കാരൂർ സോമൻ

ആന്തുർ നഗര സഭയുമായി ബന്ധപ്പെട്ട സാജൻ എന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യ ഒരു ഞെട്ടലോടെയാണ് പ്രവാസികൾ കേട്ടത്. ഇത്ര ദാരുണമായ മരണം പ്രവാസികളുടെ ഹ്ര്യദയത്തിനേറ്റ മുറിവും നൊമ്പരവുമാണ്. കോടതി ഇടപെട്ടതുപോലെ ലോകമെങ്ങുമുള്ള പ്രവാസികൾ കുറ്റവാളികൾ രക്ഷപ്പെടുമോയെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇരുപതോളം വർഷങ്ങൾ നൈജീരിയയിൽ ജീവിതം പടുത്തുയർത്താൻ കഷ്ടപ്പെട്ട സത്യസന്ധനായ ഒരു പാവം പ്രവാസിയുടെ ആത്മഹത്യ ആരുടെ സൃഷ്ട്രിയാണ്? നൈജീരിയ എന്ന രാജ്യത്തു ഓരോ മലയാളിയും ഭയന്ന് തന്നെയാണ് ദിനങ്ങൾ കടന്നുപോകുന്നത്. ശീതികരിച്ച ആഡംബര മുറികളിലിരിന്നു ജീവിതം ഉല്ലസിക്കുന്നവർക്ക്‌ പ്രവാസികളുടെ നൊമ്പരങ്ങൾ അറിയണമെന്നില്ല. നൈജീരിയയിലെ മരണത്തിൽ നിന്ന് രക്ഷപ്പെട്ട് ജന്മനാട്ടിലെത്തി ആർക്കോവേണ്ടി ജീവൻ ബലികഴിച്ച ഹതഭാഗ്യൻ. ഒരു രാഷ്ട്രീയ പാർട്ടിയേക്കാൾ ഇവിടെ നടന്നത് ചൂഷകനും മർദ്ദകനും തമ്മിലുള്ള പോരാട്ടമാണ്. മനുഷ്യരെപ്പോലെ ചിന്തിക്കുന്ന കഴുതകളെ നമ്മുക്ക് കാണാൻ സാധിക്കില്ല എന്നാൽ ഇന്ത്യയിൽ നടക്കുന്ന ചില സംഭവങ്ങൾ കണ്ടാൽ കഴുതകളെപ്പോലെ ചിന്തിക്കുന്ന മനുഷ്യരെ ആൾക്കൂട്ടത്തിനിടയിൽ കാണുന്നുണ്ട്. ഈ വിഷയത്തിൽ ഭരണപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നവരും പലവട്ടം പ്രതിക്കൂട്ടിൽ നിന്നവരാണ്. സത്യം പറയുന്നവരെ വലത്തു- ഇടത്തു പക്ഷ വിരുദ്ധർ എന്ന് വിളിച്ചിട്ടും കാര്യമില്ല.

ഒരു ഭരണകൂടത്തെ ജനങ്ങൾ വിലയിരുത്തുന്നത് സത്യവും നീതിയും മാത്രമല്ല അവരുടെ നാക്കും വാക്കും നോക്കും ജനങ്ങൾക്ക് പ്രസാദകരമാകണം. ഗുരുദേവൻ പറഞ്ഞ ഒരു വാചകമുണ്ട്. “അധർമ്മപക്ഷത്തു നിന്ന് ജയിക്കുന്നതിനേക്കാൾ നല്ലത് ധർമ്മപക്ഷത്തു നിന്ന് തോൽക്കുന്നതാണ്”. ഇത് തിരിച്ചറിയേണമെങ്കിൽ അധികാര അഹങ്കാരത്തെക്കാൾ, പൊന്നിനേക്കാൾ, പരിജ്ഞാനം സമ്പാദിക്കാനുള്ള മനസ്സുണ്ടാകണം. അധികാരസമ്പത്തിനേക്കാൾ ജ്ഞാനസമ്പത്തുള്ളവരാകണം. രാഷ്ട്രീയ മേഖലയാകുമ്പോൾ അവർ ത്യാഗസമ്പന്നന്മാരാകണം, മറ്റുള്ളവർക്ക് കെണി വെക്കുന്നവരാകരുത്. ഒരാവശ്യവുമായി ഒരാൾ സർക്കാർ സ്ഥാപനത്തിൽ ചെന്നാൽ അവിടെ നടക്കുന്നത് ഗാന്ധിയൻ സിദ്ധന്തമാണോ അതോ ജന്മികുടിയാൻ സിദ്ധന്തമോ? ഭരണാധികാരികൾ, സർക്കാർ സ്ഥാപനങ്ങൾ, പൊലീസ് വകുപ്പുകൾ, കളക്ടർ ഇവരെയൊക്കെ തീറ്റിപോറ്റുന്നത് ജനങ്ങളുടെ നികുതി പണംകൊണ്ടാകുമ്പോൾ അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചുകൊടുക്കേണ്ട ബാധ്യതയുണ്ട്. നീതി നിഷേധങ്ങൾ നടന്നാൽ ലോകത്തിന്റ എല്ലാ ഭാഗത്തുനിന്നും ചോദ്യങ്ങളുയരും. ചൂഷകർക്കതിരെ പടപൊരുതേണ്ടവർ അവരുടെ സംരക്ഷകരായി മാറാൻ പാടില്ല.

