ഈസ്റ്ററിനു തലേന്ന് എറണാകുളം കാരുകുന്നില്‍ പശു ഇറച്ചിയില്‍ മണ്ണുവാരിയിട്ട് അതിക്രമം നടത്തിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ഒളിവില്‍. നാല് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് പത്ത് പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരുന്നത്. അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന സാഹചര്യത്തിലാണ് പ്രതികള്‍ ഒളിവില്‍ പോയതെന്നാണ് സൂചന.
അനി, ശരത്, ബൈജു, ഗിരീഷ് എന്നീ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനും, നാശനഷ്ടമുണ്ടാക്കിയതിനും, അസഭ്യവര്‍ഷം നടത്തിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണെന്നും മതസ്പര്‍ധയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവം വിവാദമായതിനെതുടര്‍ന്ന് ബിജെപി പ്രാദേശികഘടകത്തില്‍ ഭിന്നത രൂക്ഷമാകുകയാണ്. ജില്ലയില്‍ ആര്‍എസ്എസ്സിനും ബിജെപിയ്ക്കും ഏറെ സ്വാധീനമുള്ള സ്ഥലമാണ് കരുമാല്ലൂര്‍ പഞ്ചായത്തിലെ കാരുകുന്ന്. സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പ്രാദേശിക വികാരം എതിരാകുമെന്ന് ഒരുവിഭാഗം വാദിക്കുന്നു. ആക്രമണത്തെ അപലപിച്ച് വിഷയത്തില്‍ നിന്ന് തലയൂരുന്നതാണ് നല്ലതെന്നാണ് മറുവിഭാഗത്തിന്റെ വാദം. നേതൃത്വത്തിന്റെ അറിവോടെയല്ല ആക്രമണം ഉണ്ടായതെന്നായിരുന്നു ബിജെപി കളമശ്ശേരി മണ്ഡലം പ്രസിഡന്റ് പറഞ്ഞത്.
അതിനിടെ, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അതിക്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ബീഫ് വിഷയത്തില്‍ അര്‍എസ്എസ്സിനും ബിജെപിയ്ക്കും കേരളത്തിലടക്കം കൃത്യമായ അജണ്ടയുണ്ടെന്ന് ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. കേരളത്തില്‍ അത് വിലപോകില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് പ്രത്യക്ഷമായ ആക്രമണത്തിലേക്ക് ഇതുവരെ അവര്‍ നീങ്ങാതിരുന്നത്. കരുമാല്ലൂരില്‍ നടന്ന സംഭവം മുളയിലേ നുള്ളി കളയേണ്ട പ്രവണതയാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അടുത്ത ദിവസം കരുമാല്ലൂരില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ദേശീയ, സംസ്ഥാന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെയും സിപിഐഎമ്മിന്റെയും നേതൃത്വത്തില്‍ കാരുകുന്നില്‍ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
ഗര്‍ഭപാത്രവളര്‍ച്ചയില്ലാത്ത പശുവിനെയാണ് ഇറച്ചിയ്ക്കായി കഴിഞ്ഞ ശനിയാഴ്ച അറുത്തത്. സംഘടിച്ചെത്തിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കഷ്ണങ്ങളാക്കി വെച്ചിരുന്ന ഇറച്ചി തട്ടിമറിക്കുകയും അതില്‍ മണ്ണ് വാരിയിട്ട് ഉപയോഗശൂന്യമാക്കുകയുമായിരുന്നു. രോഗം പിടിപെട്ട പശുവിനെ അറുത്തതിനാണ് പ്രതിഷേധമെന്നായിരുന്നു പിന്നീട് പ്രാദേശിക ഘടകം വിശദീകരിച്ചത്. വിഷയത്തില്‍ പ്രതികരിക്കാന്‍ ബിജെപിയുടെ ജില്ലാ-സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല.
Leave a Reply