സഞ്ജയ് ലീല ബന്‍സാലിയുടെ മാതാവിനെക്കുറിച്ച് സിനിമ നിര്‍മിക്കുമെന്ന് രജപുത്ര സംഘടനയായ കര്‍ണിസേന. സംഘടനയുടെ ചിത്തോര്‍ഗഡ് ഘടകമാണ ്ഈ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. പദ്മാവത് എന്ന ചിത്രം രജപുത്ര രാജ്ഞിയായിരുന്ന പദ്മാവതിയുടെ ചരിത്രത്തെ വികലമായ വ്യാഖ്യാനം ചെയ്യുന്നതാണെന്ന് ആരോപിച്ചാണ് സംവിധായകന്റെ അമ്മയെക്കുറിച്ച് സിനിമ നിര്‍മിക്കാന്‍ സംഘടന ഒരുങ്ങുന്നത്.
ലീല കീ ലീല എന്ന പേരിലായിരിക്കും ചിത്രം നിര്‍മിക്കുകയെന്നാണ് സംഘടന അറിയിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ ചിത്രീകരണം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ ചിത്രം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് രജപുതി കര്‍ണി സേന, കല്‍വി ഘടകം പ്രസിഡന്റ് ഗോവിന്ദ് സിങ് ഖാന്‍ഗറോട്ട് പറഞ്ഞു. ഞങ്ങളുടെ അമ്മയെ ബന്‍സാലി അപമാനിച്ചു. ഇനി ബന്‍സാലിയുടെ അ്മ്മയെക്കുറിച്ച് ഞങ്ങളും സിനിമയെടുക്കുകയാണ്. അതില്‍ ബന്‍സാലിക്ക് അഭിമാനിക്കാന്‍ ഏറെയുണ്ടാകുമെന്നും തങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ഉപയോഗിക്കുന്നതെന്നുമാണ് ഗോവിന്ദ് സിങ് ന്യായീകരിക്കുന്നത്.
പദ്മാവത് വന്‍ വിവാദമാണ് റിലീസിനു മുമ്പ് സൃഷ്ടിച്ചത്. ചിത്രം തങ്ങളുടെ മാതാവിന് തുല്യയായ പദമാവതിയെ അപമാനിക്കുകയാണെന്നും ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും ആരോപിച്ച് വന്‍ പ്രതിഷേധങ്ങളുമായി കര്‍ണി സേനയുള്‍പ്പെടെയുള്ള രജപുത്ര സംഘടനകളും സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തി. റിലീസ് ദിവസം സ്‌കൂള്‍ ബസിന് കല്ലെറിഞ്ഞു വരെയായിരുന്നു പ്രതിഷേധം. ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ നടത്തിയ ശ്രമവും ഫലം കാണാത്ത സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി കര്‍ണിസേന രംഗത്തെത്തിയിരിക്കുന്നത്.
Leave a Reply