ഇരുപത് വർഷങ്ങൾക്ക് മുൻപ് രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തു ഇത്രമാത്രം ജീർണ്ണതകൾ മലയാളികൾ കണ്ടുകാണില്ല. രാഷ്ട്രീയ കുത്തക മുതലാളിമാരെയും കണ്ടിട്ടില്ല. ഇന്നു കാണുന്ന പ്രവണതകൾ ജന്മി-കുടിയാൻ വ്യവസ്ഥിതി വീണ്ടും വരുമോ എന്നതാണ്. ജനങ്ങൾ കുടിയാന്മാരും അധികാരത്തിലുള്ളവർ ജന്മിമാരായും മാറുന്നു. ഒരാൾ രാഷ്ട്രീയ നേതാവായാൽ അയാളുടെ കുടുംബത്തിലുള്ളവരും, ബന്ധുക്കളും അവർക്ക് ഓശാന പാടുന്നവരും അധികാരത്തിലെത്തുന്നത് വളരെ വേഗത്തിലാണ്. ഈ സുഖാനുഭവ നിമിഷങ്ങളിൽ നീതി ലഭിക്കാതെ ഒരു കൂട്ടർ മറുഭാഗത്തും നിൽക്കുന്നത് ഇവർ മറക്കുന്നു. ഒരു കുറ്റത്താലാണ് അവരെ അകറ്റിയത്. പാർട്ടി അനുഭാവിയല്ല. മരണംവരെ അധികാരത്തിൽ കടിച്ചുതൂങ്ങി കിടക്കുക, മക്കൾ രാഷ്ട്രീയം, സങ്കുചിത താല്പര്യങ്ങൾ, ആന്തരികമായ അധികാരദാർഷ്ട്യം, ധൂർത്തു്, അധികാരത്തെ തൻകാര്യത്തിനായി ഉപയോഗിക്കുക, രാഷ്ട്രീയം നോക്കി എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുക, പുരസ്‌കാരം-പദവികൾ നൽകുക, രാഷ്ട്രിയക്കാരല്ലാത്തവരെ പുറം തള്ളുക, സർക്കാർ സ്ഥാപങ്ങളിലെ വെള്ളാനകളായ സെക്രട്ടറി അടക്കമുള്ളവരുടെ ധിക്കാരം, നീതി നിഷേധങ്ങൾ, സ്ഥലംമാറി പോകാതെ രാഷ്ട്രിയക്കാര്ക്ക് സമ്മാനപ്പൊതികൾ നൽകി വര്ഷങ്ങളായി ഒരേ കസേരയിലിരിക്കുക, കൈക്കൂലി വാങ്ങി രക്ഷപ്പെടുക, ഇങ്ങനെ എണ്ണിയാൽ തീരാത്ത അധികാര ദുർവിനിയോഗമാണ് കുറെ കാലങ്ങളായി കേരളത്തിൽ നടക്കുന്നത്. ഇതെല്ലാം താഴെക്കിടയിലുള്ളവർ കണ്ടുപഠിക്കുന്നത് മുകളിരിക്കുന്ന ജന്മിമാരിൽ നിന്നാണ്. ഒരല്പം മനുഷത്വവും ജ്ഞാനവും വിവേകവും ജനസേവനവും മനസ്സിലുണ്ടായിരുന്നെങ്കിൽ ഒരു പാവം പ്രവാസി തൻ്റെ സമ്പാദ്യമെല്ലാം ചിലവാക്കിയിട്ട് ആത്മഹത്യ ചെയ്യില്ലായിരുന്നു. കാപട്യം നിറഞ്ഞ ഈ ജനാധിപത്യത്തിൽ നിന്നും മാനസിക പീഡനം ഏറ്റുവാങ്ങിയതുകൊണ്ടാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. ഇതുപോലെ എത്രയെത്ര നിരപരാധികൾ പീഡനങ്ങൾ അനുഭവിക്കുന്നത്, ആത്മഹത്യ ചെയ്യുന്നത് മാലോകരറിയുന്നില്ല.

