തിരുവനന്തപുരം: കരമന സ്വദേശിയായി അനന്തു ഗിരീഷിനെ കൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന സുമേഷ് എന്നയാള്‍ കൂടി പിടിയിലായതോടെയാണ് പ്രതികള്‍ മുഴുവന്‍ അറസ്റ്റിലായതായി അന്വേഷണസംഘം അറിയിച്ചത്. അന്വേഷണത്തില്‍ വീഴ്ച്ച സംഭവിച്ചതായി കാണിച്ച് കൊല്ലപ്പെട്ട അനന്തുവിന്റെ ബന്ധുക്കള്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഫോര്‍ട്ട് അസി.കമ്മീഷണര്‍ പ്രതാപന്‍ നായര്‍ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.
മാര്‍ച്ച് 13-ാം തിയതിയാണ് അനന്തുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കരമന ടൗണില്‍ വെച്ച് അനന്തുവിനെ രണ്ട് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതായി പോലീസില്‍ പരാതി ലഭിച്ച മണിക്കൂറുകള്‍ക്ക് ശേഷമാണ് അനന്തുവിന്റെ മൃതദേഹം ലഭിക്കുന്നത്. നീറമണ്‍കര സ്വദേശികളായ പ്രതികളുടെ സുഹൃത്തുക്കളെ അനന്തുവും സംഘവും മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. പ്രതികളിലൊരാളുടെ ജന്മദിനാഘോഷം കൊലപാതക ദിവസം ഉച്ചയ്ക്ക് നടന്നിരുന്നു. ഇതിന് ശേഷമാണ് കൃത്യം നടത്തിയത്. നീറമണ്‍കരയ്ക്ക് സമീപത്തുള്ള കാട്ടില്‍ വെച്ച് നടത്തിയ ജന്മദിനാഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
അനന്തുവിനെ അതിക്രൂരമായിട്ടാണ് പ്രതികള്‍ കൊലപ്പെടുത്തിയിരിക്കുന്നത്. കരിക്ക്, കരിങ്കല്ല്, കമ്പി, വടി തുടങ്ങിയവ ഉപയോഗിച്ച് അതിക്രൂരമായി മര്‍ദ്ദിച്ചു. അനന്തുവിനെ മതിലില്‍ ചേര്‍ത്ത് നിര്‍ത്തി ഏതാണ്ട് ഒന്നര മണിക്കൂറോളം പ്രതികള്‍ മാറി മാറി മര്‍ദ്ദിച്ചു. ഇരു കൈകളുടെയും ഞരമ്പുകള്‍ അറുത്തു മാറ്റി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേറ്റ മുറിവുകളാണ് മരണകാരണമായിരിക്കുന്നത്. കൂടാതെ തലയോട്ടി തകര്‍ന്നിട്ടുണ്ട്. കണ്ണുകളില്‍ സിഗരറ്റ് കുറ്റികൊണ്ട് കുത്തി മുറിവേല്‍പ്പിച്ചതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Leave a Reply