കാരൂര്‍ സോമന്‍
ചുട്ടുപൊള്ളുന്ന വെയിലില്‍ ചൂടപ്പം പോലെ വിറ്റഴിച്ചുകൊണ്ടിരിക്കുന്ന രണ്ട് ഉത്പന്നങ്ങളാണ് നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്ത വെളുത്ത മേഘങ്ങളിലൂടെ പാഞ്ഞുപോയ അമൂല്യ നിധിയായ ഉപഗ്രഹമിസൈല്‍ പരീക്ഷണം. മറ്റൊന്ന് ബാലക്കോട്ടേ ആക്രമണം. ഇത് ഭീകര താവളമോ, മലയോ, മരുഭൂമിയോ, മരിച്ചവരുടെ എണ്ണമോ ഒന്നും പുറത്തുവന്നിട്ടില്ല. അധികാര മരത്തണലിലിരുന്ന് മരത്തിലെ കായ്കനി പറിച്ചെടുത്തു വിശപ്പടക്കിയതുപോലെയായി കാര്യങ്ങള്‍. രാജ്യം ചുട്ടുപൊള്ളുന്ന പ്രശ്‌നങ്ങളില്‍ നില്‍ക്കുമ്പോഴാണ് ഒരല്പം ആശ്വാസത്തിനായി മരത്തണലില്‍ വന്നത്. മരത്തിന്റ ചുവട്ടിലിരുന്ന് മരമുകളില്‍ കയറുമെന്ന് ആരും കരുതിയില്ല. കോലാടുമ്പോള്‍ കുരങ്ങാടും എന്നൊരു ചൊല്ലുണ്ട്. ഇത് കണ്ടിട്ടാണോ പ്രതിപക്ഷ പാര്‍ട്ടി പറഞ്ഞത് നാടക ദിനത്തിലെ ഏറ്റവും വലിയ കോമാളി വേഷം. സിനിമയില്‍ കോമാളി വേഷങ്ങള്‍ കെട്ടിയാടുന്നവര്‍ എന്തിന് പാര്‍ലമെന്റില്‍ പോകുന്നുവെന്ന് ഒരു നേതാവ് ചോദിച്ചപ്പോള്‍ തണുത്ത മരവിച്ചിരുന്ന ചിലരുടെ രക്തഞ്ഞരമ്പുകള്‍ മുറുകിയതും നമ്മള്‍ കണ്ടു.
മനുഷ്യര്‍ക്ക് പ്രായം കൂടുന്തോറും അനുഭവപാഠങ്ങള്‍ ധാരാളമെന്നാണ് നമ്മള്‍ ധരിച്ചിരിക്കുന്നത്. മരണക്കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്നവര്‍ അധികാരത്തിലെത്തിയാല്‍ അവരുടെ മനസ്സ് വയസ്സാകുന്തോറും കുട്ടികളുടെതെന്ന് ഇപ്പോഴാണ് മനസ്സിലായത്. അതിനെ നമുക്ക് മീശ നരച്ചാലും ആശ നശിക്കില്ല എന്ന പ്രയോഗംകൊണ്ട് നേരിടാം. എന്നാലും നമ്മുടെ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചു് ആകാശമേഘങ്ങളിലയച്ച ഉപഗ്രഹ മിസൈല്‍ മടങ്ങി വരുമോ, പൊട്ടിത്തകരുമോ എന്ന നിരാശ അവരിലെ നിശ്വാസവായുവിലും കാണാമായിരുന്നു. ആ വിജയ നിമിഷങ്ങള്‍ സന്തോഷകരമായിരുന്നു. അപ്പോഴിതാ നമ്മുടെ പ്രധാനമന്ത്രി ആ മേഘപാളികളില്‍ നിന്നും ഒരു കഷണം വലിച്ചെടുത്തിട്ട് യൂ.