങ്ങളുടെ അന്തരം കുട്ടികളും മാതാപിതാക്കളും തമ്മിലുള്ളത് വളരെ വലുതാണ്. കുട്ടികള്‍ തങ്ങളുടെ കുടുംബങ്ങളില്‍ കാണുന്നത് ഒരു സംസ്‌കാരവും പുറമേ നിന്നും കാണുകയും പരിചയിക്കുകയും ചെയ്യുന്നത് മറ്റൊരു സംസ്‌കാരവുമായതിനാല്‍ അവരിലുള്ള അന്തര്‍സംഘര്‍ഷം വളരെ വലുതാണ്. ഇതിനു പുറമേയാണ് ജോലിയും കുടുംബവും ഒന്നിച്ചു കൊണ്ടുപോകാനുള്ള ബദ്ധപ്പാടില്‍ സംഭവിക്കുന്ന നഷ്ടങ്ങള്‍. കുട്ടികളുടെ സംരക്ഷണാര്‍ത്ഥം ഭാര്യയും ഭര്‍ത്താവും മിക്ക കുടുംബങ്ങളിലും വ്യത്യസ്ത സമയങ്ങളിലാണ് ജോലി ചെയ്യുന്നത്. അച്ഛനും അമ്മയും കുട്ടികളുമടങ്ങിയ സന്തോഷകരമായ കുടുംബാന്തരീക്ഷമെന്ന സങ്കല്പത്തില്‍ ജോലിപരമായ ബാധ്യതകള്‍ അടിച്ചേല്‍പിക്കുന്ന പരിമിതികള്‍ ധാരാളമാണ്. ഓവര്‍ ടൈം ജോലിക്ക് പോകുമ്പോള്‍ സാമ്പത്തികമായ ഭദ്രത കൈവരുമെങ്കിലും ഇത് കുടുംബ ബന്ധങ്ങളില്‍ ഉളവാക്കുന്ന ആഘാതം ചെറുതല്ല. പാശ്ചാത്യ നാടുകളില്‍ കുടിയേറിയ പല മലയാളികളുടെ കുടുംബ ജീവിതത്തില്‍ സംഭവിക്കുന്ന താളപ്പിഴകള്‍ക്ക് പരസ്പരമുള്ള മനസിലാക്കലിന്റേയും പരിചരണത്തിന്റെയും സാമിപ്യത്തിന്റെയും കുറവ് വലിയൊരു കാരണമാണ്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പരമുള്ള മനസിലാക്കലാണ് ഇതില്‍ പ്രധാനം. ആ മനസിലാക്കലുണ്ടെങ്കില്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രിയപ്പെട്ട ജോണിച്ചേട്ടന്റെ ദൈന്യതയാര്‍ന്ന മുഖം മാധ്യമങ്ങളിലൂടെ മലയാളിക്ക് കാണേണ്ടി വരില്ലായിരുന്നു.