മലയാളക്കരയെ പട്ടിണിയിൽ നിന്നും പടുത്തുയർത്തിയ പ്രവാസികളെ കാലാകാലങ്ങളായി എങ്ങനെ കാണുന്നു എന്നുള്ളതിന്റ് തെളിവാണ് സാജൻ തൻറെ ഭാര്യയോട് പറഞ്ഞ മരണമൊഴികൾ. അതിന്റ ഓഡിയോ വിഡിയോ ചോദിക്കുമെന്നറിയില്ല. കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ കൈക്കൂലി കൊടുത്തില്ലെങ്കിൽ മനുഷ്യരുടെ മനസ്സിലും ശരീരത്തും റേഡിയേഷൻ കൊടുക്കുന്ന മനുഷ്യ യന്ത്രങ്ങൾ എല്ലായിടവുമുണ്ട്. കൈക്കൂലി കൊടുത്തില്ലെങ്കിൽ യന്ത്രരാജൻ പണിമുടക്കും. കൈക്കൂലി കൊടുത്തിട്ടുള്ളവർക്ക് അറിയാവുന്ന കാര്യമാണത്. മരണപ്പെട്ടു കഴിഞ്ഞാൽ യന്ത്രരാജൻ റീത്തുമായിട്ടെത്തും. ഈ കാര്യത്തിൽ അചഞ്ചലമായ മനോധൈര്യം അവർക്കുണ്ട്. ഇതുപോലെ ആത്മഹത്യ ചെയ്ത പുനലൂർക്കാരൻ സുഗതന്റെ മകനും പരാതികളുണ്ട്. ഇങ്ങനെ എത്രയോ പ്രവാസികൾക്ക് നാട്ടിലെ രാഷ്ട്രീയക്കാർ ശല്യക്കാരായി മാറുന്നു. ഇന്ത്യയിൽ പണിയെടുക്കാതെ ജീവിക്കാനുള്ള ഏക മാർഗ്ഗം രാഷ്ട്രിയകൃഷിയായി കൊണ്ടുനടക്കുന്നവരാണിവർ. കഷ്ടപ്പെട്ടും കടമെടുത്തും പഠിച്ചവർക്ക് ഒരു തൊഴിലും ലഭിക്കാതിരിക്കുമ്പോഴാണ് ഈ മടിയൻമാർ അധികാരികളായി മാറി സമൂഹത്തിന് ഒന്നും ചെയ്യാതെ വെറും ബിംബങ്ങളായി കാലഘടികാരത്തിനുള്ളിൽ സുഖഭോഗികളായി മദിച്ചു ജീവിക്കുന്നത്. ഇവരെ മാലോകരറിയുന്നത് ഏതെങ്കിലും പദവികളിൽ വരുമ്പോഴാണ്. ബാക്കി കാര്യങ്ങൾ മാധ്യമങ്ങൾ ചെയ്തുകൊള്ളും.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സത്യത്തിൽ പ്രവാസികൾക്ക് നമ്മുടെ ഏതെങ്കിലും സർക്കാർ എന്തെങ്കിലും അനുകുല്യങ്ങൾ നൽകിയിട്ടുണ്ടോ? കേരളത്തെ പട്ടിണിയിൽ നിന്നും പടുത്തുയർത്തിയ പ്രവാസികളുടെ സമ്പത്തു് മാത്രം മതിയോ? വിദേശ രാജ്യങ്ങളിൽ പലവിധത്തിൽ ദുരിതദുഃഖങ്ങൾ അനുഭവിക്കുന്ന ധാരാളം പ്രവാസികളുണ്ട്. അവരുടെ നീറുന്ന വിഷയങ്ങളിലോ പ്രവാസം