ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- തന്റെ ആരോഗ്യത്തെ സംബന്ധിച്ച് ഉണ്ടായിരുന്ന ആശങ്കകൾക്ക് അന്ത്യം കുറിയ്ക്കാനാണ്, തന്റെ മക്കളോടൊപ്പം ഇരിക്കുന്ന ചിത്രം കെയ്റ്റ് രാജകുമാരി പുറത്ത് വിട്ടത്. എന്നാൽ ഇപ്പോൾ ആ ചിത്രം കൂടുതൽ വിവാദങ്ങളും ആശങ്കകളും ആണ് ഉണ്ടാക്കിയിരിക്കുന്നത്. ചിത്രത്തിൽ കൃത്രിമത്വം ഉണ്ടെന്ന കണ്ടെത്തൽ മൂലം ഒന്നിലധികം ആഗോള വാർത്താ ഏജൻസികൾ ആണ് ചിത്രം പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്നത്. യു കെയിൽ മാതൃദിനത്തോടനുബന്ധിച്ച് കെൻസിംഗ്ടൺ പാലസാണ് ഞായറാഴ്ച രാവിലെ ദമ്പതികളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ചിത്രം പുറത്തുവിട്ടത്. സാധാരണ റോയൽ കുടുംബത്തിലെ ചിത്രങ്ങൾ പുറത്തുവിടുന്നത് പോലെ, വാർത്താ ഏജൻസികൾക്കും ഒരേസമയം ഈ ചിത്രം പുറത്തുവിട്ടിരുന്നു. എന്നാൽ ചിത്രത്തിൽ കൃത്രിമത്വം ഉണ്ടെന്ന കണ്ടെത്തലാണ് വിവാദങ്ങളിലേക്ക് വഴിതെളിച്ചത്. എഡിറ്റോറിയൽ മാനദണ്ഡങ്ങൾ ചിത്രം പാലിക്കുന്നില്ലെന്ന കാരണത്തെ തുടർന്ന്, അന്താരാഷ്ട്ര വാർത്താ ഏജൻസികൾ ചിത്രം പ്രചരിപ്പിക്കാൻ വിസമ്മതിച്ചതിനാൽ ഇത് കൂടുതൽ വിവാദങ്ങളിലേക്ക് എത്തി. എന്നാൽ സംഭവത്തിൽ കെയ്റ്റ് രാജകുമാരി മാപ്പ് പറഞ്ഞിരിക്കുകയാണ്.
പല അമേച്വർ ഫോട്ടോഗ്രാഫർമാരെയും പോലെ, താൻ ഇടയ്ക്കിടെ എഡിറ്റിംഗിൽ പരീക്ഷണം നടത്താറുണ്ടെന്നും, കഴിഞ്ഞ ദിവസം പങ്കിട്ട കുടുംബ ഫോട്ടോയിൽ ആശയക്കുഴപ്പം ഉണ്ടായതിൽ താൻ ക്ഷമാപണം നടത്താൻ ആഗ്രഹിക്കുന്നതായും അവർ വ്യക്തമാക്കി. രണ്ടുമാസം മുൻപ് നടന്ന ഉദര ശസ്ത്രക്രിയയ്ക്ക് ശേഷം കെയ്റ്റ് പുറത്തുവിട്ട ആദ്യ ഫോട്ടോയായിരുന്നു ഇത്. ശസ്ത്രക്രിയയ്ക്ക് ശേഷം കെയ്റ്റ് ഇതുവരെ പൊതു ചടങ്ങിൽ ഒന്നും തന്നെ പങ്കെടുത്തിരുന്നില്ല. എന്നാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന പുതിയ വിവാദം, കെയ്റ്റിനെ പൊതു സമൂഹത്തിലേക്ക് വരുവാൻ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതാണ്.
Leave a Reply