പഠനത്തിൽ മിടുക്കിയും എല്ലാവരുടേയും പ്രിയപ്പെട്ടവളുമായിരുന്നു എവി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനി ദേവനന്ദ(17). ഭക്ഷ്യവിഷബാധയെ തുടർന്ന് ദേവനന്ദ ജീവൻ വെടിഞ്ഞത് കരിവെള്ളൂർ ഗ്രാമത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
മൂന്നുമാസം മുൻപാണ് ദേവനന്ദയുടെ അച്ഛൻ മരിച്ചത്. അതിനുശേഷം പെരളത്തെ വീട്ടിലും ചെറുവത്തൂരിലെ അമ്മയുടെ സഹോദരിയുടെ വീട്ടിലുമായാണ് വിദ്യാർത്ഥിനി താമസിച്ചിരുന്നത്. പഠനത്തോടൊപ്പം ബാലസംഘത്തിന്റെ പ്രവർത്തകയുമായിരുന്നു. കഴിഞ്ഞാഴ്ചയാണ് ചെറുവത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ദേവനന്ദ ട്യൂഷന് ചേർന്നത്. ഇവിടെ സമീപത്തുള്ള കടയിൽ നിന്നാണ് കൂട്ടുകാരിക്കൊപ്പം ഷവർമ കഴിച്ചതും ഭക്ഷ്യവിഷബാധയ്ക്ക് ഇരയായതും.
ദേവനന്ദയുടെ മരണവിവരം അറിഞ്ഞ് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ രക്ഷിതാക്കളും പരിഭ്രാന്തരായി. മക്കളെ ചേർത്തുപിടിച്ച് വീട്ടുകാർ കരഞ്ഞു. നാട്ടുകാരുടെ കണ്ണുകളും നിറഞ്ഞു. അവധി പോലും റദ്ദാക്കി ഡോക്ടർമാരും ഓടിയെത്തി. എന്നാൽ മറ്റു കുട്ടികൾക്കൊന്നും ഗുരുതര ആരോഗ്യ പ്രശ്‌നമില്ലെന്ന് അവർ പറഞ്ഞതോടെ നിരവധി പേർക്കാണ് ആശങ്കയകന്നത്.
ഭക്ഷ്യവിഷബാധയേറ്റ് ജില്ലാ ആസ്പത്രിയിലെത്തിയവരെ ആശ്വസിപ്പിക്കാൻ ജനപ്രതിനിധികളും നാട്ടുകാരുമെല്ലാമെത്തിയിരുന്നു. മരിച്ച ദേവനന്ദയ്ക്കൊപ്പം ഷവർമ കഴിച്ച അർഷ (15) ജില്ലാ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും മറ്റ് 15 പേർ പ്രത്യേക വാർഡിലും ചികിത്സയിലാണ്. തീവ്രപരിചരണവിഭാഗത്തിലുള്ള അർഷ അധികം കഴിയും മുൻപേ അസ്വസ്ഥതയിൽനിന്ന് മുക്തിനേടി.
കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾതന്നെ ആർഎംഒ ഡോ. ശ്രീജിത്ത് മോഹന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ ടീം എത്തി. ദേവനന്ദയെ വെന്റിലേറ്ററിലാക്കി രക്ഷപ്പെടുത്താനുള്ള പരിശ്രമവും നടത്തിയിരുന്നു.
Leave a Reply