കഴിഞ്ഞു നാട്ടിൽ മടങ്ങി ചെന്നാലും സർക്കാരിന് അവരുടെ ഭാവിയെപ്പറ്റി ഒരു ഉത്കണ്ഠയുമില്ല. പ്രവാസികളെ വെറും കറവപ്പശുക്കളായി കാണുന്ന ദയനീയാവസ്ഥ. സാജൻറ് ആത്മഹത്യയുമായി ബന്ധപ്പെട്ട് ചില പ്രവാസി സംഘടനകൾ രംഗത്തു വന്നെങ്കിലും ഉപരിവർഗ്ഗത്തോട് വിധേയത്വമുള്ള പല സംഘടനകളും രംഗത്ത് വന്നില്ല. സർക്കാർ തലത്തിൽ പ്രവാസികൾക്കായി നടത്തുന്ന പല പേരിലുള്ള ഷോകൾ, മെഗാഷോകൾ കാണാറുണ്ട്. ഇതിലൂടെ പ്രവാസികൾക്ക് എന്തെങ്കിലും ഗുണം ലഭിച്ചോ? ധൂർത്തടിക്കുന്ന പണമെങ്കിലും കിട്ടുന്നുണ്ടോ? ഇന്ത്യൻ എംബസ്സികൾക്ക് ഇന്ത്യക്കാർ എത്രയുണ്ടെന്നുള്ള കൃത്യമായ കണക്കില്ല. കുറ്റം പറയരുതല്ലോ റബ്ബർ സ്റ്റാമ്പാടിച്ചു് തരാൻ അവർ ഒപ്പമുണ്ട്. ഈ അടുത്ത സമയത്തു് ഒരു സുകൃത്തു ലണ്ടനിലെ ഇന്ത്യൻ എംബസ്സിയിൽ ഇരുപത് പേജുകൾ എംബസ്സി സ്റ്റാമ്പ് ചെയ്യിക്കാൻ പോയി. ഒരു പേപ്പർ എംബസ്സി സീൽ ചെയ്യുന്നതിന് പതിനെട്ടു പൗണ്ട് കൊടുക്കണം. അത് നൂറു പേപ്പർ സ്റ്റാമ്പ് ചെയ്യ്താലും ഒരു പേപ്പറിന് പതിനെട്ടു പൗണ്ടാണ്. പൗണ്ടിന്റെ വിലയറിയാത്ത പാവങ്ങളെ ചുഷണം ചെയ്യുന്ന ഇതുപോലുള്ള എംബസികൾ ലോകത്തെമ്പാടുമുണ്ട്. തൊഴിൽ രംഗത്ത് അവർ അനുഭവിക്കുന്ന പീഡനങ്ങൾക്ക് പരിഹാരം കാണാനോ, മരുന്ന് വാങ്ങാൻ പണമില്ലാത്തവന് എന്തെങ്കിലും സഹായം ചെയ്യാനോ ഇവർക്കാകുന്നില്ല. കേരളത്തിൽ മറ്റൊരു സുകൃത്തു അവരുടെ വില്ലേജ് ഓഫീസിൽ കുട്ടികളുടെ പേരിലേക്ക് വീട് എഴുതിവെക്കാൻ പതിനഞ്ചു ദിവസത്തെ അവധിക്ക് പോയി. പേരിൽ കുട്ടൻ കുറഞ്ഞത് മുന്ന് മാസമെടുക്കും. പെട്ടെന്ന് ചെയ്യണമെങ്കിൽ കൈക്കൂലി കൊടുക്കണം. സുകൃത്തു ശപിച്ചുകൊണ്ട് നല്ലൊരു തുക കൈക്കൂലി കൊടുത്തിട്ടാണ് അത് കുട്ടികളുടെ പേരിലാക്കിയത്. എങ്ങും വെള്ളാനകളാണ്. ഈ കള്ളപണംകൊണ്ടാണല്ലോ ഇവർ മകൾക്ക് ആഹാരം