മഞ്ചേശ്വരത്ത് കാണാതായ അധ്യാപികയുടെ അഴുകിത്തുടങ്ങിയ മൃതദേഹം കടപ്പുറത്ത്; തലമുടി മുറിച്ചുനീക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ, ദുരൂഹതകളും….

മഞ്ചേശ്വരത്ത് കാണാതായ അധ്യാപികയുടെ അഴുകിത്തുടങ്ങിയ മൃതദേഹം കടപ്പുറത്ത്; തലമുടി മുറിച്ചുനീക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ, ദുരൂഹതകളും….
January 19 06:22 2020 Print This Article

മഞ്ചേശ്വരത്ത് മൂന്നു ദിവസം മുന്‍പു കാണാതായ അധ്യാപികയെ ദുരൂഹസാഹചര്യത്തില്‍ കടപ്പുറത്തു മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം ചന്ദ്രകൃപയിലെ എ ചന്ദ്രശേഖരന്റെ ഭാര്യ ബി കെ രൂപശ്രീയുടെ (44) മൃതദേഹമാണ് കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയില്‍ കുമ്പള കോയിപ്പാടി കടപ്പുറത്തു കിടന്നിരുന്ന മൃതദേഹത്തിന്റെ തലമുടി മുറിച്ചുനീക്കിയ നിലയിലായിരുന്നു. ഒരാള്‍ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നു രൂപശ്രീ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

മിയാപദവ് എസ്വിഎച്ച്എസ്എസിലെ അധ്യാപികയായ രൂപശ്രീയെ ജനുവരി 16നാണ് കാണാതായത്. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് ഇറങ്ങിയ രൂപശ്രീ ഹൊസങ്കടിയില്‍ സഹപ്രവര്‍ത്തകയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും, മകള്‍ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്‌കൂളിലും എത്തിയിരുന്നു. വൈകിട്ടു വീട്ടിലെത്താത്തതിനാല്‍ രൂപശ്രീയുടെ രണ്ടു ഫോണുകളിലും വിളിച്ചെങ്കിലും ഒരെണ്ണം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. രണ്ടാമത്തെ ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നെങ്കിലും എടുത്തില്ല. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷിക്കുന്നതിനിടയില്‍ രൂപശ്രീയുടെ സ്‌കൂട്ടര്‍ ഹൊസങ്കടിയില്‍ നിന്നു 2 കിലോമീറ്റര്‍ അകലെ ദുര്‍ഗിപള്ളത്തെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

കടപ്പുറത്ത് കൂടി നടന്നുപോവുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടത്. വിവാഹമോതിരം വച്ചാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം കണ്ടെത്തിയതിനു ശേഷവും രണ്ടാമത്തെ ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് അതിന്റെ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ അതും ഓഫായി. ഫോണ്‍ ഉപേക്ഷിച്ചതാകാമെന്നാണു പൊലീസിന്റെ നിഗമനം. പരേതനായ കൃഷ്ണ ഭണ്ഡാരിയുടെയും എല്‍ഐസി ഏജന്റ് ലീലാവതിയുടെയും മകളാണ് രൂപശ്രീ. മഞ്ചേശ്വരം സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരനാണു ഭര്‍ത്താവ് ചന്ദ്രശേഖരന്‍. മക്കള്‍: കൃതിക്, കൃപ. സഹോദരങ്ങള്‍: ദീപ, ശില്‍പ.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles