കാസര്‍കോട് ആറര വര്‍ഷം മുമ്പ് ഭര്‍ത്താവിനെ കൊന്ന് ഭാര്യയും കാമുകനും പുഴയിലെറിഞ്ഞ കേസില്‍ അജ്ഞാത മൃതദേഹം തെളിവായി. കാസര്‍കോട് മൊഗ്രാല്‍ പുത്തൂരില്‍ കൊല്ലപ്പെട്ട മുഹമ്മദ് കുഞ്ഞിയുടെ മൃതദേഹമാണ് പൊലീസ് തിരിച്ചറിഞ്ഞത്. 2012 ഏപ്രിലില്‍ ചന്ദ്രഗിരിപുഴയൊരത്ത് അടിഞ്ഞ അജ്ഞാത മൃതദേഹം മുഹമ്മദ് കുഞ്ഞിയുടേതാണെന്നുള്ള സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ജില്ലയില്‍ തെളിയാതെ കിടന്ന കേസുകളുടെ പുനരന്വേഷണത്തിന് എസ് പി നിയോഗിച്ച ഡിവൈഎസ്പി ജെയ്സണ്‍ എബ്രഹാമിന്‍റെ സ്ക്വാഡാണ് ആറരവര്‍ഷത്തിനുശേഷം ആസൂത്രിതമായി നടപ്പിലാക്കിയ കൊലക്കേസ് തെളിയിച്ചത്.

കേരള പൊലീസിന്റെ സമീപകാല ചരിത്രത്തിലെങ്ങും കേട്ടുകേള്‍വിയില്ലാത്ത വിധം സസ്പെന്‍സുകള്‍ നിറഞ്ഞതാണ് മുഹമ്മദ് കുഞ്ഞിയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം. 2012 മാര്‍ച്ചിലാണ് മുഹമ്മദ് കുഞ്ഞിയെ ഭാര്യ സക്കീന കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് മൃതദേഹം വീടിനു മുന്നിലൂടെ ഒഴുകുന്ന ചന്ദ്രഗിരിപ്പുഴയില്‍ എറിഞ്ഞു. ഡിസിഅര്‍ബി ഡിവൈഎസ്പി ജെയ്സണ്‍ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇത്രയും കാര്യങ്ങള്‍ കണ്ടെത്തി. എന്നാല്‍ ആറരവര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ പ്രതികളുടെ കുറ്റസമ്മതമൊഴിക്കപ്പുറമുള്ള തെളിവുകളെക്കുറിച്ച് വ്യക്തമാക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തതെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ശേഖരിക്കാന്‍ കഴിയുമെന്നും പൊലീസ് കരുതുന്നു. 2012 ഏപ്രില്‍ ഏഴിന് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ചന്ദ്രഗിരിപ്പുഴയുടെ ഒരു ഭാഗത്തു നിന്ന് പുരുഷന്റെ അജ്ഞാത മൃതദേഹം ലഭിച്ചിരുന്നു. അന്വേഷം നടത്തിയെങ്കിലും മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം കണ്ണൂര്‍ പയ്യമ്പലത്താണ് ഈ മൃതദേഹം സംസ്കരിച്ചു.

മുഹമ്മദ് കുഞ്ഞിയുടെ തിരോധാനം കൊലപാതകമാണെന്ന സുചന ലഭിച്ചതോടെ സംഭവസമയത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. ലഭിച്ച പട്ടികയില്‍ നിന്ന് ചന്ദ്രഗിരിപ്പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തെ കേന്ദ്രീകരിച്ചായി പിന്നീടുള്ള അന്വേഷണം. അഴുകിയ മൃതദേഹത്തില്‍ നിന്ന് ചുവന്ന നൂലുകെട്ടിയ ഒരു ഏലസ് ലഭിച്ചിരുന്നു. കൊല്ലപ്പെടുന്ന സമയത്ത് മുഹമ്മദ് കുഞ്ഞിയും ഇതുപോലൊരു ഏലസ് ധരിച്ചിരുന്നതായി സക്കീനയുടെ മൊഴിയില്‍ നിന്നു വ്യക്തമായി.

ഇതോടെ ഈ മൃതദേഹം മുഹമ്മദ് കുഞ്ഞിയുടേതാണെന്ന് പൊലീസ് ഏറെക്കുറെ ഉറപ്പിച്ചു. മൃതദേഹത്തിലുണ്ടായിരുന്ന ഏലസ് ഇപ്പോള്‍ കാഞ്ഞങ്ങാട് കോടതിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയശേഷം ഇതു സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ആവശ്യമെങ്കില്‍ കൂടുതല്‍ ശാസ്ത്രിയ പരിശോധനകളും നടത്തും. എന്നാല്‍ പലഘട്ടങ്ങളായി നടത്തിയ ചോദ്യം ചെയ്യലില്‍ ഒരിക്കല്‍ പോലും പതറാതെ പിടിച്ചു നിന്ന സക്കീനയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താലും രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോയെന്ന കാര്യത്തിലും പൊലീസിന് ആശങ്കയുണ്ട്.

സംഭവം നടന്ന വാടക ക്വാര്‍ട്ടേഴ്സിലെ മുറിയില്‍ ഫൊറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ രക്തത്തിന്റെ അംശം ലഭിച്ചതും അന്വേഷണസംഘത്തിന് ആത്മവിശ്വാസം പകരുന്നു. കുറ്റസമ്മതമൊഴിയും, സാഹചര്യതെളിവുകളും മാത്രം ആശ്രയിച്ച് തയാറാക്കുന്ന കുറ്റപത്രം കോടതിയില്‍ എത്തിയാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന കാര്യത്തില്‍ ആശങ്ക ഉയരുന്ന ഘട്ടത്തിലാണ് പഴുതടച്ചുള്ള അന്വേഷണം ശ്രദ്ധേയമാകുന്നത്. രണ്ടാം പ്രതിയും സക്കീനയുടെ കാമുകനുമായ ഉമ്മര്‍ ഒരു ഘട്ടത്തില്‍ പൊലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശമനുസരിച്ച് മുഹമ്മദ് കുഞ്ഞിയുടെ തിരോധാനം പുനരന്വേഷിക്കാന്‍ തീരുമാനിച്ച ശേഷ അന്വേഷണസംഘം ഉമ്മറിനെ ബന്ധപ്പെട്ടെങ്കിലും മുഹമ്മദ് കുഞ്ഞി ജീവിച്ചിരിക്കുന്നുണ്ടെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇയാള്‍ നടത്തിയത്. പൊലീസും ഈ നിലപാടുകള്‍ ശരിവയ്ക്കുന്നതായി നടിച്ചു.

മുഹമ്മദ് കുഞ്ഞിയുെട കൊലപാതകം സംബന്ധിച്ചുള്ള ഏകദേശചിത്രം ലഭിച്ച ശേഷമാണ് അന്വേഷണസംഘം സക്കീനയെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റസമ്മതം നടത്തുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനൊപ്പം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്. കൊലയ്ക്കുപയോഗിച്ച ഷാള്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനും അന്വേഷണസംഘം ആദ്യം ശ്രമിക്കുക. മുഹമ്മദ് കുഞ്ഞിയുടെ തിരോധാനം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ തുമ്പില്ലാതെ അവസാനിപ്പിച്ച കൂടുതല്‍ കേസുകള്‍ വിശദമായ അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.