പത്തനംതിട്ട സ്വദേശിനിയുടെ തൊഴില്‍തട്ടിപ്പിനിരയായവരില്‍ ഏറെയും സ്ത്രീകള്‍. പത്തനംതിട്ട സ്വദേശിനിയും കൊച്ചി പുല്ലേപ്പടിക്ക് സമീപത്തെ ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി’ ഉടമയുമായ കാര്‍ത്തിക പ്രദീപാണ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ സ്ത്രീകളെ കബളിപ്പിച്ചത്. ഇവരില്‍നിന്ന് ലക്ഷക്കണക്കിന് രൂപയും യുവതി തട്ടിയെടുത്തതായും പോലീസ് പറഞ്ഞു.
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തൃശ്ശൂര്‍ സ്വദേശിനിയില്‍നിന്ന് 5.23 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് കാര്‍ത്തിക പ്രദീപിനെ എറണാകുളം സെന്‍ട്രല്‍ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍വര്‍ക്കര്‍ ജോലി ശരിയാക്കിനല്‍കാമെന്നായിരുന്നു കാര്‍ത്തികയുടെ വാഗ്ദാനം. ഇതിനായി പലതവണകളായി 5.23 ലക്ഷം രൂപ യുവതിയില്‍നിന്ന് കൈപ്പറ്റി. ബാങ്ക് അക്കൗണ്ട് വഴിയും ഓണ്‍ലൈന്‍ യുപിഐ ഇടപാടുകളിലൂടെയുമാണ് പണം കൈമാറിയത്. എന്നാല്‍, ജോലി ലഭിക്കാതിരിക്കുകയും സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെയുമാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.
ഡോക്ടറാണെന്ന് അവകാശപ്പെട്ടാണ് കാര്‍ത്തിക പ്രദീപ് പരിചയം സ്ഥാപിച്ചിരുന്നത്. പുല്ലേപ്പടിക്ക് സമീപത്തായിരുന്നു കാര്‍ത്തികയുടെ ‘ടേക്ക് ഓഫ് ഓവര്‍സീസ്’ എന്ന റിക്രൂട്ടിങ് ഏജന്‍സി പ്രവര്‍ത്തിച്ചിരുന്നത്. ഓസ്ട്രേലിയ, ജര്‍മനി, യുകെ, യുക്രൈന് തുടങ്ങിയ രാജ്യങ്ങളിലേക്ക് വിവിധ ജോലികള്‍ തരപ്പെടുത്തിനല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇത്തരം ജോലിവാഗ്ദാനങ്ങളുമായി സാമൂഹികമാധ്യമങ്ങളിലൂടെയും പാതയോരങ്ങളില്‍ വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചും പരസ്യംചെയ്തിരുന്നു.
വിദേശരാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തൊഴിലവസരമുണ്ടെന്നായിരുന്നു കാര്‍ത്തികയുടെ സ്ഥാപനത്തിന്റെ പ്രധാന വാഗ്ദാനം. സോഷ്യല്‍വര്‍ക്കര്‍ ഉള്‍പ്പെടെയുള്ള ജോലികളും വാഗ്ദാനം ചെയ്തിരുന്നു. ഉദ്യോഗാര്‍ഥികളില്‍നിന്ന് മൂന്നുമുതല്‍ എട്ടുലക്ഷം രൂപ വരെയാണ് പ്രതി കൈക്കലാക്കിയിരുന്നത്. ഇവരുടെ കെണിയില്‍വീണവരില്‍ ഏറെയും സ്ത്രീകളായിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് പ്രതി ചെയ്തതെന്നും ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
കാര്‍ത്തിക വിദേശത്ത് എംബിബിഎസ് പഠനം പൂര്‍ത്തീകരിച്ചതായി പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ചില ആശുപത്രികളിലും യുവതി ജോലിചെയ്തിരുന്നു. സാമ്പത്തികതട്ടിപ്പില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ കാര്‍ത്തികയെ കഴിഞ്ഞദിവസം രാത്രി കോഴിക്കോട്ടുനിന്നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന് പുറമേ കോഴിക്കോട്, വടകര, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിലും യുവതിക്കെതിരേ കേസുകളുണ്ട്. സംഭവത്തില്‍ പോലീസിന്റെ വിശദമായ അന്വേഷണം തുടരുകയാണ്.
Leave a Reply