കൊടുക്കുന്നതെന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു. ഇവരുടെ തൊലിക്കട്ടി കാണ്ടമൃഗത്തെയും തോൽപ്പിച്ചുകളയും. കൈക്കൂലിയുടെ വിളനിലമാണ് കേരളം. സാജനും കൈക്കൂലികൊടുക്കാൻ തയ്യാറായില്ല എന്നത് ഇതിനോട് കുട്ടിവായിക്കണം. ജന്മിമാർക്കായി അവരുടെ സർക്കാർ വേലിക്കുള്ളിൽ പശുക്കളെ മേയ്ക്കുന്ന കുടിയാന്മാരായി പാവങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. ഇവരെ നിയന്ത്രിക്കാനോ ഇവരുടെ വാർഷിക വരുമാന വർദ്ധനവ് നോക്കാനോ ഒരു സംവിധാനവുമില്ല. ജന്മിമാർക്ക് ലക്ഷങ്ങൾ കൈക്കൂലി കൊടുത്തു് ജോലി തരപ്പെടുത്തിയപ്പോൾ കൈക്കൂലി വാങ്ങാതിരിക്കുമോ? എന്തൊരു ജനാധിപത്യം.

കമ്മൂണിസ്റ്റ് ആശയങ്ങളുള്ള പാവങ്ങളുടെ ഒപ്പം നിൽക്കേണ്ട പാർട്ടി ഭരിക്കുമ്പോൾ എന്തുകൊണ്ടാണ് കൈക്കൂലിയും, സ്വജന പക്ഷപാതവും സങ്കുചിത പ്രവർത്തനങ്ങളും നടക്കുന്നത്? ഇത് ഈ പാർട്ടി മാത്രം ചെയ്യുന്ന കാര്യമല്ല എല്ലാവരും കൈക്കൂലി, അഴിമതിക്ക് ബിരുദമെടുത്തു് പാലം പണിയാനും പൊളിക്കാനും അത് പുതിയ പാർട്ടിക്ക് കൊടുത്തു് കമ്മീഷൻ വാങ്ങാനും ഉപരിപഠനം നടത്തികൊണ്ടരിക്കുന്നവരാണ്. പഠനരംഗത്തെല്ലാം ഒന്നാം റാങ്ക് വാങ്ങിയ ഉന്നതനായ രാജു നാരായണസ്വാമി ഒരിക്കലും കൈക്കൂലി വാങ്ങാത്ത ഐ എ എസ് ഉദ്യോഗസ്ഥൻ ലോകത്തോട് പറഞ്ഞത് ഇതിനൊക്കെ അടിവരയിടുന്ന കാര്യങ്ങളാണ്. ആയിരകണക്കിന് അഴിമതി കഥകൾ അദ്ദേഹത്തിനറിയാം അതിൽ മൂന്നെണ്ണമാണ് പുറത്തുകൊണ്ടുവന്നത്. അഴിമതി വീരന്മാരായ ജന്മിമാർ അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുന്ന കഥകൾ കേൾക്കുമ്പോൾ നമ്മൾ അന്തംവിട്ടു നിന്നുപോകും. അണിയറയിലും അരങ്ങത്തും നടക്കുന്നു ഈ അഴിമതി ദൈവത്തിന്റ സ്വന്തം നാടിന് എത്ര അപമാനകരമാണ്. യൗവനക്കാർ ഇതൊന്നും കാണുന്നില്ലേ? അവരും ഫ്യൂഡൽ മാടമ്പി സംസ്കാരത്തിന്റ ഇരകളായി മാറിയോ?

