തിങ്കളാഴ്ച രാത്രി ഉമ്മയോടൊപ്പം ഒരുമിച്ച് ഒരു കട്ടിലിൽ കിടന്നുറങ്ങിയ ലിയാന ഫാത്തിമയും സഹോദരി ലുബാന ഫാത്തിമയും (ആറു മാസം) ചൊവ്വാഴ്ച വൈകീട്ട് ഉമ്മയെ തനിച്ചാക്കി ഖബറിലെ ആറടി മണ്ണിൽ എെന്നന്നേക്കുമായി അന്തിയുറങ്ങി. മാതാക്കുളം പുന്നത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിലായിരുന്നു ആ അന്ത്യനിദ്ര. പള്ളിക്കൽ മാതാകുളത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മരിച്ച സഹോദരങ്ങളുടെ മൃതദേഹം ഒരുമിച്ച് ഒരു ഖബറിൽ ഖബറടക്കിയപ്പോൾ നാടിെൻറ നെഞ്ചകം തേങ്ങി. കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലെ പോസ്റ്റ്മോർട്ട ശേഷം വൈകീട്ടോടെയാണ് ഖബറടക്കം നടന്നത്. മാതാവ് മാതാകുളം മുണ്ടോട്ടുപുറം ചോനാരി സുമയ്യയോടൊപ്പം കട്ടിലിൽ ഉറങ്ങിക്കിടക്കവേയാണ് ഇരുവരെയും മരണം തട്ടിയെടുത്തത്.
വലിയ ശബ്ദം കേട്ട് സുമയ്യയുടെ സഹോദരി അയൽവാസികളെ വിവരമറിയിച്ചതിനെതുടർന്ന് മണ്ണ് മാറ്റിയാണ് കുട്ടികളെ പുറത്തെടുത്തത്. അപകടസമയത്ത് സുമയ്യയുടെ പിതാവ് മുഹമ്മദ് കുട്ടി, മാതാവ് ഫാത്തിമ, ഇവരുടെ സഹോദരി ജമീല, മുഹമ്മദ് കുട്ടിയുടെ മറ്റൊരു മകള്‍ ഹഫ്സത്ത് എന്നിവരും വീട്ടിലുണ്ടായിരുന്നു. മണ്ണിടിച്ചിലിൽ വീടിെൻറ ഒരു മുറി മാത്രമാണ് തകർന്നത്. കുട്ടികളുടെ പിതാവ് അബൂബക്കര്‍ സിദ്ദീഖ് കാസർകോട്ട് ബേക്കറി ജീവനക്കാരനാണ്. തറവാട് വീടിന് തൊട്ടടുത്ത് പുതിയ വീടിെൻറ നിർമാണം നടക്കുന്നതിനാൽ കുറച്ച് കാലമായി സുമയ്യയും മക്കളും തറവാട് വീട്ടിലാണ് താമസം. മക്കളെയും കൂട്ടി പുതിയ വീട്ടിലേക്ക് താമസം മാറണമെന്ന ആഗ്രഹത്തിനിടെയാണ് മാറോട് ചേർത്ത് വളർത്തിയ രണ്ട് മക്കളും മരണത്തിലേക്ക് വീണത്.
Leave a Reply