പിയിലെ ഒരു തെരഞ്ഞെടുപ്പ് ഗോദയിലേക് വലിച്ചു നീട്ടി ആര്‍ത്തട്ടഹസിച്ചു പറഞ്ഞു. ‘രാജ്യ രക്ഷ തന്റെ കൈകളില്‍ സുരക്ഷിതമാണ്. കാവല്‍ക്കാരനാണ്. നിങ്ങള്‍ വോട്ടു തരണം’. അഞ്ചു് വര്‍ഷങ്ങള്‍ ഭരിച്ചിട്ടും പത്തു ലക്ഷത്തിന്റ കോട്ടണിഞ്ഞിട്ടും, ലോകം മുഴുവന്‍ ചുറ്റിയിട്ടും ആശ മാറിയില്ല. മറ്റൊരാള്‍ക്ക് കസേര കൊടുക്കാനും തയ്യാറല്ല. ആ വാക്കുകള്‍ വിടര്‍ന്ന നേത്രങ്ങളോടെ ജനങ്ങള്‍ കേട്ടു. ജനങ്ങള്‍ ഉത്കണ്ഠകുലരും ദുരിതത്തിലുമെന്ന് ഈ പ്രധാനമന്ത്രിയറിഞ്ഞില്ല. അദ്ദേഹം തന്നെ സമ്മതിക്കുന്നു ജനം അരഷിതരാണ്. പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ ഭരിച്ചിട്ടും ജനത്തെ രക്ഷപെടുത്താന്‍ സാധിച്ചില്ല. രക്ഷപെട്ടത് വന്‍കിട കച്ചവട മുതാളിമാരും, മാധ്യമ മുതലാളിമാരും അവര്‍ക്ക് കൂലിപ്പണി ചെയ്ത അധികാരികളുമാണ്.
സാധാരണ ജനം ചോദിക്കുന്നത്. ശാസ്ത്രജ്ഞര്‍ സുരക്ഷിതമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹമിസൈല്‍ പുറം ലോകത്തോട് പറയുമ്പോള്‍ എന്താണ് ഒരു ശാസ്ത്രജ്ഞനെപ്പോലും ആ വേദിയില്‍ കാണാതിരുന്നത്? അത് അവരോടുള്ള അവഗണനയല്ലേ? അവര്‍ കണ്ടത്തിയ ഉപഗ്രഹമിസൈലിനു വോട്ടു ചോദിക്കുന്ന ഒരു പ്രധാനമന്ത്രിയെ ആദ്യമായി കാണുകയാണ്. ഈ വ്യക്തിയാണോ രാജ്യരക്ഷയെപ്പറ്റി പറയുന്നത്? ഒരു കര്‍ഷകന്‍ വിത്തും വളവുമിറക്കി രാപകല്‍ കഷ്ടപ്പെട്ടു വളര്‍ത്തിയെടുത്ത കാര്ഷികവിളവ് ഒരു കൊടുംകാറ്റില്‍ തകരുന്നതുപോലെയായിരുന്നു ഈ ശാസ്ത്രജ്ഞന്മാരുടെ അവസ്ഥ.. വോട്ടിനുവേണ്ടിയുള്ള ഓരോരോ അജണ്ടകള്‍. ഇതുപോലെ ചുട്ടു പഴുപ്പിക്കുന്ന രാഷ്ട്രീയ അജണ്ടകള്‍ കാലാകാലങ്ങളിലായി ഈ കൂട്ടര്‍ ജനമധ്യത്തില്‍ കത്തിക്കാറുണ്ട്. യൂ.പിയെ പോലെ മത ഭ്രാന്തുള്ള, മതത്തിന്റ പേരില്‍ മനുഷ്യനെ കൊല്ലുന്ന സ്ഥലങ്ങളില്‍ ഇതൊക്കെ കുറെ വിജയിക്കും. വിവേകമുള്ള ഒരു ജനം ഒരിക്കലും ഈ അജണ്ടകളില്‍ വിഴുന്നവരല്ല. മതങ്ങളുടെ സനാതനമൂല്യങ്ങളെ തല്ലിത്തകര്‍ത്താണ് മതമേധവിയും രാഷ്ട്രീയ മേധാവിയും അരമനകളില്‍ കൈകോര്‍ക്കുന്നത്. നല്ലൊരു ഭരണകര്‍ത്താവിനെ ജനം കാണേണ്ടത് സംശയത്തോടെ അവിശ്വാസത്തോടെ ആയിരിക്കരുത്.
