ലോക്ക് ഡൗണിനിടെ അതിർത്തിയിൽ പൊലീസ് തടഞ്ഞയാൾ നദി നീന്തിക്കടക്കാനുളള ശ്രമത്തിനിടെ മുങ്ങിമരിച്ചു. ഭാര്യയെയും അഞ്ച് മാസം പ്രായമുളള കുഞ്ഞിനെയും വീട്ടിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു ദുരന്തം. കർണാടകത്തിലെ ബീജാപൂരിലാണ് സംഭവം.

ബീജാപൂർ-ബാഗൽകോട്ട് ജില്ലകൾക്ക് അതിരിടുന്ന കൃഷ്ണ നദിയിലാണ് മല്ലപ്പ എന്നയാൾ മുങ്ങിമരിച്ചത്. മൃതദേഹം കണ്ടെടുത്ത ഇടത്തുനിന്ന് ഇയാളുടെ വീട്ടിലേക്ക് ഒരു കിലോ മീറ്റർ മാത്രം ദൂരമേ ഉണ്ടായിരുന്നുളളൂ. രണ്ട് ജില്ലകളുടെയും അതിർത്തി ഗ്രാമത്തിലാണ് കെഎസ്ആർടിസി കണ്ടക്ടറായ മല്ലപ്പയുടെയും ഭാര്യയുടെയും വീടുകൾ. പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയിരുന്ന ഭാര്യയ്ക്കും അഞ്ച് മാസം പ്രായമുളള പെൺകുഞ്ഞിനുമൊപ്പം എത്തിയ മല്ലപ്പയെ ചെക്പോസ്റ്റിൽ വെച്ച് പൊലീസ് തടഞ്ഞു. എല്ലാവരെയും പൊലീസ് വാഹനത്തിൽ നിന്നിറക്കി. അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥർ അയഞ്ഞില്ല.

ഒടുവിൽ ഭാര്യയെയും കുഞ്ഞിനെയും അതിർത്തി കടന്ന് നടന്നുപോകാൻ അനുവദിക്കുകയും മല്ലപ്പയെ വിലക്കുകയും ചെയ്തു. ഇതോടെ, കുഞ്ഞിനെയും ഭാര്യയെയും യാത്രയാക്കി മറുകരയുളള ഗ്രാമത്തിലേക്ക് കൃഷ്ണ നദി നീന്തിക്കടക്കാൻ തീരുമാനിക്കുകയായിരുന്നു മല്ലപ്പ. ഇതിനിടെയാണ് അപകടം സംഭവിച്ചത്. പൊലീസ് മല്ലപ്പയെ മർദിച്ചെന്നും നടന്നുവരാനെങ്കിലും അനുവദിച്ചിരുന്നെങ്കിൽ ദുരന്തമൊഴിഞ്ഞേനെ എന്നും സഹോദരൻ പറയുന്നു. സംഭവത്തിൽ ഇതുവരെ പൊലീസ് പ്രതികരിച്ചിട്ടില്ല.