പ്രവാസിയെ, പാവങ്ങളെ, കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന, വിദ്യാസമ്പന്നരെ നാടുകടത്തുന്ന ഈ തട്ടിപ്പ് ജനാധിപത്യം ഇന്ത്യക്ക് വേണമോയെന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഗോഥയിൽ പോകുന്നവർ ചിന്തിക്കേണ്ട കാര്യമാണ്. ഭരണഘടനയിൽ എടുത്തുപറയുന്ന കാര്യമാണ് പൗരന് തൊഴിൽ ലഭിക്കുക. ഓരോ മലയാളിയെ പ്രവാസികളാക്കുന്നത് ഭരണത്തിലുള്ളവരാണ്. ജനാധിപത്യത്തിന്റ പേരും പറഞ്ഞു മരണംവരെ അധികാരത്തിലിരിക്കുന്ന ഈ ജന്മി-മുതലാളിമാർ നിത്യവും മലയാളികളെ നാടുകടത്തികൊണ്ടരിക്കുന്നു. ഒടുവിൽ കര്ഷകരെപ്പോലെ പ്രവാസികളെയും ആത്മഹത്യയിലേക്കും തള്ളി വിടുന്നു. പാവങ്ങളുടെ, ന്യൂനപക്ഷങ്ങളുടെയിടയിൽ ആഴത്തിൽ വേരോടിയിട്ടുള്ള ഒരു പാർട്ടിയിൽ ജന്മിമാർ കൊഴുത്തുതടിക്കുന്നതും വിമർശനങ്ങളെ അസഹിഷ്ണതയോട് കാണുന്നതും കമ്മൂണിസ്റ്റ് പ്രത്യശാസ്ത്രത്തിനും സദാചാരത്തിനും സംസ്കാരത്തിനും ചേർന്നതാണോയെന്ന് പരിശോധിക്കേണ്ടതാണ്. മുമ്പുള്ളതിനേക്കാൾ ഈ പാർട്ടിയിൽ ധാരാളം പുഴുക്കുത്തുകൾ കടന്നുകൂടിയിട്ടുണ്ട്. അതിൽ കുറെ വാലാട്ടികളുമുണ്ട്. വരണ്ടുകിടന്ന മണ്ണിൽ വിയർപ്പൊഴുക്കി വസന്തം കൊണ്ടുവന്നവരെ ഇവർ മറക്കുന്നു. ദേശാഭിമാനി പത്രമാകട്ടെ സത്യത്തെ വളച്ചൊടിച്ചു വായനക്കാരിൽ ആശങ്കയുണർത്തുന്നു. സമൂഹത്തിന് നീതി നല്കാൻ, സത്യം പറയാൻ കരുത്തില്ലാത്ത ഒരു പാർട്ടിയെയും ജനങ്ങൾ അംഗീകരിക്കില്ല. ഇതിനൊന്നും പരിഹാരം കണ്ടില്ലെങ്കിൽ, തെറ്റുകൾ തിരുത്തിപോകില്ലെങ്കിൽ സോഷ്യലിസ്റ്റു ദര്ശനമോ വസന്തകാന്തിപ്പുക്കളോ കേരളത്തിൽ വിരിയില്ല അതിന് പകരം വിരിയുക താമരയായിരിക്കുമെന്നോർക്കുക.

പ്രവാസി സമൂഹം ആവശ്യപ്പെടുന്നത് ആത്മഹത്യ ചെയ്ത സാജന് നീതി കിട്ടണമെന്നാണ്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. ജീവിതത്തിലായാലും സാഹിത്യ-സാംസ്‌കാരിക രംഗത്തായാലും പ്രവാസികളോട് കാട്ടുന്ന ക്രൂരവിനോദങ്ങൾ, ചിറ്റമ്മ നയം അവസാനിപ്പിക്കണം. വിപ്ലവകാരികളിലെ വിപ്ലവകാരിയും രക്തസാക്ഷികളിലെ രക്തസാക്ഷിയുമായ ചെഗുവേരയെ ഓർക്കുമ്പോൾ നിരപരാധിയായിരുന്ന സാജന്റെ രക്തവും അദ്ദഹത്തിന്റ ഭാര്യ, പിഞ്ചോമനകളുടെ മുഖങ്ങളാണ് മുന്നിലേക്ക് വരുന്നത്. അവരുടെ സുരക്ഷിതത്വ൦ സർക്കാർ ഏറ്റടുക്കണം. അവരും ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് വരട്ടെ.