ന്യൂഡൽഹി: കർണാടകയിലെ സഖ്യസർക്കാർ വീണതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. ജനാധിപത്യവും സത്യസന്ധതയും കർണാടകയിലെ ജനങ്ങളും പരാജയപ്പെട്ടെന്നു രാഹുൽ പറഞ്ഞു. അന്നു കോണ്ഗ്രസ് അധ്യക്ഷനായിരുന്ന രാഹുലിന്റെ താത്പര്യത്തിലാണു കർണാടകയിൽ ജെഡിഎസ്-കോണ്ഗ്രസ് സഖ്യസർക്കാർ രൂപീകരിച്ചത്. ആദ്യ ദിവസം മുതൽ കർണാടകയിലെ കോണ്ഗ്രസ് -ജെഡിഎസ് സഖ്യത്തെ നിക്ഷിപ്ത താത്പര്യക്കാർ ലക്ഷ്യമിട്ടിരുന്നു. അകത്തും പുറത്തുമുള്ള ഇത്തരക്കാരുടെ അധികാരവഴിയിലെ തടസമായും ഭീഷണിയായും സഖ്യസർക്കാരിനെ അവർ കണ്ടു. അവരുടെ അത്യാഗ്രഹം വിജയിച്ചിരിക്കുന്നു. ജനാധിപത്യവും സത്യസന്ധതയും കർണാടകയിലെ ജനങ്ങളും പരാജയപ്പെട്ടു- രാഹുൽ ട്വീറ്റ് ചെയ്തു.
ബിജെപിക്കെതിരേ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. എല്ലാം വിലയ്ക്കു വാങ്ങാനും എല്ലാവരെയും ഭീഷണിപ്പെടുത്താനും കഴിയില്ലെന്നു ബിജെപി ഒരിക്കൽ തിരിച്ചറിയുമെന്നും അന്ന് ബിജെപിയുടെ കള്ളത്തരങ്ങൾ വെളിവാക്കപ്പെടുമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. അതുവരെ, രാജ്യത്തെ ജനങ്ങൾ ബിജെപിയുടെ അളവില്ലാത്ത അഴിമതിയും ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന സ്ഥാപനങ്ങളുടെ ആസൂത്രിതമായ തകർച്ചയും ജനങ്ങൾ സഹിക്കേണ്ടിവരും. ദശകങ്ങുടെ അധ്വാനവും ത്യാഗവും കൊടുത്തു കെട്ടിപ്പടുത്ത ഒരു ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതും ഇതിനൊപ്പമുണ്ടാകുമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
പതിന്നാലു മാസത്തിനൊടുവിലാണു കുമാരസ്വാമി സർക്കാർ വീണത്. കർണാടകത്തിൽ 2018 മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമുണ്ടായിരു ന്നില്ല. തുടർന്ന് 104 അംഗങ്ങളുള്ള ബിജെപിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്തതിനെത്തുടർന്ന് നാലു ദിവസത്തിനുശേഷം ബി.എസ്. യെദിയൂരപ്പ രാജിവച്ചു. തുടർന്നായിരുന്നു കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്ഗ്രസ്-ജെഡിഎസ് സർക്കാർ അധികാരമേറ്റത്. ബിജെപിയിൽനിന്നു നിരന്തരം ഭീഷണിയുണ്ടായിരുന്നെങ്കിലും പലപ്പോഴും മുതിർന്ന നേതാവ് ഡി.കെ. ശിവകുമാറിന്റെ ഇടപെടലാണു സർക്കാരിനെ രക്ഷിച്ചത്. ഭരണപക്ഷത്തെ 16 (കോണ്ഗ്രസ് 13, ജെഡിഎസ്-3) എംഎൽഎമാർ രാജിവച്ചതോടെയായിരുന്നു ഇക്കുറി സർക്കാർ പ്രതിസന്ധിയിലായത്.
Leave a Reply