രാജ്യ രക്ഷ സുരക്ഷിതമായ കൈകളില്‍ ആയിരിന്നിട്ടാണോ നാല്പത് രാജ്യ രക്ഷ ഭടന്മാര്‍ ഭീകരവാദികളാല്‍ കൊല്ലപ്പെട്ടത്? പട്ടാളക്കാരുടെ എത്രയോ താവളങ്ങളില്‍ ഇവര്‍ കടന്നു കയറുന്നു? ആരാണ് ഇവരെ അയച്ചത്? ഇതില്‍ അധികാരത്തിലുള്ളവരുടെ പങ്ക് എന്താണ്? വീരമൃത്വ വരിച്ച തീരാദുഃഖത്തില്‍ കഴിയുന്ന ആ കുടുംബങ്ങള്‍ക്ക് എന്ത് ലഭിച്ചു? ഇതുപോലെ കാശ്മീരില്‍ ദൈനംദിനം സുരക്ഷ ഭടന്മാര്‍ കൊല്ലപ്പെടുകയല്ലേ? എന്നിട്ട് വീമ്പിളക്കുന്നു തന്റെ കൈകളില്‍ രാജ്യ0 സുരക്ഷിതമെന്ന്. ഇതിന് മുന്‍പും ഇതുപോലുള്ള നാടകങ്ങള്‍ രാജ്യ0 കണ്ടിട്ടുണ്ട്. അത് ‘ബുദ്ധന്‍ ചിരിക്കുന്നു ‘ എന്ന പേരില്‍ നടന്ന പൊക്രാന്‍ ആണവ പരീക്ഷണമാണ്. അന്നും സമരങ്ങളാലും മറ്റും രാജ്യ0 പ്രതിസന്ധി നേരിട്ട സമയമായിരുന്നു. മുന്‍പുള്ള പരീക്ഷണങ്ങള്‍, വിജയങ്ങള്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെടുത്തി ആരും രാഷ്ട്രീയ അജണ്ടയായി ചുട്ടുപഴുപ്പിച്ചില്ല. ഈ പരിഷണങ്ങളെ രാഷ്ട്രീയ അജണ്ടയാക്കുന്നത് പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ വേണ്ടി മാത്രമാണ്. രാഷ്ട്രീയത്തിലെ കുതന്ത്രങ്ങള്‍. കര്‍ത്തവ്യബോധമുള്ള ഒരു പ്രധാനമന്ത്രിക്ക് ചേര്‍ന്നതാണോ ഈ വാക്കുകള്‍? അത് അദ്ദേഹത്തെ ദുര്‍ബലനാക്കുക്കുകയല്ലേ ചെയുന്നത്? ഒരു ശാസ്ത പരീക്ഷണത്തില്‍ വിജയിച്ചതിന് അല്ലെങ്കില്‍ മറ്റൊന്നിന് വോട്ടു ചോദിക്കുന്നത് എത്ര ദയനീയമാണ്. ചുരുക്കത്തില്‍ പട്ടാളക്കാരന്റെ രക്തവും, ശാസ്ത്രജ്ഞന്മാരുടെ കഠിനാധ്വാനവും മുദ്രാവാക്യങ്ങളാക്കി വോട്ടുപെട്ടി യന്ത്രം നിറക്കുന്ന ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ്. എന്തുകൊണ്ട് ജീവന്‍ പൊലിയുന്ന ജവാന്മാരുടെ പേരില്‍ വോട്ട് ചോദിക്കുന്നില്ല?
