നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റ് മുതല്‍ തന്നെ മാഡം കാവ്യയാണെന്ന് താന്‍ പറഞ്ഞതാണെന്ന് നിര്‍മ്മാതാവും തിയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍. ഇപ്പോള്‍ അല്ലേ പള്‍സര്‍ സുനി പറയുന്നത്, ഇത് എത്രയോ മാസങ്ങള്‍ മുമ്പ് താന്‍ പറഞ്ഞിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാവ്യയ്ക്ക് ഇതില്‍ ബന്ധമുണ്ടെന്ന് അറിയാമായിരുന്നു. ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളും പരാമര്‍ശങ്ങളും കാവ്യയുമായി ബന്ധപ്പെടുന്നതാണ്. അപ്പോള്‍ പിന്നെ കാവ്യ എന്നത് നൂറുശതമാനം ഉറപ്പ് തന്നെയാണ്.

മാധ്യമങ്ങള്‍ക്കിത് പുതിയ കാര്യമായിരിക്കുമെന്നും എന്നാല്‍ തനിക്കിത് പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കാവ്യയെ അറസ്റ്റ് ചെയ്യേണ്ടതാണ്. പൊലീസ് എന്തുകൊണ്ടാണ് അവര്‍ക്ക് ഇളവ് കൊടുക്കുന്നതെന്ന് മനസിലാകുന്നില്ല. ദിലീപിനെ കുടുക്കിയതിന് പിന്നില്‍ താനാണെന്ന് അഭിഭാഷകര്‍ പറഞ്ഞതിലുളള പ്രതികാരം അല്ല ഇതെന്നും കേസുമായി ബന്ധപ്പെട്ട് മൂന്നാംദിവസം ദിലീപാണ് ഇതിന് കാരണക്കാരനെന്നും മമ്മൂട്ടി ഇടപെട്ടില്ലെങ്കില്‍ അറസ്റ്റ് നടക്കുമെന്നും മമ്മൂട്ടി ഇടപെടുകയാണെങ്കില്‍ അറസ്റ്റ് നടക്കില്ലെന്നും പറഞ്ഞിരുന്നു. തുടക്കത്തില്‍ അറസ്റ്റ് നടക്കാത്തത് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ്.

ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ കാവ്യയ്ക്ക് നൂറുശതമാനം പങ്കുണ്ട്. അതില്‍ സംശയമില്ല. ദിലീപിനും കാവ്യയ്ക്കും തുല്യമായ വെറുപ്പാണ് ഈ പറഞ്ഞ കുട്ടിയോടും മഞ്ജുവാര്യരോടുമുളളത്. അതുപോലെ തന്നെ ഗീതുമോഹന്‍ ദാസിനോടും സംയുക്താവര്‍മ്മയോടും വെറുപ്പുണ്ട്. ആദ്യം ഇവരെല്ലാം ഒറ്റക്കെട്ടായി നിന്നിരുന്നതാണ്. പിന്നീട് മഞ്ജുവാര്യരുടെ വിവാഹമോചനത്തിന് ശേഷം ആ കൂട്ട് അങ്ങ് പിരിഞ്ഞു. അതോട് കൂടിയിട്ടാണ് ഈ പ്രതികാര നടപടി തുടങ്ങിയത്. ഇതില്‍ കാവ്യയും ദിലീപും തുല്യ കുറ്റക്കാര്‍ തന്നെയാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.