രാജ്യസുരക്ഷ ഒരിക്കലും സമൂഹത്തില്‍ അരക്ഷിതത്വ0 വളര്‍ത്തുന്നവര്‍ക്ക് നടപ്പാക്കാന്‍ സത്യമല്ല. പാവങ്ങളുടെ ഉയര്‍ച്ചക്ക് വേണ്ടി, പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം, ആത്മഹത്യകള്‍, കൈക്കൂലി ഇങ്ങനെ സമൂഹത്തില്‍ ചുട്ടു പൊള്ളുന്ന ധാരാളം വിഷയങ്ങളുണ്ട്. ഇതിനെയൊന്നും തുടച്ചുമാറ്റാനോ, അഭിസംബോധന ചെയ്യാനൊ കരുത്തില്ലാത്തവര്‍ ഏത് പാര്‍ട്ടിക്കാരനായാലും ചുമലിലിരുന്ന് പാവങ്ങളുടെ ചെവി തിന്നുന്നവരാണ്. ഇന്ത്യയെ ലോകത്തെ നാലാമത്തെ മിസൈല്‍വേധ ശക്തിയാക്കി മാറ്റിയത് ഇന്ത്യന്‍ ശാസ്ത്രജ്ഞരാണ്. അവര്‍ക്കാവശ്യം ഭരണത്തിലുള്ളവരുടെ കരുതലും, പിന്തുണയുമാണ്. അവര്‍ക്ക് ചിലവാക്കുന്ന പണം ഇന്ത്യന്‍ ജനതയുടേതാണ് അല്ലാതെ ഒരു ഭരണാധികാരിയുടേതല്ല. അതിനപ്പുറം ശാസ്ത്രജ്ഞന്മാരിലെ ശാസ്ത്രജ്ഞനാകരുത്. വരികള്‍ക്കിടയില്‍ വായിക്കുമ്പോള്‍ എല്ലാം രംഗത്തും കാണുന്ന അധികാരാധിപത്യം ശാസ്ത്ര രംഗത്തും കണ്ടുവരുന്നു.
ഇന്ത്യന്‍ ദേശീയതക്കും ജനാധിപത്യത്തിനും മുറിവുണ്ടായിട്ട് കാലങ്ങള്‍ ഏറെയായി. ആ മുറിവ് ആഴത്തിലാകാതിരിക്കണമെങ്കില്‍ നിലവിലുള്ള വ്യവസ്ഥിതിക്ക് മാറ്റമുണ്ടാകണം. ഒരു മാറ്റവും ആഗ്രഹിക്കാത്ത നമ്മുടെ പരമ്പരാഗതമായ വിശ്വാസം പോലെ നമ്മുടെ ജനാധിപത്യമൂല്യങ്ങള്‍ കാറ്റില്‍ പരത്തുന്നതും അതിലെ സമ്പന്നരായ മുഖംമൂടികളാണ്. ഇവര്‍ പാവങ്ങളുടെ രക്ഷകരായി വേഷംകെട്ടുമെങ്കിലും, ഏതു ജാതി മതത്തില്‍ ജനിച്ചാലും ഇവരുടെ മനസ്സ് സവര്‍ണ്ണ വര്‍ഗ്ഗിയ-ഫാസിസത്തിനൊപ്പമാണ്. ആകാശച്ചെരുവില്‍ നിന്നും വലിച്ചെടുത്തു നാട്ടുകാര്‍ക്ക് കൊടുത്ത ആ ഒരു തുണ്ടു മിസൈല്‍ പാവങ്ങളുടെ വിശപ്പ് അടക്കില്ല. അന്തഃപുരത്തിലെ സുഖഭോഗങ്ങളില്‍ കഴിയുന്നവര്‍ക്ക് ഇനിയും വോട്ട് വേണോ?
Leave a Reply